ഇന്ത്യന്‍ സിനിമ

ശില്‍പ്പ ഷെട്ടി അനുഭവിക്കുന്ന മാനസിക വിഷമത്തെ പറ്റിയാണ് താന്‍ ആലോചിക്കുന്നത്; രാജ് കുന്ദ്രയുടെ കമ്പനിയില്‍ നിന്നും തനിക്കുണ്ടായ ദുരനുഭവത്തെ പറ്റി ഇപ്പോള്‍ സംസാരിക്കാനാഗ്രഹിക്കുന്നില്ലെന്ന് പൂനം പാണ്ഡെ; ഒരു വീഡിയോ കോളിൽ പങ്കെടുക്കവെ തന്നോട് രാജ് കുന്ദ്ര നഗ്ന വീഡിയോ ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തി നടി സാഗരിക ഷോണ

ഫിലിം ഡസ്ക്
Wednesday, July 21, 2021

മുംബൈ: നീല ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി നടി പൂനം പാണ്ഡെ. ഈ അവസരത്തില്‍ ശില്‍പ്പ ഷെട്ടി അനുഭവിക്കുന്ന മാനസിക വിഷമത്തെ പറ്റിയാണ് താന്‍ ആലോചിക്കുന്നതെന്നും രാജ് കുമാറിന്റെ കമ്പനിയില്‍ നിന്നും തനിക്കുണ്ടായ ദുരനുഭവത്തെ പറ്റി ഇപ്പോള്‍ സംസാരിക്കാനാഗ്രഹിക്കുന്നില്ലെന്നും പൂനം പാണ്ഡെ പറഞ്ഞു.

2019 ല്‍ രാജ് കുന്ദ്രയ്‌ക്കെതിരെയും ഇയാളുടെ സഹപ്രവര്‍ത്തകര്‍ക്കെതിരെയും ബോംബെ ഹൈക്കോടതിയില്‍ പൂനം പരാതി ഫയല്‍ ചെയ്തിരുന്നു. ആര്‍മ്‌സ്‌പ്രൈം മീഡിയ എന്ന രാജ് കുന്ദ്രയുടെ കമ്പനിയുമായി പൂനം പാണ്ഡെയ്ക്ക് കരാറുണ്ടായിരുന്നു.

ഇത് പ്രകാരം പൂനത്തിന്റെ പേരിലുള്ള ആപ്പ് ഈ കമ്പനിയായിരുന്നു കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ കരാര്‍ അവസാനിച്ച ശേഷവും തന്റെ ദൃശ്യങ്ങള്‍ കമ്പനി ഉപയോഗിച്ചു എന്നായിരുന്നു പൂനത്തിന്റെ പരാതി.

എന്നാല്‍ രാജ് കുന്ദ്ര അറസ്റ്റ് ചെയ്യപ്പെട്ട ശേഷം ഇതേ പറ്റി ഇപ്പോള്‍ സംസാരിക്കുന്നില്ലെന്നാണ് പൂനം പറയുന്നത്. ‘ഈ നിമിഷം ശില്‍പ്പ ഷെട്ടിയോടും അവരുടെ കുട്ടികളോടൊപ്പവുമാണ് എന്റെ ഹൃദയം.

അവരിപ്പോള്‍ കടന്നു പോവുന്ന സാഹചര്യം എനിക്ക് ആലോചിക്കാന്‍ പറ്റുന്നില്ല. അതിനാല്‍ ഞാന്‍ നേരിട്ട ദുരനുഭവത്തെ പറ്റി പറയാന്‍ ഞാന്‍ തയ്യാറല്ല,’ പൂനം പാണ്ഡെ പറഞ്ഞു. അതേസമയം താന്‍ 2019 ല്‍ കുന്ദ്രയ്‌ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും ഇപ്പോള്‍ കോടതിയിലുള്ള കേസില്‍ താന്‍ അഭിപ്രായം പറയുന്നില്ലെന്നും പൂനം പറഞ്ഞു.

രാജ് കുന്ദ്രയ്ക്കെതിരെ ആരോപണം ഉന്നയിച്ച് നടി സാഗരിക ഷോണ സുമനും രംഗത്തെത്തി. ഓഡീഷനായി നഗ്നവീഡിയോ അയക്കാൻ രാജ് കുന്ദ്ര ആവശ്യപ്പെട്ടതായി നടി മാധ്യമങ്ങളോട് പറഞ്ഞു.

ഒരു വീഡിയോ കോളിൽ പങ്കെടുക്കവെയാണ് അയാൾ തന്നോട് നഗ്നവിഡിയോ ആവശ്യപ്പെട്ടത്. താൻ അത് വിസമ്മതിച്ചു. പിന്നീട് ഓഡീഷന് പങ്കെടുത്തില്ല എന്നും നടി പറഞ്ഞു.

×