ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം; അജിത് ഡോവലും ബിപിന്‍ റാവത്തുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി; ലഡാക്കിന് സമീപം വ്യോമത്താവളം വികസിപ്പിച്ച് ചൈന; സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത്‌

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

സിക്കിമിലെയും ലഡാക്കിലെയും അതിർത്തികളിലെ തർക്കം കൈയ്യാങ്കളിയിലേക്ക് നീങ്ങിയ സാഹചര്യത്തിലാണിത്. പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ് സൈനിക മേധാവിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ കരസേനാ മേധാവി ജനറല്‍ എംഎം നരവനേ പ്രതിരോധ മന്ത്രിയോട് വിശദീകരിച്ചിരുന്നു.

പിന്നാലെയാണ് പ്രധാനമന്ത്രി ഉന്നതതലയോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തിയത്. വിദേശകാര്യ സെക്രട്ടറിയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ലഡാക്കിലെ ഇന്ത്യാ- ചൈന നിയന്ത്രണ രേഖ (ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍) സംബന്ധിച്ച തര്‍ക്കങ്ങളാണ് രൂക്ഷമായത്. തുടര്‍ന്ന് ഗുല്‍ദോങ് സെക്ടറിന് സമീപം ചൈന സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ലഡാക്കിലും ഉത്തരാഖണ്ഡിലും ഇന്ത്യ അധികമായി സേനയെ വിന്യസിച്ചു.

ലഡാക്കിന് സമീപം വ്യോമത്താവളം വികസിപ്പിച്ച് ചൈന

publive-image

ലഡാക്കിനു സമീപത്തായി ചൈന വ്യോമതാവളം വികസിപ്പിക്കാൻ തുടങ്ങി. പാംഗോങ് തടാകത്തിൽ നിന്നും 200 കിലോമീറ്റർ അകലെയാണ് ചൈന വിമാനത്താവളം നിർമിക്കുന്നത്. ഉപഗ്രഹ ചിത്രത്തിൽ യുദ്ധവിമാനങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലുള്ള ചൈനക്കാരോട് നാട്ടിലേക്കു മടങ്ങാൻ ചൈന നേരത്തെ നിർദേശിച്ചിരുന്നു.

Advertisment