ഏറെ ആഗ്രഹിച്ച്‌ അധ്യാപിക ജോലി കിട്ടി; സഹോദരനൊപ്പം ചേരാന്‍ പോകവേ അപകടം; പരിയാരത്തെ അപകടത്തില്‍ കുടുംബത്തിന് നഷ്ടമായത് രണ്ടു മക്കളെ

New Update

publive-image

പിലാത്തറ: പരിയാരത്തുണ്ടായ അപകടത്തില്‍ സഹോദരങ്ങളുടെ വേര്‍പാടിന്റെ നോവലാണ് കുടുംബം. ഏറെ ആഗ്രഹിച്ച്‌ കിട്ടിയ ജോലിയ്ക്കായി ചേരാന്‍ പോകും വഴിയാണ് സഹോദരങ്ങള്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്.

Advertisment

പരിയാരം പാച്ചേനി വീരന്‍മുക്കില്‍ താമസിക്കുന്ന ബക്കളം സ്വദേശി അക്കരമ്മല്‍ ലക്ഷ്മണന്റെയും പി.വി. ഭാനുമതിയുടെയും മക്കളായ എ. സ്‌നേഹ (24), എ. ലോഭേഷ് (34) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായി ജോലിയില്‍ ചേരാന്‍ പോകുംവഴി ആയിരുന്നു ഇരുവരും അപകടത്തില്‍പ്പെട്ടത്.

ദേശീയപാതയില്‍ വിളയാങ്കോട് അലക്യംപാലം പെട്രോള്‍ പമ്ബിനടുത്ത് വ്യാഴാഴ്ച രാവിലെ ഏഴിനാണ് അപകടം. മഞ്ചേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു ഗസ്റ്റ് അധ്യാപികയായി സ്‌നേഹയ്ക്ക് നിയമനം ലഭിച്ചിരുന്നു. സ്‌കൂളിലേക്കുള്ള യാത്രയില്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ബൈക്കില്‍ പോകവെയാണ് അപകടം.

ദേശീയപാതയില്‍ റോഡരികില്‍ രൂപപ്പെട്ട വെള്ളക്കെട്ടിനടുത്ത് എതിര്‍വശത്തുനിന്ന് ബസ് വരുന്നത് കണ്ട് ബൈക്ക് നിര്‍ത്തിയിരുന്നു. കോഴികളെ കയറ്റിയ പിക്കപ്പ് വണ്ടി അമിതവേഗത്തില്‍ എത്തി നിര്‍ത്തിയ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ബൈക്കുമായി സഹോദരങ്ങള്‍ വെള്ളക്കെട്ടില്‍ വീണു. മുകളിലേക്ക് പിക്കപ്പ് വാന്‍ മറിയുകയും ചെയ്തു.

വണ്ടിക്കടിയില്‍പ്പെട്ട ഇവരെ സ്ഥലത്തെത്തിയ പോലീസ് പട്രോളിങ് സംഘത്തിലുണ്ടായിരുന്ന ചെറുപുഴ എസ്.ഐ. മനോജ് കാനായിയും സംഘവും ഓടിക്കൂടിയ നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്. യുവതി സംഭവസ്ഥലത്തും സഹോദരന്‍ ആസ്പത്രിയിലുമാണ് മരിച്ചത്. കാര്‍പ്പെന്റര്‍ തൊഴിലാളിയാണ് ലോഭേഷ്. സഹോദരി: ലോഭ.

Advertisment