തിരുവനന്തപുരം: പെട്രോള്‍-ഡീസല്‍ വിലയുടെ മൂല്യവര്‍ധിത നികുതി ( വാറ്റ്) കുറയ്ക്കാത്തതിന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ന്യായവാദം പറഞ്ഞിരുന്നത് രാജസ്ഥാനില്‍ നികുതി കുറച്ചില്ല എന്നതായിരുന്നു. എന്നാല്‍ ഇന്നലെ അര്‍ധരാത്രി മുതല്‍ രാജസ്ഥാനിലെ അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍ വാറ്റ് നികുതി കുറച്ചു. ഇതോടെ പെട്രോളിന് നാലു രൂപയും ഡീസലിന് അഞ്ചു രൂപയുമാണ് ലിറ്ററില്‍ കുറയുക.
നേരത്തെ കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചതോടെ സംസ്ഥാനങ്ങളും നികുതി കുറച്ച് ആശ്വാസം പകരണമെന്ന ആഹ്വാനം നടത്തിയിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വലിയ തോതില്‍ നികുതി കുറച്ചതോടെ പല സംസ്ഥാനങ്ങളിലും പെട്രോള്‍ വില 100നും ഡീസല്‍ വില 85നും താഴെ ആയിരുന്നു. എന്നാല്‍ കേരളത്തില്‍ നികുതി കുറയ്ക്കാന്ഡ സംസ്ഥാനം തയ്യാറായില്ല.
ഇതിന് കേരളം എടുത്ത് പറഞ്ഞിരുന്നത് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനും പഞ്ചാബും വാറ്റ് കുറച്ചില്ല എന്നായിരുന്നു. പഞ്ചാബ് ആദ്യം തന്നെ നികുതി കുറച്ചിരുന്നു. അപ്പോള്‍ അതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാലാണന്നെും രാജസ്ഥാന്‍ കുറയ്ക്കുന്നില്ലല്ലോ എന്നുമാണ് കേരള ധനമന്ത്രി ചോദിച്ചിരുന്നത്.
എന്നാല്‍ ഇപ്പോള്‍ രാജസ്ഥാനും നികുതി കുറച്ച പശ്ചാത്തലത്തില്‍ കേരളം എന്തു ചെയ്യുമെന്ന ചോദ്യം ബാക്കിയാകുകയാണ്. എന്തിനും ഏതിനും മറ്റു സംസ്ഥാനങ്ങളെ കാണിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന മന്ത്രിമാരോട് നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.
രാജസ്ഥാനില്‍ നികുതി കുറയ്ക്കുമോയെന്ന ചോദ്യം ഉയര്‍ത്തുന്ന ധനമന്ത്രി ബാലഗോപാലിനോട് രാജസ്ഥാനിലെ ജനങ്ങളുടെ വോട്ടല്ല, മറിച്ച് കൊല്ലത്തെ പാവങ്ങളുടെ വോട്ട് വാങ്ങിയാണ് ജയിച്ചതെന്നാണ് സാമൂഹ്യമാധ്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്. രാജസ്ഥാന്‍ നികുതി കുറച്ചതോടെ കേരളം കുറയ്ക്കണമെന്ന ആവശ്യക്കാരും ഉണ്ട്.
എന്നാല്‍ ഇതൊന്നും അറിഞ്ഞ മട്ട് സംസ്ഥാനം കാണിക്കുന്നില്ല. അധികമായി കിട്ടുന്ന നികുതി വരുമാനം വേണ്ടെന്നു വയ്‌ക്കേണ്ടെന്ന നിലപാടിലാണ് കേരളം. കേന്ദ്രം ചുമത്തുന്ന നികുതിക്ക് കൂടി നികുതി ഈടാക്കുന്ന ഏക സംസ്ഥാനമാണ് കേരളം.