കോഴിക്കോട്: ശ്രീനാരായണ ഗുരുദേവ ദർശനം വിദ്യാലയങ്ങളിലും സർവകലാശാലകളിലും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും ഗുരുദേവൻ രചിച്ച സർവമത പ്രാർത്ഥനാ ഗീതമായ ദൈവ ദശകം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രാർത്ഥനാ ഗീതമാക്കണമെന്നും കാസർഗോഡ് കേന്ദ്ര സർവകലാശാലക്ക് ഗുരുദേവൻ്റെ നാമം നൽകണമെന്നും ആവശ്യപ്പെട്ട് എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ ഭാരവാഹികൾ മിസ്സോറാം ഗവർണർ പിഎസ് ശ്രീധരൻപിള്ള മുഖേന പ്രധാനമന്ത്രിക്ക് നിവേദനം നൽകി.
ശ്രീനാരായണീയ സമൂഹത്തിൻ്റെ മാത്രമല്ല മുഴുവൻ കേരളീയരുടെയും അഭിലാഷമാണ് ഈ നിവേദനത്തിൽ പ്രതിഫലിക്കുന്നതെന്നും ദൈവദശകം മിസോ ഭാഷയിൽ തർജ്ജമ ചെയ്ത് രാജ്ഭവനിൽ വെച്ച് പ്രകാശനം ചെയ്യാൻ മുൻകയ്യെടുത്തതാൻ നിവേദനത്തിൽ ഉന്നയിച്ച കാര്യങ്ങൾ സഗൗരവം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും നിവേദനം ഏറ്റ് വാങ്ങിക്കൊണ്ട് മിസ്സോറാം ഗവർണർ പ്രസ്താവിച്ചു.
എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ പ്രസിഡൻ്റ് ഷ നൂബ് താമരക്കുളം സെക്രട്ടറി സുധീഷ് കേശവപുരി യൂണിയൻ ഭാരവാഹികളായ അഡ്വ. എം രാജൻ, വി സുരേന്ദ്രൻ, മുരളീധരൻ കോട്ടൂളി എന്നിവർ നിവേദകസംഘത്തിന് നേതൃത്വം നൽകി.