/sathyam/media/post_attachments/Zz6FxSHVompQoM4SbTtk.jpg)
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത മിന്നൽ ഹർത്താലിനെത്തുടർന്നുണ്ടായ അക്രമസംഭവങ്ങളിൽ നഷ്ടപരിഹാരം ഈടാക്കാൻ ഹൈക്കോടതി ഉത്തരവനുസരിച്ച് പോപ്പുലർ ഫ്രണ്ട് ഭാരവാഹികളുടെ സ്വത്ത് ജപ്തി ചെയ്തപ്പോൾ സംഘടനയുമായി ബന്ധമില്ലാത്ത 25 പേരുടെ സ്വത്തുക്കൾ തെറ്റായി ജപ്തി ചെയ്‌തതു വിട്ടു നൽകിയെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. 2022 സെപ്തംബർ 23 നു നടത്തിയ മിന്നൽ ഹർത്താലിലെ അക്രമങ്ങളെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസും കേരള ചേംബർ ഒഫ് കൊമേഴ്‌സും മലയാളവേദിയും നൽകിയ ഹർജികളുമാണ് ഹൈക്കോടതിയിലുള്ളത്.
ഹർത്താൽ ദിവസമുണ്ടായ അക്രമങ്ങളെ തുടർന്ന് 5.20 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന റിപ്പോർട്ടിനെത്തുടർന്ന് നഷ്ടപരിഹാരത്തിനായി പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ എന്ന സംഘടനയുടെയും ഭാരവാഹികളുടെയും സ്വത്തുക്കൾ ജപ്തി ചെയ്യാൻ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. തുടർന്ന് നടത്തിയ ജപ്തി നടപടിയിൽ തെറ്റായി കുറേപ്പേരുടെ വസ്തുവകകൾ ഉൾപ്പെട്ടെന്ന് പരാതിയുയർന്നതോടെ ഇവ ഒഴിവാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. തുടർന്നാണ് തെറ്റായി ജപ്തി ചെയ്ത സ്വത്തുക്കൾ തിരികെ നൽകിയെന്ന് ആഭ്യന്തര വകുപ്പു സ്റ്റേറ്റ്‌മെന്റ് നൽകിയത്. മലപ്പുറം ജില്ലയിൽ 13 പേരുടെയും കോട്ടയം ജില്ലയിൽ നാലുപേരുടെയും കണ്ണൂർ, വയനാട് ജില്ലകളിൽ ഈരണ്ടു പേരുടെയും തൃശൂർ, പാലക്കാട്, കാസർകോട്, വയനാട് ജില്ലകളിൽ ഓരോരുത്തരുടെയും സ്വത്തുക്കളാണ് തിരിച്ചു നൽകിയത്.
അതിനിടെ, പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൾ സത്താറിനെ വിവിധ കോടതികളിലുള്ള കേസുകളിൽ വീഡിയോ കോൺഫറൻസിംഗ് മുഖേന ഹാജരാക്കിയാൽ മതിയെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മിന്നൽ ഹർത്താലിലെ അക്രമ സംഭവങ്ങളിൽ വിവിധ ജില്ലകളിലായി രജിസ്റ്റർ ചെയ്ത കേസുകളിലുൾപ്പെടെ പ്രതിയാണ് അബ്ദുൾ സത്താർ. വിവിധ കോടതികളിൽ ഹാജരാക്കുന്നതിനു പകരം വീഡിയോ കോൺഫറൻസിംഗ് മുഖേന ഹാജരാക്കാൻ നിർദ്ദേശിക്കണമെന്ന് കഴിഞ്ഞ തവണ അബ്ദുൾ സത്താറിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഹൈക്കോടതി നിർദ്ദേശ പ്രകാരം സ്റ്റേറ്റ് അറ്റോർണി വിയ്യൂരിലെ അതീവ സുരക്ഷാ ജയിൽ സൂപ്രണ്ടിന്റെ കത്ത് കോടതിക്ക് കൈമാറി.
അബ്ദുൾ സത്താർ ഇപ്പോഴുള്ള വിയ്യൂരിലെ ജയിലിൽ അഞ്ച് വീഡിയോ കോൺഫറൻസിംഗ് റൂമുകളുണ്ടെന്നും പ്രതിയെ വീഡിയോ കോൺഫറൻസിംഗിലൂടെ ഹാജരാക്കാൻ കഴിയുമെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഡിവിഷൻ ബെഞ്ച് ഈ നിർദ്ദേശം നൽകിയത്. ഒഴിവാക്കാനാവാത്ത സാഹചര്യമുണ്ടെങ്കിലേ അബ്ദുൾ സത്താറിനെ നേരിട്ട് ഹാജരാക്കാൻ നിർദ്ദേശിക്കാവൂയെന്നു കീഴ്‌ക്കോടതികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഹർജികൾ ഫെബ്രുവരി 22 നു വീണ്ടും പരിഗണിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us