Advertisment

കവിത " ചില നോവുബാല്യങ്ങൾ " മഞ്ജുള ശിവദാസ്‌ .

author-image
admin
New Update

കവിത ” ചില നോവുബാല്യങ്ങൾ ” മഞ്ജുള ശിവദാസ്‌ .

Advertisment

publive-image

വിത്തുകളുമായാരുമിതു-

വരെയെത്തിടാഞ്ഞിട്ടോ?

കദനവെയിലിൽ കനവു-

വിത്തുകൾ മുളയ്ക്കാഞ്ഞിട്ടോ?

ഇളംനെഞ്ചിലെ കിനാ-

പ്പാടത്തൊരിയ്ക്കൽപോലും,

കുരുത്തില്ലൊരു കനവുപോലും,

കനൽ പെയ്ത്തല്ലേ.

സ്നേഹനനവായ്‌ പെയ്തി-

റങ്ങാനെത്തിയില്ലാരും,

നൊന്തുപെറ്റവൾ സമത്വത്തിനു-

കൊടിപിടിക്കാൻ പോയ്.

ജീവിതത്തളിർ മുളയിൽ-

നുള്ളിയ കൈകളപ്പോഴും,

പ്രഹരമാരി ചൊരിഞ്ഞു-

രക്ഷകവേഷധാരികളായ്.

നിഷ്കളങ്കത മുറ്റിനിന്ന-

മുഖങ്ങളിൽ ഭയവും,

തളിരുണങ്ങിയ തനുവിൽ-

മുറിവുകളേറ്റ പാടുകളും.

എന്തിനെന്നറിയാതെ-

ദണ്ഡനമേറ്റു മരവിച്ചാ-

കുഞ്ഞുമനസ്സിൽ നിർവി-

കാരത വന്നു ചേക്കേറി.

കനിവുവറ്റിയ ലോകത്തോ-

ടൊരിയ്ക്കൽപോലും,

കനിവിനായവർ കുഞ്ഞു-

കൈകൾ നീട്ടിയതുമില്ല.

ഏതു ജന്മം ചെയ്ത

പാതക ഫലമായാലും,

ബാല്യമിങ്ങനെ നോവിലൊഴു-

കാനനുവദിക്കാമോ?

മൃത്യു മുക്തിയുമായ്-

വരുന്നതുവരേയ്ക്കും ബാല്യം,

രക്ഷകർക്കു നടുക്കു-

നിന്നു ദഹിച്ചുതീരണമോ?

വിദ്യയേറിയ വിരുത-

രധികം പാർക്കുമിടമത്രേ,

ശൂന്യമായ വിവേകമോ-

ഈ വിദ്യതൻ നേട്ടം?

പടിയിറങ്ങിയ മനുഷ്യത്വം-

തിരികെ വന്നില്ലേൽ,

ബാലശാപമൊരിടിത്തീ-

യായ് നാടെരിച്ചേയ്ക്കാം.

Advertisment