കവിത ജന്മദേശം വിളിക്കുന്നു. മഞ്ജുള ശിവദാസ്‌

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Tuesday, February 12, 2019

നന്മകൾ മാത്രമല്ലിവിടെയെങ്കിലും,
നമ്മെ വേണ്ടാത്തിടം വിട്ടു പോരികാ..
ജന്മദേശം വിളിക്കുന്നു കൂട്ടരേ-
ഉള്ളതിൽപ്പാതിയുണ്ടു കഴിഞ്ഞിടാം.

ഉള്ള കൂരയും വിറ്റിട്ടുപോയതാ-
ണാപ്പണംകായ്ച്ചിടും മരം തേടി നീ,
എല്ലുമുറിയെപ്പണിയെടുത്തന്തിക്കു-
കൂലിയായ് കണ്ണുനീരും കടങ്ങളും.

എന്തിനടിമത്തബോധം മനുഷ്യരേ,
എന്തിതിത്ര പ്രകീർത്തിച്ചുപാടുവാൻ.
ചോര ചോരയായൂറ്റിക്കൊടുത്തിട്ടു-
തന്നെനേടിയതൗദാര്യമല്ലൊന്നും.

നിന്റെ ആയുസ്സുമദ്ധ്വാനവും കവർ-
ന്നാവിയർപ്പിന്റെയുപ്പും ഭുജിച്ചിട്ടു-
തെരുവുശ്വാനന്റെ വിലപോലുമേകാ-
ത്തിടത്തുനിന്നുമിന്നേയിങ്ങു പോരികാ..

ഭാവിയെക്കുറിച്ചാശങ്കയെന്തിന്,
മുന്നിൽ വഴികളില്ലെന്നാധിയെന്തിന്,
ഇവിടെ പുതുവീഥി പണിയണം-
നമ്മളാ വഴിയിലൂടെ നടന്നു മുന്നേറണം.

ഭരണപ്രതിപക്ഷ രാഷ്ട്രീയനേട്ടത്തി-
നൊരുകരുമാത്രമെന്നും പ്രവാസി നീ.
ഇവിടെ വാഗ്ദാനപ്പെരുമഴയെന്നു-
കേട്ടവിടിരുന്നു നീ കനവു നെയ്യേണ്ടാ…

സ്വന്തബന്ധങ്ങളൊപ്പമുണ്ടാകുമെ-
ന്നൊരു പ്രതീക്ഷയും വേണ്ടിങ്ങുപോരുകിൽ.
സ്വന്തമായ് സ്വയം ഒക്കത്തുവച്ചവ-
അന്യമായേയ്ക്കാമെന്നും നിനയ്ക്കുക.

ഇവിടെ ബന്ധങ്ങൾ ശിഥിലമായേയ്ക്കാം,
സൗഹൃദങ്ങൾ മുഖംതിരിച്ചേയ്ക്കാം,
ആദ്യനാളുകൾ വീഴ്ച്ചയായേയ്ക്കാം,
അനുഭവങ്ങൾതൻ കയ്പ്പറിഞ്ഞേയ്ക്കാം.

കരിഞ്ഞസ്വപ്‌നങ്ങൾ പൊതിഞ്ഞ ഭാണ്ഡവും,
കാലിയായ നിൻ കീശയും കണ്ടിട്ടകന്നു-
പോകുന്ന ബന്ധങ്ങളേയോർത്തു-
തളരുകില്ലെന്നുറച്ചിങ്ങു പോരികാ…

×