രാജ്യത്തെ നിലവിലെ കോവിഡ് പ്രതിസന്ധിക്കു കാരണം ഒന്നാം തരംഗത്തിൽ സർക്കാരും ജനങ്ങളും ഉദ്യോഗസ്ഥരും കാണിച്ച അലംഭാവം; കേന്ദ്രത്തെ വിമർശിച്ച് ആർഎസ്എസ്

നാഷണല്‍ ഡസ്ക്
Saturday, May 15, 2021

നാഗ്പുര്‍: കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. നിലവിലെ കോവിഡ് പ്രതിസന്ധിക്കു കാരണം ഒന്നാം തരംഗത്തിൽ സർക്കാരും ജനങ്ങളും ഉദ്യോഗസ്ഥരും കാണിച്ച അലംഭാവമാണെന്ന് മോഹൻ ഭാഗവത് പറഞ്ഞു.

രണ്ടാം തരംഗം വരുന്നുവെന്ന് നമുക്കെല്ലാം അറിയാമായിരുന്നു. ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയതാണ്. എന്നിട്ടും നാം അശ്രദ്ധ പ്രകടമാക്കി. മൂന്നാം തരംഗം വരുന്നുവെന്നാണ് അപ്പോള്‍ പറയുന്നത്. അതുകേട്ട് നമ്മള്‍ ഭയന്നിരിക്കണോ? അതോ ശരിയായ സമീപനം സ്വീകരിച്ച് കോവിഡിനെ പൊരുതി തോല്‍പ്പിക്കണോ? കോവിഡിനെ പ്രതിരോധിക്കാൻ യുവാക്കൾക്ക് ആത്മവിശ്വാസം നൽകുന്നതിനായി ആർഎസ്എസ് സംഘടിപ്പിച്ച ‘പോസിറ്റിവിറ്റ് അൺലിമിറ്റഡ്’ എന്ന പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം ഭാവിയെ മുന്നില്‍ക്കണ്ട് മുന്നേറണമെന്ന് ഭാഗവത് അഭിപ്രായപ്പെട്ടു. ഇന്നത്തെ അനുഭവങ്ങളില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയണം. ഇന്ന് സംഭവിച്ച തെറ്റുകളില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട്, മൂന്നാം തരംഗത്തെ നേരിടാനുള്ള ആത്മവിശ്വാസം നേടാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു.

×