Advertisment

രാഷ്ട്രീയനേതാക്കളും പൊതുപ്രവർത്തകരും മാധ്യമങ്ങളും മാതൃക കാട്ടണം !

New Update

ജനങ്ങളുടെ റോൾ മോഡലാകേണ്ടവരാണ് ഈ മൂന്നു വിഭാഗങ്ങളും പ്രത്യേകിച്ച് രാഷ്ട്രീയ നേതാക്കൾ. എന്നാൽ പലപ്പോഴും വെറും തരംതാണ പോപ്പുലാരിറ്റി ലക്ഷ്യമിട്ട് ഇവർ നടത്തുന്ന പ്രവർത്തനങ്ങൾ പൊതുസമൂഹത്തിന് തന്നെ ബുദ്ധിമുട്ടായി മാറപ്പെടുകയാണ്.

Advertisment

ഓൺലൈൻ ക്ളാസ്സുകളുമായി ബന്ധപ്പെട്ട് ഇപ്പോൾ കുട്ടികൾക്ക് സൗജന്യമായി ടി.വി.,മൊബൈൽ ഒക്കെ നൽകുന്ന ചാരിറ്റിക്കാരുടെ തിരക്കാണ്. അതിൻ്റെ പ്രചാരണപരിപാടികൾ അതിലും കേമം..

publive-image

പഠനോപകരണങ്ങൾ ഇല്ലാത്തവർക്ക് അത് നൽകുമ്പോൾ ദാരിദ്ര്യം അനുഭവിക്കുന്ന അവരെയെല്ലാം നിരത്തിനിർത്തി അവരോടൊപ്പം നിന്ന് ഫോട്ടോയെടുത്ത് പേരുവിവരങ്ങൾ പത്രങ്ങളിലും ചാനലുകളിലും വെളിപ്പെടുത്തി അവരുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്നത് ആ സാധുക്കളോട് ചെയ്യുന്ന ക്രൂരവിനോദമാണ്.

കുട്ടികളുടെ ക്ഷേമവും പുരോഗതിയും മുൻ നിർത്തിനൽകുന്ന സഹായങ്ങൾ പൊതുസദസ്സിൽവച്ചുപോലും നൽകരുതെന്നും അത്തരം വാർത്തയും ചിത്രങ്ങളും പ്രസിദ്ധപ്പെടുത്തരുതെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 18/11/2019 ലെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട് ( ഉത്തരവിന്റെ പകർപ്പ് ഇവിടെ നൽകുന്നു).

publive-image

ഇതുപോലെയുള്ള സഹായം സ്വീകരിക്കുന്ന കുട്ടികൾ മാനസികമായ പീഡനം അനുഭവിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നാണ് ബാലാവകാശക്കമ്മീഷൻ ഉത്തരവ് നൽകിയിരിക്കുന്നത്. ഇതനുസരിച്ചാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ മുകളിൽപ്പറഞ്ഞ ഉത്തരവിറക്കിയിരിക്കുന്നത്.

പൊതുസദസ്സിലോ ,പരസ്യമായോ കുട്ടികളുടെ പേരുവിളിച്ചു സഹായധനമോ,പഠനോപകരണങ്ങളോ നൽകുന്നതും കുട്ടികളുടെ പേരും ചിത്രവും വച്ചു പ്രചാരണം നടത്തുന്നതും നിയമവിരുദ്ധമാണ്.

publive-image

വളർന്നുവരുന്ന കുഞ്ഞുങ്ങളെ നാട്ടുകാർക്കും സഹപാഠികൾക്കും മുന്നിൽ അപമാനിക്കുകയും അവരുടെ ആത്മാഭിമാനത്തിന് മുറിവേൽപ്പിക്കുകയുമാണ് ചാരിറ്റി എന്ന പേരിൽ പലരും ചെയ്യുന്നത്. ചാരിറ്റി ചെയ്തോളൂ, പക്ഷേ അതുവച്ചുള്ള പ്രചാരണം പാടില്ല.

ഇത്തരത്തിലുള്ള വാർത്തകളും ചിത്രങ്ങളും പത്ര ദൃശ്യ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും നൽകാനോ പ്രസിദ്ധീകരിക്കാനോ പാടുള്ളതല്ല.

സ്‌കൂളുകളിൽ പി.ടി.എ, സന്നദ്ധസംഘടനകളൊക്കെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് നൽകുന്ന സ്‌കൂൾ ബാഗുകൾ,നോട്ട് ബുക്ക് മറ്റു പഠനോപകരണങ്ങൾ എന്നിവയും പരസ്യമായോ പരസ്യം ചെയ്തോ നൽകാൻ പാടുള്ളതല്ല. എന്നാൽ ഇതിലെ രസകരമായ വസ്തുത , പ്രശസ്തിക്കും പൊങ്ങച്ചത്തിനുമായി ഇവർ നേതാക്കളെയും പ്രശസ്ത വ്യക്തികളെയും ഇത്തരം പരിപാടികൾക്ക് അതിഥികളായും ക്ഷണിക്കാറുണ്ട് എന്നതാണ്.

ഇത്തരം പരസ്യ പ്രചാരണങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ബാദ്ധ്യത ഇനിമുതൽ ഡി.ഡി.ഇ മാർ, വി.എച്ച്.എസ് .സി അസി.ഡയറക്ടർമാർ,ഹയർ സെക്കൻഡറി മേഖലാ ഡെപ്യൂട്ടി ഡയറക്ടർമാർ,ഡി.ഈ.ഒ മാർ, എ .ഇ .ഒ മാർ, പ്രിൻസിപ്പൽമാർ, പ്രധാനാധ്യാപകർ എന്നിവർക്കാണ്.

കുട്ടികളുടെ മനസ്സിന് മുറിവേൽപ്പിക്കുന്നതും മറ്റു കുട്ടികളുടെയിടയിൽ രണ്ടാംകിട പൗരന്മാരാക്കുന്നതുമായ ഇതുപോലുള്ള സംഭവങ്ങൾ ദൃഷ്ടിയിൽപ്പെട്ടാൽ മുകളിൽപ്പറഞ്ഞ അദ്ധ്യാപകരെയും അധികാരികളെയും വിവരമറിയിക്കുന്നതോടൊപ്പം ബാലാവകാശ കമ്മീഷന്റെ ശ്രദ്ധയിലും കൊണ്ടുവരാൻ രക്ഷാകർത്താക്ക ളുൾപ്പെടെ ഓരോ പൗരന്മാരും ശ്രമിക്കേണ്ടതാണ്

പലപ്പോഴും ഇതുപോലുള്ള സന്ദർഭങ്ങളിൽ സാമൂഹിക അകലം പോലും നേതാക്കളുൾപ്പെടെയുള്ളവർ പാലിക്കാത്തത് ഈ സാധുക്കളെക്കൂടി അപകടത്തിൽ ചാടിക്കലാണ്. ഇവരുടെയൊക്കെ മാസ്ക്ക് കഴുത്തിലാണ് തൂങ്ങുന്നത്.

political person5
Advertisment