Advertisment

അണിയറയിൽ പിണറായി വിജയൻ ചെഷസ്ക്യു ആകുവാൻ അണിഞ്ഞൊരുങ്ങുന്നു… കേരളത്തിൻ്റെ ആയുഷ്ക്കാല സർവ്വാധികാരിയാകുവാൻ !!!

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

ഏകാധിപതികൾ എന്നും അങ്ങനെയാണ്. തങ്ങൾക്കു വേണ്ടത്ര അധികാരമില്ലെന്ന് അവർ എന്നും പരാതി പറയും. എല്ലാ അധികാരവും തന്നിൽ കേന്ദ്രീകരിക്കണം എന്ന് അവർ ശഠിക്കും. നമ്മുടെ മുഖ്യമന്ത്രിയും എല്ലാ അധികാരവും തന്നിൽ കേന്ദ്രീകരിക്കാൻ ചട്ടങ്ങൾ മാറ്റാൻ ശ്രമിക്കുന്നു എന്ന് കേൾക്കുന്നു.

മുഖ്യമന്ത്രി സർവ്വാധികാരിയായി മാറുന്നു എന്നാണ് ഇന്ന് മാതൃഭൂമി ദിനപത്രം പറയുന്നത്. മന്ത്രിമാരുടെ അധികാരങ്ങൾ ചുരുക്കിക്കൊണ്ട് എല്ലാ അധികാരവും തന്നിലാക്കുന്നു എന്നാണ് പറയപ്പെടുന്നത്.

അതിനുവേണ്ടി ചട്ടങ്ങളിൽ മാറ്റം വരുത്തുന്നു. കരട് റിപ്പോർട്ട് തയ്യാറായി കഴിഞ്ഞു. ഇനി ചില നടപടിക്രമങ്ങൾ കൂടി കഴിഞ്ഞാൽ പിണറായി ഒരു ചെറിയ ചെഷസ്‌ക്യു ആയി മാറും. ചൈനയിലെ ഇപ്പോഴത്തെ പ്രസിഡന്റിനെ പോലെ ആയുഷ്കാല ഭരണാധികാരിയാകണമെന്നാണ് മോഹം.

പക്ഷെ ഇവിടെ ജനാധിപത്യമായതുകൊണ്ട് തെരഞ്ഞെടുപ്പിന് പോകണം. അതൊരു ശല്യം തന്നെ. പിണറായി വിജയൻ കമ്മ്യൂണിസ്റ്റുകാരനാണ്‌. ഒരു കമ്മ്യൂണിസ്റ്റുകാരൻ ഏകാധിപതിയാണ്.

റഷ്യയിലായാലും ചൈനയിലായാലും കേരളിത്തിലായാലും അയാൾ ഏകാധിപതിയായിരിക്കണം. മന്ത്രിസഭാ യോഗം തന്നെ ഒരു ശല്യമാണ്. കാരണം, താൻ പറയുന്ന കാര്യങ്ങൾ കേട്ടിരിക്കുന്നവർ എന്നതിന് അപ്പുറം ഒന്നും മന്ത്രിസഭായോഗത്തിൽ സംഭവിക്കുന്നില്ല.

പിന്നെ എന്തിനാണ് അങ്ങനെ ഒരു ചടങ്ങ് നടത്തി സമയം കളയുന്നത് എന്ന സംശയം ന്യായം തന്നെ. അതുകൊണ്ടാണ് വകുപ്പു സെക്രട്ടറിമാരും മുഖ്യമന്ത്രിയും മാത്രം മതി ഭരിക്കാൻ എന്ന് അദ്ദേഹം തീരുമാനിച്ചത്.

അതുപ്രകാരം ആണ് ഒരു കമ്മറ്റിയെ വെച്ച് ഒരു കരട് റിപ്പോർട്ട് ഉണ്ടാക്കിച്ചത്. അത് ഇനി മന്ത്രിസഭാ ഉപസമിതിക്കു പഠിക്കാൻ കൊടുക്കും. പിണറായിയുടെ മന്ത്രിമാർ പഠിക്കാൻ മോശക്കാരായതു കൊണ്ട് കാര്യമായ പ്രയോജനമില്ലെന്നു പിണറായിക്കറിയാം.

സിപിഐക്കാർക്ക് ചില പ്രസ്താവന ഇറക്കാൻ ചില അവസരങ്ങൾ നൽകണമല്ലോ എന്നു കരുതിയാണ് അത് തന്നെ ചെയ്യുന്നത്. അവർക്കു പ്രസ്താവന മാത്രം മതി, കാര്യം നടക്കണമെന്നില്ല. ഇതുപ്രകാരം മന്ത്രിമാരുടെ അധികാരങ്ങൾ ചുരുക്കും. സെക്രട്ടറിമാരുടെ അധികാരങ്ങൾ കൂട്ടും.

ഇത്രയും കാലം വകുപ്പിൻ്റെ പരമാധികാരി വകുപ്പ് മന്ത്രിയായിരുന്നു. ഇനി മുതൽ സെക്രട്ടറിമാരും പരമാധികാരികളാകും. അതുകൊണ്ടു ഫയൽ മന്ത്രി കാണണമെന്നില്ല. സെക്രട്ടറിക്കു തന്നെ തീരുമാനമെടുക്കാൻ കഴിയും. സെക്രട്ടറിക്കു മന്ത്രി കാണാതെ ഫയൽ മുഖ്യമന്ത്രിക്ക് കൊടുക്കാൻ കഴിയും.

മുഖ്യമന്ത്രിയും സെക്രട്ടറിയും ചേർന്ന് തീരുമാനവും എടുക്കും. മുൻപ് അങ്ങിനെയല്ല. വകുപ്പ് മന്ത്രിയാണ് മുഖ്യമന്ത്രിക്ക് ഫയൽ നല്കാൻ നിർദ്ദേശിക്കേണ്ടത്. മന്ത്രിമാർക്ക് കാറും കസേരയും ഗൺമാനും ഉണ്ടാകും. ഭരണം സെക്രട്ടറിക്ക് ആയിരിക്കും. പുതിയ ചട്ടം വരുന്നതോടെ മന്ത്രിസഭാ തീരുമാനങ്ങൾ മുഖ്യമന്ത്രിക്ക് തന്നെ എടുക്കാൻ കഴിയും.

മുഖ്യമന്ത്രി തീരുമാനിക്കുക എന്നാൽ ഏതെങ്കിലും ഒരു ശിവസങ്കരൻ തീരുമാനിക്കുക എന്നേ അർത്ഥമുള്ളൂ. ചില കാര്യങ്ങൾ മന്ത്രിസഭ തന്നെ തീരുമാനിക്കും. എന്നാൽ അത്തരം തീരുമാനങ്ങൾ പുന:പരിശോധിക്കാൻ ഇതുവരെ മന്ത്രിസഭയ്ക്കായിരുന്നു അവകാശം.

എന്നാൽ പുതുചട്ടപ്രകാരം മന്ത്രിസഭാ തീരുമാനങ്ങൾ പുനഃപരിശോധിക്കാൻ മുഖ്യമന്ത്രിക്ക് അധികാരം ഉണ്ടായിരിക്കും. അതായത്, മന്ത്രിസഭ എന്ത് തന്നെ തീരുമാനിച്ചാലും മുഖ്യമന്ത്രിക്കു അതിനെ മറികടന്നു കൊണ്ട് ഒരു തീരുമാനം മന്ത്രിസഭ അറിയാതെ എടുക്കാൻ കഴിയുമെന്ന് സാരം.

ജനാധിപത്യ സംവിധാനം വിഭാവനം ചെയ്യുന്ന മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം എന്ന സങ്കല്പമാണ് തകരുന്നത്. വ്യക്തികേന്ദ്രീകൃത ഏകാധിപത്യമാണ് കമ്മ്യൂണിസ്റ്റ് ഭരണശൈലി. വികേന്ദ്രീകൃത അധികാര വ്യവസ്ഥയാണ് ജനാധിപത്യ ശൈലി.

അതുകൊണ്ടാണ് എവിടെയെല്ലാം കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായോ അവിടെയെല്ലാം ഏകാധിപത്യം ഉണ്ടായതും. പിണറായി വിജയൻ ഒരു കമ്മ്യൂണിസ്റ്റുകാരൻ ആണ്. ഭരണം കിട്ടിയാൽ കമ്മ്യൂണിസ്റ്റുകാരന് ഏകാധിപതിയാകാതിരിക്കാനാകില്ല.

പല കമ്മ്യൂണിസ്റ്റുകാരെയും പോലെ കാപട്യക്കാരനാകാൻ വിജയന് കഴിയുന്നില്ല എന്നുമാത്രം. ഭരണം ഇല്ലാത്തപ്പോൾ മാത്രമാണ് അവർക്ക് ജനാധിപത്യത്തിൽ വിശ്വാസം, ഭരണം കിട്ടിയാൽ ഏകാധിപത്യമാണ് അവരുടെ രീതി.

സ്വതന്ത്രമായ മതം, കോടതി, മാധ്യമം, മനുഷ്യാവകാശം ഇതൊക്കെ അവർക്ക് ശല്യമാണ്. പാർട്ടി കോടതി, പാർട്ടി മാധ്യമം, പാർട്ടി പോലീസ് ഇതൊക്കെയാണ് അവർ ആഗ്രഹിക്കുന്നത്.

-ഡോ. കെഎസ് രാധാകൃഷ്ണന്‍

voices
Advertisment