പാലക്കാട്: വടക്കഞ്ചേരിയിൽ 9 പേർ മരിച്ച അപകടത്തിനു കാരണമായതു ടൂറിസ്റ്റ് ബസിന്റെ അമിതവേഗം തന്നെയെന്നു മോട്ടർവാഹന വകുപ്പിന്റെ റിപ്പോർട്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിനോദയാത്രയ്ക്കു മുൻപു മോട്ടർവാഹന വകുപ്പിനെ അറിയിച്ചു നിർബന്ധമായും വാഹനപരിശോധന നടത്തണമെന്ന ശുപാർശയും എൻഫോഴ്സ്മെന്റ് ആർടിഒ ട്രാൻസ്പോർട്ട് കമ്മിഷണർക്കു കൈമാറിയ അന്തിമ റിപ്പോർട്ടിലുണ്ട്.
/sathyam/media/post_attachments/MLUROiInPB5CtpYZZJkw.jpg)
അപകടം നടക്കുമ്പോൾ മണിക്കൂറിൽ 97.7 കിലോമീറ്റർ വേഗത്തിലായിരുന്നു ടൂറിസ്റ്റ് ബസ്. യാത്ര പുറപ്പെട്ടതു മുതൽ മണിക്കൂറിൽ 84.2 കിലോമീറ്ററായിരുന്നു ശരാശരി വേഗം. കെഎസ് ആർടിസി ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതാണു ടൂറിസ്റ്റ് ബസ് ഇടിക്കാൻ കാരണമെന്ന വിവരം ശാസ്ത്രീയമായി തെളിയിക്കാനായില്ല.
വാളയാർ – വടക്കഞ്ചേരി റോഡിൽ അപകടം കുറയ്ക്കുന്നതിനുള്ള ശുപാർശകൾ എൻഫോഴ്സ്മെന്റ് ആർടിഒ ജില്ലാ കലക്ടർക്കു കൈമാറിയിട്ടുണ്ട്.
നിർദേശങ്ങൾ ഇങ്ങനെ:
∙ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും കടക്കാൻ ദേശീയപാതയിൽ പലയിടത്തും ഡിവൈഡറുകൾക്കിടയിൽ വിടവുകളുണ്ട്. അലക്ഷ്യമായി ഇതുവഴി കടക്കുമ്പോൾ റോഡിലൂടെ വരുന്ന വാഹനങ്ങൾ ഇടിക്കുന്നു. അത്യാവശ്യമല്ലാത്ത വിടവുകൾ അടയ്ക്കണം.
∙ റോഡിൽ പലയിടത്തും വെളിച്ചമില്ല. ദേശീയപാത അതോറിറ്റിയുടെ നിബന്ധനപ്രകാരം ജനവാസമേഖലകളിലാണു വഴിവിളക്കുകൾ വേണ്ടത്. റോഡ് നിർമാണം ആരംഭിച്ച സമയത്തു ജനവാസമില്ലാത്ത പല സ്ഥലങ്ങളിലും ഇപ്പോൾ വീടുകളും കെട്ടിടങ്ങളുമുണ്ട്. ജനവാസകേന്ദ്രങ്ങൾ പുനർനിർണയിച്ചു വഴിവിളക്കുകൾ സ്ഥാപിക്കണം.
∙ ഡിവൈഡറുകൾ, വരമ്പുകൾ, കലുങ്കുകളുടെ കെട്ടുകൾ എന്നിവയോടു ചേർന്നു മുന്നറിയിപ്പു നൽകുന്ന റിഫ്ലക്ടറുകൾ സ്ഥാപിക്കണം. ഇങ്ങനെയുള്ള 37 സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us