ദാരിദ്ര്യത്തെ കുറിച്ച്‌ പുസ്തകത്തില്‍ നിന്നു പഠിച്ചതല്ല ; താന്‍ അതില്‍ ജീവിച്ചതാണ് ; ദരിദ്രരെ ശാക്തീകരിച്ച് ദാരിദ്ര്യത്തിനെതിരെ പോരാട്ടം നടത്തുകയാണു തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി

author-image
admin
Updated On
New Update

റിയാദ് :  ദാരിദ്ര്യത്തെക്കുറിച്ചു പുസ്തകത്തില്‍നിന്നു പഠിച്ചതല്ലെന്നും താന്‍ അതില്‍ ജീവിച്ചതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.  രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തില്‍നിന്ന് ഉയര്‍ന്നുവന്ന ആളല്ല താനെന്നും റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ചായ വിറ്റിരുന്ന ജീവിത പശ്ചാത്തലത്തില്‍നിന്നാണു വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ ദാരിദ്ര്യ നിര്‍മാര്‍ജനം വിജയകരമായി നടപ്പാക്കാന്‍ കഴിയും. ദരിദ്രരെ ശാക്തീകരിച്ച് ദാരിദ്ര്യത്തിനെതിരെ പോരാട്ടം നടത്തുകയാണു തന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു.

പാവപ്പെട്ടവർ അന്തസുള്ള നിലയെത്തണം. അവര്‍ക്കു തന്നെ സ്വയം ദാരിദ്ര്യം അവസാനിപ്പിക്കുമെന്നു പറയാന്‍ കഴിയുന്നിടത്താണ് ഭരണകൂടത്തിനു തൃപ്തിയുണ്ടാകുക. അവരെ ശാക്തീകരിക്കുകയാണ് ചെയ്യേണ്ടതെന്നും മോദി പറഞ്ഞു.

ശൗചാലയങ്ങള്‍ നിര്‍മിച്ചതും ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയതും ദരിദ്രരെ സര്‍ക്കാര്‍ പരിഗണിക്കുന്നുവെന്ന ബോധം അവര്‍ക്കു തന്നെയുണ്ടാക്കി. ഇന്ത്യയിലുണ്ടാക്കുന്ന മാറ്റങ്ങള്‍ ലോകത്താകെ പ്രതിഫലിക്കുന്നതില്‍ അഭിമാനമുണ്ടെന്നും മോദി വ്യക്തമാക്കി.

സൗദിയില്‍ ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇന്‍ഷ്യേറ്റീവ് (എഫ്‌ഐഐ) പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി. ശൗചാലയ നിര്‍മാണത്തെക്കുറിച്ചും മറ്റു സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുമുള്ള ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

Advertisment