Advertisment

കാറ്റ് കലർന്ന കരച്ചിൽ (കവിത)

author-image
admin
Updated On
New Update

അഷ്‌റഫ് കാളത്തോട്‌

publive-image

തലച്ചോറ് കീഴടക്കി കോപക്കടന്നൽ

ഹൃദയത്തിൽ തപിക്കുന്ന പ്രാകുറുകൽ

രക്തോട്ടം നിലച്ച ചുണ്ടുകൾ

മരിച്ച കണ്ണുകൾ കുറുത്ത ഉറുമാൽ പാറുന്ന ആകാശം

കാലുകൾ വേച്ചു വേച്ചു മണ്ണിരകളായി

കാടുകളുടെ നിശ്ശബ്ദദനേടിയ ഹൃദയം

യുദ്ധഭൂമിയിലേക്ക് കുതിക്കുന്ന കുതിരത്വം നഷ്ടപ്പെട്ട്

വെളുത്ത തുണിയിൽ മരവിച്ച അച്ഛൻ!

ജഡത്തെ പുൽകി കാറ്റ് കലർന്ന കരച്ചിൽ

മഴ നനഞ്ഞില്ലേലും മനസ്സ് നനയണമെന്ന മരണമൊഴി

ഗദ്ഗദം തികട്ടി മൃദുലമായി വാടിയ അമ്മ!

ആശ തീരാത്ത വാശിക്കു നേരെ

കുപ്പിച്ചില്ലാകണമെന്ന അച്ഛന്റെ നിശ്ചയദാർഢ്യം..

നിശ്ചലമായിടത്തു നിന്ന് കടലാഴങ്ങളിൽ തള്ളേണ്ട ഉപ്പു രസം

കോരിത്തീരാതെ ശൂന്യതയുടെ ആഴത്തിൽ

അമ്മയുടെ നോട്ടം വിയർത്തൊലിച്ചു..

ഉണങ്ങിയ മുഖത്തിന്റെ തടത്തിലേക്ക്‌ ജലധാര

അച്ഛൻ മരിച്ചതിനു ശേഷം

വീട്ടിലൊരു പുരാവസ്തുവായി അമ്മ!

മൂലയിൽ കുത്തിച്ചാരിയ ഉപയോഗിക്കാത്ത ഉലക്ക!

അമ്മയുടെ കണ്ണിലെ കാർമേഘങ്ങൾ കനത്ത്

ഉരുൾപൊട്ടി അമ്മയ്ക്കും മരുമോൾക്കുമിടയിൽ

അച്ഛനെന്ന പനച്ചിതപഴുത്തു ചാമ്പലായതിനു ശേഷം

കയറ്റത്തിലേക്ക് ഉയർന്നു കൊഴുത്തുകറുത്ത മരുമകൾ

വേദനയുടെ മൗനം കോരിയൊഴിച്ചു തീരാതെ

കനത്ത കണ്ണുകളിലെ പ്രകാശം അപ്രത്യക്ഷമായിരിക്കുന്നു.

അതിവേഗം വഴിയരികിൽ കണ്ട കാഴ്ചകളെല്ലാം പിറകോട്ടു

പിറകോട്ട് പുഴകൾ മലകൾ വീടുകൾ മരങ്ങൾ

അവസാനം എല്ലാം അപ്രത്യക്ഷമായിരിക്കുന്നു..

ദൂരെ അച്ഛൻ മാടിവിളിക്കുന്ന

ആകാശത്തിലേക്ക് ഒടുവിൽ അമ്മയും

അപ്പഴും ഉരിയാടാതെ ഒരു തുള്ളി കണ്ണുനീർ പോലും

അടരാതെ അമ്മയുടെ പ്രിയപ്പെട്ട ഞാൻ..

Advertisment