Advertisment

പോപ്പുലർ ഫൈനാൻസ് തട്ടിപ്പ് !!

New Update

publive-image

Advertisment

പത്തനംതിട്ട ജില്ലയിലെ വകയാർ കേന്ദ്രമാക്കി പ്രവർത്തിച്ചുവന്ന 274 ൽ അധികം ശാഖകളുണ്ടായിരുന്നതും പതിറ്റാണ്ടുകൾ പാരമ്പര്യമുള്ളതുമായ പോപ്പുലർ ഫൈനാൻസ് എന്ന സ്വകാര്യ സ്ഥാപനം പതിനായിരത്തിലധികം ആളുകളുടെ 2000 കോടിയിലധികം രൂപയുടെ തട്ടിപ്പുനടത്തി, ഉടമകളായ തോമസ് ഡാനിയലും ഭാര്യ പ്രഭാ തോമസും ഒളിവിൽപ്പോയിരിക്കുകയാണ്.

കേരളത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞ സാമ്പത്തികത്തട്ടിപ്പാണിത്. സ്ഥലം വിറ്റും ചിട്ടിപിടിച്ചും, റിട്ടയർമെന്റിൽ കിട്ടിയ പണവും മകളുടെ വിവാഹാവശ്യത്തിനുള്ള പണവും ഒക്കെ നിക്ഷേപിച്ച 30-40 ലക്ഷം രൂപവരെ നഷ്ടപ്പെട്ടവർ പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്.

ഇതുകൂടാതെ അനവധി പ്രവാസികളുടെ നിക്ഷേപവും വേറെയുണ്ട്. കോന്നി പോലീസ് സ്റ്റേഷനിൽ മാത്രം 120 പരാതികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പത്തനം തിട്ട പോലീസ് സ്റ്റേഷനിൽ ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത് 48 പരാതികളാണ്.

ഇത്തരം ധനകാര്യസ്ഥാപനങ്ങൾ നമ്മുടെ നാട്ടിൽ ധാരാളമുണ്ട്. ആളുകളെ പല വിധത്തിൽ പ്രലോഭിപ്പിച്ച്‌ അവരുടെ വിശ്വാസമാർജ്ജിച്ചാണ്‌ ഇവർ നിക്ഷേപ സമാഹരണം നടത്തുന്നത്.

നിക്ഷേപത്തിനുപകരം ഒരു വ്യക്തിക്ക് ജോലി, ജോലിക്ക് പകരമായി നിക്ഷേപം സമാഹരിക്കാമെന്ന ഗ്യാരണ്ടി, നിക്ഷേപങ്ങൾക്ക് 12 % മുതൽ 18 % വരെ വാർഷികപലിശ. നിക്ഷേപകർക്ക് സമ്മാനങ്ങൾ ഇങ്ങനെപോകുന്നു ഇവരുടെ ബിസിനസ്സ് രീതികൾ.

ഇത്തരം ധനകാര്യസ്ഥാപനങ്ങൾ നടത്തുന്നവർ സാമ്പത്തികമായി നല്ല നിലയിലുള്ളവരും ഒട്ടുമിക്കവരും ആഢംബരജീവിതം നയിക്കുന്നവരുമാണ്. അത് ബിസ്സിനസ്സ് വ്യാപിപ്പിക്കാനുള്ള ഒരു വലിയ ഘടകം കൂടിയാണ്.

ഇതുപോലെ തട്ടിപ്പുനടത്തി പൂട്ടിക്കെട്ടിയ സ്ഥാപനങ്ങൾ നമ്മുടെ നാട്ടിൽ നിരവധിയുണ്ട്. ഒട്ടുമിക്ക സ്ഥലങ്ങളിലും ഇത് സംഭവിച്ചിട്ടുണ്ടെന്നും നാമറിയണം.

ഇതുപോലെ ഡിപ്പോസിറ്റും ചിട്ടിയും നടത്തി ആളുകളെ പറ്റിച്ച ഒരു വ്യക്തിയിൽ നിന്ന് എൻ്റെ സുഹൃത്തിനു നഷ്ടപ്പെട്ട മുഴുവൻ തുകയും ഞാൻ കൂടി ഇടപെട്ട് കൊല്ലം റൂറൽ എസ്‌പി വഴി ഒരു കൊല്ലം മുൻപ് വാങ്ങിക്കൊടുത്തത് ഈയവസരത്തിൽ ഓർക്കുകയാണ്.

തട്ടിപ്പുകൾ നടത്തിയശേഷം വിദേശരാജ്യങ്ങളിൽ ബിനാമി സ്വത്തുക്കൾ വാങ്ങിക്കൂട്ടി നാടുവിടുന്നത് മുൻകൂട്ടിതയ്യറാക്കിയ തിരക്കഥ തന്നെയാണ്.

നമ്മുടെ നിയമത്തിൻ്റെ പഴുതുകളാണ് ഇത്തരക്കാർ സമർത്ഥമായി ചൂഷണം ചെയ്യുന്നത്. അല്ലെങ്കിൽ താൻ പാപ്പരാണെന്ന ഹർജിനൽകാൻ അവർ നടത്തുന്ന നീക്കങ്ങൾ എന്തിനാണ് ?

പണം നഷ്ടപ്പെട്ട പാവങ്ങൾക്ക് അത് മടക്കിക്കിട്ടാനുള്ള സാദ്ധ്യത എത്രത്തോളമുണ്ടെന്ന് ഇതിൽനിന്നുതന്നെ നമുക്കൂഹിക്കാം.

സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തുന്നവർ പിടിക്കപ്പെട്ടാൽ കോടതിയിൽ നിന്ന് ജാമ്യം നേടി അവർക്ക് സാധാരണജീവിതം നയിക്കുന്നതിന് തടസ്സമില്ല.

കേസ് മുന്നോട്ടു നടത്തുമ്പോൾ തന്നെ സ്വന്തം പേരിലോ കുടുംബാംഗങ്ങളുടെ പേരിലോ സ്വത്തുവകകൾ ഉണ്ടെങ്കിൽ മാത്രമേ ജപ്തിചെയ്യാൻ കഴിയുകയുള്ളു. ഇനി അഥവാ കോടതി പാപ്പരായി പ്രഖ്യാപിച്ചാൽ പിന്നെ ബാദ്ധ്യതകളിൽ നിന്ന് മോചിതനുമാകാം.

വളരെ ചിന്തിച്ചും കണക്കുകൂട്ടിയും മാത്രമേ ഇത്തരം സ്ഥാപനങ്ങളിൽ നിക്ഷേപങ്ങളും മറ്റും നടത്താൻ പാടുള്ളു. അമിതമായ ലാഭത്തോടുള്ള ആർത്തിയാണ് ആളുകളെ ആപത്തിൽ ചാടിക്കുന്നത്.

ദേശസാൽകൃത ബാങ്കുകൾ 7 ശതമാനം വരെയും ട്രഷറികൾ 8 ശതമാനം വരെയും (മുതിർന്ന പൗരന്മാർക്ക് 8.5 %) ആണ് നിക്ഷേപങ്ങൾക്ക് പലിശ നല്കുന്നുള്ളുവെങ്കിലും ഓർക്കുക നമ്മുടെ പണം അവിടെ വളരെ സുരക്ഷിതമായിരിക്കും.

സഹകരണ സ്ഥാപനങ്ങളിൽ നിക്ഷേപിക്കുമ്പോഴും നല്ല കരുതൽ ആവശ്യമാണ്. കൊല്ലം ജില്ലയിലെ താമരക്കുടി സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ച നൂറുകണക്കിനാൾക്കാർ ഇന്നും പെരുവഴിയിലാണ്.

നല്ലരീതിയിൽ സുതാര്യതയോടെ പ്രവർത്തിക്കുന്ന സഹകരണപ്രസ്ഥാനങ്ങളെ നമ്മുടെ വിലപ്പെട്ട നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്നതിൽ തെറ്റില്ല.

 

voices prakash nayar
Advertisment