ചക്കക്കുരു കൊണ്ട് എന്തൊക്കെയുണ്ടാക്കാം ....?ലോക്ക് ഡൗണ്‍ കാലത്ത് അറിയാം പാപ്പുവിന്‍റെ പുത്തന്‍ വിഭവങ്ങള്‍

New Update

ചക്കക്കുരു കൊണ്ട് എന്തൊക്കെയുണ്ടാക്കാം ....? ചക്കക്കുരു തോരൻ, ചക്കക്കുരുവും മാങ്ങയും ഒഴിച്ചു കറി, പരമാവധി ചക്കക്കുരു ജ്യൂസും, പായസവും വരെ നമ്മൾ പറഞ്ഞേക്കും.എന്നാൽ ഇതൊന്നുമല്ല ചക്കക്കുരു വിഭവങ്ങൾ. മേലുകാവു മറ്റം കോഴിക്കുന്നേൽ പാപ്പുവിന്റെ വീട്ടിലേയ്ക്കൊന്നു ചെല്ലണം; ചക്കക്കുരു പത്തിരി , ചക്കക്കുരു ദോശ, ചക്കക്കുരു പുട്ട്, ചക്കക്കുരു ഇഡ്ഡലി, ചക്കക്കുരു ഉള്ളി വട..... തുടങ്ങി കുരുകൊണ്ടു തന്നെ ഇരുപതോളം വിഭവങ്ങൾ!

Advertisment

publive-image

ഇതുകൊണ്ടും തീരുന്നില്ല പാപ്പുവിന്റെ ചക്കപ്പലഹാര കൈപ്പുണ്യം. ചക്കപ്പഴം ബോണ്ട, ചക്കപ്പഴം പൂരി, ചക്കപ്പഴം റോസ്റ്റ്, ചക്ക ബിരിയാണി തുടങ്ങി പതിനഞ്ചോളം സ്വാദിഷ്ടമായ വിഭവങ്ങൾ വേറെയും. മുൻകൂട്ടി അറിയിച്ചിട്ടു ചെന്നാൽ ചക്കയുടെ ലഭ്യത അനുസരിച്ച് ഇവ ഉണ്ടാക്കി നൽകാനും പാപ്പു തയ്യാർ.

റബ്ബർ ടാപ്പിംഗും അൽപ്പം സ്ഥലക്കച്ചവട ബ്രോക്കറിംഗുമൊക്കെയായി ഉപജീവനം നടത്തുന്ന പാപ്പു, കോവിഡിന്റെ ലോക് ഡൗൺ കാലത്താണ് ചക്ക ഉൽപ്പന്നങ്ങൾ, പ്രധാനമായും ചക്കക്കുരു ഭക്ഷണ വ്യത്യസ്തതകളിലേക്ക് തിരിഞ്ഞത്.

ഭാര്യ മിനിയും എഞ്ചിനീയറായ മൂത്ത മകൻ ലിജുവും ഗായകനായ ഇളയ മകൻ ലിബിനും സഹായവുമായി കൂടിയതോടെ ദിവസം നാലു വരെ പുതിയ ചക്കക്കുരു വിഭവങ്ങൾ കോഴിക്കുന്നേലെ തീൻമേശയിൽ നിരന്നു.

പരീക്ഷണാടിസ്ഥാനത്തിൽ സ്വയം തയ്യാറാക്കി കഴിച്ച് ഗുണവും സ്വാദും ബോധ്യപ്പെട്ട ശേഷം ഇത്തരം പുത്തൻ അറിവുകൾ മറ്റുള്ളവർക്കു പങ്കുവെയ്ക്കുവാനും പാപ്പുവും കുടുംബവും തയ്യാറായി. ചക്കക്കുരു കയ്യിലെടുക്കുമ്പോൾ മുതലുള്ള കൃത്യമായ പാചകകാര്യങ്ങൾ വിവരിച്ചുകൊണ്ടുള്ള "പാപ്പു വ്ളോഗ്സ് മലയാളം " (Pappu Vlogs Malayalam ) യു ട്യൂബ് ചാനലും ഇന്ന് ഹിറ്റാണ്. വാട്സപ്പിലും ഫേയ്സ്ബുക്കിലും പാപ്പുവിന്റെ ഭക്ഷ്യവിഭവ നിർമ്മാണ രീതികൾ ചൂടോടെ പറക്കുകയാണ്.

" കോവിഡ് കാലത്ത് ഒന്ന് രണ്ട് ദിവസം വീട്ടിലിരുന്നതോടെയാണ് ചക്കയുടെയും ചക്കക്കുരുവിന്റേയും പുതിയ സാധ്യതകളിലേക്ക് ശ്രദ്ധ തിരിഞ്ഞത്. അങ്ങനെയാണ് പാചക പരീക്ഷണം തുടങ്ങിയത് " _ പാപ്പു പറഞ്ഞു.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി തേനീച്ച കർഷകൻ കൂടിയായ ഇദ്ദേഹം വ്യത്യസ്ത തേൻ ഉല്പന്നങ്ങൾ ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ. മരിച്ചീനി കർഷകരെ ബുദ്ധിമുട്ടിക്കുന്ന പന്നി എലിയെ പിടികൂടാനുള്ള ജൈവ കെണി, കരിങ്കോഴി മുട്ട കൊണ്ടുള്ള വെറൈറ്റികൾ ..... തുടങ്ങിയവയും പാപ്പുവിന്റെ ക്രഡിറ്റിലുണ്ട്.

തന്റെ യുട്യൂബ് ചാനൽ കണ്ട് പാചകത്തിന് ഒരുങ്ങുന്നവർക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാൻ ഏതു നിമിഷവും പാപ്പു റെഡിയാണ്. ഫോൺ - 9447 149138

papu spl dishes
Advertisment