എംവി രാഘവനെയും ഗൗരിയമ്മയെയും മാത്രമല്ല, വിഎസ് അഴിയെണ്ണിച്ച ബാലകൃഷ്ണ പിള്ളയെയും ഒപ്പമിരുത്തി പ്രായശ്ചിത്തം തീര്‍ത്തു ! മാണിയോടും മര്യാദ കാട്ടി ? ആശ്രിത വത്സലന്‍, പിശുക്കില്ലാത്ത കമ്മ്യുണിസ്റ്റ് എന്നൊക്കെ പറഞ്ഞാല്‍ അതിശയോക്തിയെന്തിന് ? രാഷ്ട്രീയക്കാരനായാല്‍ അത് പിണറായിയെപ്പോലെ വേണം. 75 വയസായെന്നതല്ല കേരള രാഷ്ട്രീയത്തില്‍ ആണൊരുത്തനായി അത്രവര്‍ഷം ജീവിക്കുന്നുവെന്നതാണ് പിണറായി വിജയന്‍റെ വിജയം ! പിണറായി എന്നാല്‍ ഇങ്ങനെയാണ് …

ദാസനും വിജയനും
Sunday, May 24, 2020

പിണറായി വിജയൻ എന്ന ഒരു സാധാരണക്കാരൻ, കണ്ണൂരിലെ കുഗ്രാമത്തിൽ ജനിച്ച് നിലപാടുകളിലെ കാര്‍ക്കശ്യം ഒന്നുകൊണ്ടു മാത്രം ഇന്നിപ്പോൾ കേരളത്തിന്റെ ഒന്നാമനായി വിലസുന്നു. രാഷ്ട്രീയത്തില്‍ നിലപാടുകളില്‍ ഉറച്ചുനിന്നു മുന്നേറ്റം നടത്തിയ പിണറായിയുടെ ശൈലി സകല രാഷ്ട്രീയക്കാര്‍ക്കും  ഒരു ഗുണപാഠമാണ് !.

വിവിധ ഇനത്തിൽപെട്ട രാഷ്ട്രീയനേതാക്കൾ വന്നുപോയ കേരള രാഷ്ട്രീയത്തിൽ പിണറായി വിജയന്‍റെ രീതികൾ മാനേജ്‌മെന്റ് വിദ്യാർത്ഥികൾക്ക് പഠിക്കുവാൻ വിട്ടുകൊടുക്കേണ്ടതാണ് . അത്രയേറെ ചടുലതയോടും സൂക്ഷ്മ നിരീക്ഷണങ്ങളോടും കൂടിയ നിലപാടുകളാൽ അദ്ദേഹം ഇന്നിപ്പോൾ കേരളത്തിന്റെ ഏറ്റവും കരുത്തനായ വ്യക്തിയെന്ന ഖ്യാതി നേടിയിരിക്കുകയാണ് .

ആശ്രിത വത്സലന്‍

തീരുമാനങ്ങൾ എടുക്കുന്നതിൽ കണ്ണൂരുകാരനായ കരുണാകരന്റെ ചില രീതികൾ അദ്ദേഹം ഉൾക്കൊണ്ടിരുന്നു എന്നതിന്റെ തെളിവുകളാണ് അദ്ദേഹത്തിനെതിരെ ഇടക്കിടക്ക് വരുന്ന ആരോപണങ്ങൾ . നാളെ ചെയ്യേണ്ടത് ഇന്ന് ചെയ്യുവാനും ഇന്ന് ചെ യ്യേണ്ടത് ഇപ്പോൾ ചെയ്യുവാനും മുതിരുമ്പോൾ സംഭവിക്കുന്ന ചില വീഴ്ചകളിലും ഒരിഞ്ച് പിന്നോട്ട് പോകാതെ അദ്ദേഹം അജയ്യനായി മുന്നേറുന്നു. പിണറായി കരുണാകരനെപ്പോലെ ഒരു ആശ്രിത വത്സലനാണ് എന്ന് പറഞ്ഞാല്‍ പുറത്തുള്ളവര്‍ വിശ്വസിക്കില്ല. കൂടെ നിൽക്കുന്നവരെ അവസാന നിമിഷം വരെ കയ്യൊഴിയാത്ത ആ സ്വഭാവമാണ് ഇന്നദ്ദേഹത്തെ ഈ നിലയിൽ എത്തിച്ചത് .

പിശുക്കില്ലാത്ത കമ്മ്യുണിസ്റ്റ്

ബുദ്ധിയിൽ ഇഎംഎസിന്റെ വഴിയെയെയാണ് അദ്ദേഹം സഞ്ചരിച്ചത് . ദീർഘവീക്ഷണം ഉള്ളതുകൊണ്ടാണ് ഇന്നദ്ദേഹം കേരളത്തിന്റെ ഒന്നാം നമ്പർ കസേരയിൽ ഇരിക്കുന്നത് . കമ്മ്യുണിസ്റ്റുകൾക്ക് സാധാരണയായി കണ്ടുവരുന്ന പിശുക്ക് ഒട്ടും തൊട്ടു തീണ്ടിയിട്ടില്ലാത്ത അദ്ദേഹം എന്തെങ്കിലും പിശുക്ക് കാണിച്ചിട്ടുണ്ടെങ്കിൽ അത് ചിരിക്കുവാനും കുശലാന്വേഷങ്ങൾക്കുമാണ് .

പിന്നെ ആർക്കും അത്ര പെട്ടെന്ന് അടുത്തുചെന്ന് പരദൂഷണമോ കെണിയോ പറയുവാൻ അവസരങ്ങൾ നൽകില്ല. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായ മമ്മുട്ടി ഒരിക്കൽ പറഞ്ഞത്  ‘ കേരളത്തിൽ നാം ജീവിക്കുമ്പോൾ ഒരിക്കലും ആളുകൾക്ക് നമ്മുടെ തോളത്ത് കൈ വെക്കുവാൻ അവസരം നൽകരുത് , എപ്പോഴും ഒരു അകലം പാലിച്ചേ അവരോടൊക്കെ ഇടപെഴകാവൂ , ഈയൊരു വസ്തുത ഞാൻ പഠിച്ചത് സഖാവ് പിണറായി വിജയനിൽ നിന്നാണ് , ജീവിതത്തിലെ പല അനുഭവങ്ങളിൽ നിന്നും സഖാവാണ് ശരി എന്ന് തോന്നിയിട്ടുണ്ട് ‘.

വിജയം ചങ്കൂറ്റംകൊണ്ട് 

സഖാവ് ചടയൻ ഗോവിന്ദനാണ് അദ്ദേഹത്തെ പത്തൊമ്പതാം വയസിൽ പാർട്ടിയിലക്ക് കൈപിടിച്ചുകൊണ്ടുവന്നതെങ്കിലും എംവി രാഘവനാണ് അദ്ദേഹത്തിലെ സഖാവിനെ കണ്ടെത്തിയത് . 26 മത്തെ വയസ്സിൽ കൂത്തുപറമ്പിൽ നിന്നും 743 വോട്ടുകൾക്ക് ജയിച്ചു എംഎൽഎ ആയെങ്കിലും പല തിരഞ്ഞെടുപ്പുകളിലും മത്സരിക്കാതെ വിട്ടു നിന്നത് അധികാരമില്ലെങ്കിലും ചങ്കൂറ്റമുണ്ടായാൽ ജീവിക്കാമെന്നുള്ളതുകൊണ്ടാണ് .

കടപ്പാടും പ്രായശ്ചിത്തവും  

ചടയൻ ഗോവിന്ദൻ ക്യാൻസർ രോഗം ബാധിച്ചു മരണത്തെ മുന്നിൽ കാണുന്ന നേരത്ത് അദ്ദേഹത്തെ പാർട്ടി സെക്രട്ടറിയാക്കി നിയമിച്ച് നന്ദി പ്രകാശിപ്പിച്ചു . അതുപോലെ സിഎംപിയായി പോയ എംവി രാഘവനെയും ജെ എസ് എസായി പോയ ഗൌരിയമ്മയെയും മാതൃ സംഘടനയിലേക്ക് തിരിച്ചുകൊണ്ടുവന്ന് വന്ന വഴികൾ മറക്കുന്നവനല്ല താനെന്ന് സഖാക്കൾക്ക് അറിയിച്ചുകൊടുത്തു .

വളരെ കൊട്ടിഘോഷിച്ച് സംഘടിപ്പിച്ച കോട്ടയത്തെ പാർട്ടി സമ്മേളനം അലങ്കോലമാക്കിയ പിസി ജോർജ്ജ് തലകുത്തി മറിഞ്ഞിട്ടും മുന്നണിയിൽ തിരികെയെടുത്തില്ല . രാഷ്ട്രീയക്കാര്‍ക്ക് നാണക്കേടുണ്ടാക്കിയ ഗണേഷ്‌കുമാറിനെ മുന്നണിയിൽ എടുത്തെങ്കിലും ഇന്നിപ്പോൾ ചത്തതിനൊക്കുമോ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിൽ ആകുവാൻ കാരണം പിണറായി വിജയന്റെ നിലപാടുകളുടെ കാര്‍ക്കശ്യം ഒന്നുകൊണ്ടുമാത്രമാണ്.

രാഷ്ട്രീയത്തില്‍ മാന്യത കാണിക്കാത്ത വി എസ് അച്യുതാനന്ദന്‍ കാരണം അഴിമതിക്കേസില്‍ അഴിയെണ്ണിയ ആര്‍ ബാലകൃഷ്ണപിള്ളയോട് പ്രായശ്ചിത്തം ചെയ്തത് അദ്ദേഹത്തെ മുന്നണിയില്‍ എടുത്ത് ക്യാബിനറ്റ് റാങ്കും നല്‍കി  വി എസിന്‍റെ വലതുവശത്ത് കൊണ്ടിരുത്തിയാണ്. അതേസമയം അച്ഛനെയും മകനെയും അഴിച്ചുവിട്ടാല്‍ അതുമതി ഭരണം കുട്ടിച്ചോറാക്കുവാൻ എന്നറിയുന്നതുകൊണ്ട് രണ്ടിനെയും വായ്‌ തുറക്കാന്‍ സമ്മതിച്ചിട്ടുമില്ല. അതും പിണറായിക്ക് മാത്രം സാധ്യമായ നേട്ടം !

ദീർഘവീക്ഷണം

തനിക്കെതിരെ വളർന്നുവരുന്നവരെ വളരെ തന്മയത്തത്തോടെ രാഷ്ട്രീയമായി ബുദ്ധിപരമായി മുളയിലെ ഒടിച്ചുവെക്കുവാനുള്ള അദ്ദേഹത്തിന്റെ കഴിവിനെയാണ് ദീർഘവീക്ഷണം എന്ന് പറയപ്പെടുന്നത് . കെ മുരളീധരന് 40 സീറ്റുകളുടെ ഫിക്സഡ് ഡെപ്പോസിറ്റുകൾ വാഗ്ദാനം ചെയ്തുകൊണ്ട് മുരളിയുടെ രാഷ്ട്രീയഭാവി പതിനഞ്ച് കൊല്ലം പിന്നോട്ടെത്തിക്കുവാനും തനിക്കെതിരെയുള്ള എന്തെങ്കിലും ആരോപണങ്ങൾ കേരളത്തിൽ ആഘോഷിക്കാതിരിക്കുവാൻ എംവിആറിന്റെ മകൻ നികേഷിന്റെ തന്റെ കാൽ കീഴിൽ കൊണ്ടുവന്നതും പിണറായിയുടെ കൂർമ്മ ബുദ്ധിയെന്നതിൽ സംശയമില്ല .

സിപിഎമ്മിനോളം സംഘടനാ ശക്തിയുള്ള ലീഗിനെ വരുതിയിലാക്കുവാൻ അവരുടെ പ്രമുഖ നേതാക്കന്മാരെ സ്വന്തം പോക്കറ്റിലാക്കിയതും ബിജെപിയുടെ കരുത്തനായ ഒകെ വാസുവിനെയും കൂട്ടരെയും സ്വന്തം പാളയത്തിൽ എത്തിച്ചതും പൊതു ശത്രുവായ വെള്ളാപ്പള്ളിയുടെയും മകന്റെയും വായ തുന്നിക്കെട്ടിയതും കാന്തപുരത്തെ കക്ഷത്തിൽ വെച്ചതും സുകുമാരൻനായരെ കാശിക്കയച്ചതും സകലമാന ബിഷപ്പുമാരെയും മെത്രാന്മാരെയും പള്ളിമേടകളിലും അരമനകളിലും ഇട്ടു പൂട്ടിയതുമൊക്കെ പിണറായിക്കേ സാധിക്കൂ .

പിണറായിയെ കണ്ടാല്‍ പത്രക്കാര്‍ കവാത്ത് മറക്കും 

സ്വന്തം യശസ്സ് ഉയർത്തുവാൻ നുണകൾ മാത്രം എഴുതിപിടിപ്പിക്കുവാൻ ശീലിച്ച ചാനലുകാരും പത്രക്കാരും പിണറായിയുടെ മുന്നിലെത്തിയാൽ പൂച്ചകളാകുന്നത് നാം നിത്യേന കാണുന്നു . ചാനലിൽ വന്നിരുന്ന് ബഹളം വെക്കുന്ന ഷംസീറും റഹീമും റിയാസും സ്വരാജും ഒക്കെ പിണറായിയുടെ മുന്നിൽ നിൽക്കുന്നതുകണ്ടാൽ പാവം തോന്നും !

ഈ സഭയിലെ മന്ത്രിമാരും ഘടകകക്ഷി നേതാക്കളുംപോലും അദ്ദേഹത്തിന്റെ മുന്നിൽ ഇരിക്കുവാൻ ഭയപ്പെടുന്നു. എന്തിനധികം പറയുന്നു എംഎം മണിപോലും അദ്ദേഹത്തിന്റെ മുന്നിൽ നേരെ ചൊവ്വേ നിൽക്കാറില്ലത്രേ ! ഭരണം കിട്ടിയപ്പോൾ കൊടികെട്ടിയ സഖാക്കളുടെ മക്കള്‍ അടുത്തുകൂടിയപ്പോള്‍ പറഞ്ഞു ” ദേ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കി അങ്കിൾ .. അങ്കിൾ വിളിച്ചു എന്റെയടുത്ത് വന്നാൽ എല്ലാറ്റിനെയും പിടിച്ചുഞാൻ അകത്തിടും’ എന്ന് . അതാണ് പിണറായി വിജയന്‍. പാര്‍ട്ടി സെക്രട്ടറിയല്ല മുഖ്യമന്ത്രിയെന്ന് ആദ്യം തിരിച്ചറിഞ്ഞത് പിണറായി തന്നെയാണ് !

സൗഹൃദത്തിന്‍റെ അതിരുകള്‍

ഉദ്യോഗസ്ഥമാരും ഐഎഎസ് – ഐപിഎസുകാരും ഒക്കെ വളരെ സൂക്ഷ്മതയോടെയേ അദ്ദേഹത്തെ സമീപിക്കാറുള്ളൂ . കാര്യങ്ങൾ പറഞ്ഞാൽ കേട്ടിരിക്കാനുള്ള സഹിഷ്ണുത അദ്ദേഹം കാണിക്കാറുണ്ട് . കേരളത്തിൽ ചുരുക്കം ചിലയാളുകൾക്ക് മാത്രമേ അദ്ദേഹവുമായി അടുക്കുവാനാകൂ . മമ്മുട്ടിയും പിണറായിയും  പിറക്കാതെ പോയ സഹോദരങ്ങളാണ് . അതുപോലെയാണ് കൊടിയേരിയും പിണറായിയും. കൊടിയേ … എന്ന് വിളിക്കുന്ന സ്നേഹ സൗഹൃദം .

ഇവര്‍ ചേർന്നാൽ അത്യാവശ്യം തമാശകളും ചിരിയും ഒക്കെ ഉണരും . കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഓരോരോ മുൻനിര സിനിമ സംവിധായകരെയും സാഹിത്യകാരന്മാരെയും കാരികളെയും സോഷ്യൽ മീഡിയയിലെ പോരാളികളെയും ഓരോരോ ഗ്രാമങ്ങളിലെ കച്ചവടക്കാരെയും കുടുംബങ്ങളെയും നേരിട്ട് വിളിച്ചായിരുന്നു പിണറായി തന്റെ ജൈത്രയാത്ര ആരംഭിച്ചത് . ആ ഉദ്യമം വിജയിച്ചപ്പോൾ അദ്ദേഹം കേരളത്തിന്റെ ഒന്നാമനായി .

വിമർശകരും ഉപദേശകരും

ഇന്നിപ്പോൾ ആ സിനിമാക്കാരും സാഹിത്യകാരന്മാരും കച്ചവടക്കാരും അദ്ദേഹത്തിന്റെ കട്ട ഫാൻ ആയി മാറുമ്പോൾ അവർ അദ്ദേഹത്തെ കുറിച്ച് കമന്റുകൾ പറയുമ്പോൾ വിമർശനം ഉയരുന്നു . നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ എന്നുള്ള വാചകങ്ങൾ വിമര്‍ശിക്കുന്നവരൊക്കെ ഓർക്കുന്നത് നല്ലതായിരിക്കും .

ഉപദേശകർ ധാരാളമെന്ന വിമർശനങ്ങള്‍ കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ ഉള്ളിൽ ചിരിയായിരിക്കും. കേരളത്തിലെ മുൻ കാലങ്ങളിലെ മുഖ്യമന്ത്രിമാർക്ക് നല്ല ഉപദേശകർ ഇല്ലാത്തതിന്റെ കഷ്ടതകൾ അവർ അന്നൊക്കെ നേരിട്ടിട്ടുണ്ട്. അതിലൊക്കെ പാഠങ്ങൾ പഠിച്ചിട്ട് തന്നെയാണ് ഉപദേശകരെ നിയമിച്ചതും അവരെ സംരക്ഷിക്കുന്നതും. ഉപദേശകർ ഇല്ലെങ്കിൽ തന്നിഷ്ടപ്രകാരം ഏകാധിപതിപോലെ പോലെ ഭരിക്കുന്നു എന്നൊക്കെയുള്ള വിമർശനങ്ങൾ വേറെയും കേൾക്കേണ്ടിവന്നേനെ .

രാഷ്ട്രീയ മര്യാദകളുടെ പര്യായം 

ആരെയും പേരെടുത്ത് പറഞ്ഞുകൊണ്ട് അനാവശ്യമായി ആരോപണങ്ങള്‍ ഉന്നയിക്കാന്‍ അദ്ദേഹം മുതിർന്നിട്ടില്ല. രാഷ്ട്രീയ വൈരാഗ്യങ്ങൾ തീർക്കുവാൻ കുറച്ചൊക്കെ ശ്രമിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രീയമര്യാദകൾ പല സമയത്തും പാലിച്ചിട്ടുണ്ട് . കെഎം മാണിക്കെതിരെ സമരം നയിച്ചത് സിപിഎം ആണ്. അതവരുടെ രാഷ്ട്രീയമാണ്. പക്ഷേ ആ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് അറിയാമായിരുന്നതുകൊണ്ട് ഭരണം കിട്ടിയപ്പോള്‍ കേസിന്‍റെ കാര്യത്തില്‍ മാണിയോട് മര്യാദ കാണിച്ചു. അദ്ദേഹത്തെ അക്കാര്യം അറിയിക്കുകയും ചെയ്തു, കേസില്‍ ഉപദ്രവം ഉണ്ടാകില്ലെന്ന് ..

ബംഗാളിലും ത്രിപുരയിലും ഇന്ത്യയിലാകമാനവും പാർട്ടി നിലം പരിശായപ്പോൾ ഒരിളക്കവും കൂടാതെ പാർട്ടിയെ കേരളത്തിൽ ഒന്നാം സ്ഥാനത്തുതന്നെ നിലനിർത്തുവാൻ അദ്ദേഹം ഏറെ ത്യാഗം സഹിച്ചിട്ടുണ്ട്.

ഫണ്ടില്ലാതെ പിബി നേതാക്കൾ വട്ടം കറങ്ങിയപ്പോൾ കേരളമാണ് അവരെയൊക്കെ സംരക്ഷിച്ചുപോന്നത് . അതിന്റെ മൊത്തം ക്രെഡിറ്റ് പിണറായി വിജയനെന്ന അഹങ്കാരിക്ക് തന്നെയായിരുന്നു . അതിനാൽ പാർട്ടിയിൽ പകരം വെക്കുവാൻ ആളില്ലാതെ അദ്ദേഹം മാറുകയായിരുന്നു . ഇനിയും കുറെയേറെ വർഷങ്ങൾ അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം നേരുന്നു !!!

‘എന്നിലുണ്ട് ചങ്കൂറ്റം’ എന്ന മുദ്രാവാക്യവുമായി കേരളത്തെ നയിക്കുന്ന പിണറായി വിജയന് നന്മകൾ നേർന്നുകൊണ്ട്

ലോക്ക് ഡൗണിൽ വീട്ടിലിരുന്ന് പാർട്ടിക്കായി പൊരുതുന്ന പോരാളി ദാസനും
പാർട്ടിക്കായി ചാനലിൽ അങ്കം വെട്ടുകൾ നടത്തുവാൻ തയാറെടുക്കുന്ന പോരാളി വിജയനും

×