'യുപിയില്‍ ലതാ മങ്കേഷ്‌ക്കറിന്റെ പേരില്‍ എട്ടു കോടിയുടെ 'വീണ', സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ചോറിനൊപ്പം ഉപ്പ്'; പ്രതികരിച്ച് പ്രകാശ് രാജ്

author-image
പൊളിറ്റിക്കല്‍ ഡസ്ക്
Updated On
New Update

publive-image

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസമാണ് അയോധ്യയിലെ 'ലതാ മങ്കേഷ്‌കർ ചൗക്ക്' ഉദ്ഘാടനം ചെയ്തത്. ഇന്ത്യയുടെ ഇതിഹാസ ​ഗായിക ലതാ മങ്കേഷ്കറിന്റെ 93-ാം ജന്മദിനത്തോടനുബന്ധിച്ച് 40 അടി നീളമുള്ള ഒരു ഭീമൻ 'വീണ'യാണ് സമർപ്പിച്ചത്. എന്നാൽ കോടികൾ മുടക്കി വീണ സ്ഥാപിക്കുമ്പോൾ അയോദ്ധ്യയിലെ തന്നെ ഒരു പ്രൈമറി സ്കൂളിൽ കുട്ടികളുടെ ഉച്ചഭക്ഷണം ഉപ്പും ചോറുമാണ് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് നിരവധി പേർ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ഇതിനെ വിമർശിച്ചുകൊണ്ടുള്ള നടൻ പ്രകാശ് രാജിന്റെ ട്വീറ്റാണ് ശ്രദ്ധേയമാവുന്നത്. ട്വീറ്റിനെ പിന്തുണച്ചുകൊണ്ട് നിരവധിപേരും എത്തിയിട്ടുണ്ട്.

Advertisment

40 അടി നീളവും 12 മീറ്റർ ഉയരവും 14 ടൺ ഭാരവുമുള്ള 'വീണ'യാക്ക് വേണ്ടി 7.9 കോടിയാണ് മുടക്കിയിരിക്കുന്നത്. ​ഗായികയുടെ 92 വർഷത്തെ ജീവിതത്തെ പ്രതിനിധീകരിക്കുന്ന 92 താമരകൾ, സപ്ത സ്വരങ്ങളെ പ്രതിനിധീകരിക്കുന്ന ഏഴ് തൂണുകളും ഉണ്ട്. സരയൂ നദിയുടെ തീരത്താണ് ലതാ മങ്കേഷ്‌കർ ചൗക്ക് സ്ഥാപിച്ചിരിക്കുന്നത്.  അതേസമയം, അയോധ്യയിലെ ഒരു സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പാകം ചെയ്ത ചോറും ഉപ്പും കൊടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കേന്ദ്ര സർക്കാറിന്റ ഉച്ചഭക്ഷണ പദ്ധതിയിലാണ് സർക്കാർ സ്കൂളുകളിൽ ഭക്ഷണം നൽകുന്നത്. എന്നാൽ അവിടെയും വിദ്യാർത്ഥികൾ അനുഭവിക്കുന്ന ദുരിതം ഇത്തരത്തിലാണ് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു വീഡിയോ പുറത്തു വന്നത്. 'മിഡ്-ഡേ മീൽ മെനു' എന്ന് ബോർഡും വീഡിയോയിൽ കാണാം.

വൈറലായ വീഡിയോയുടെ അടിസ്ഥാനത്തിൽ സ്കൂൾ പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തതായി ജില്ലാ മജിസ്‌ട്രേറ്റ് നിതീഷ് കുമാർ അറിയിച്ചിരുന്നു. സംഭവത്തിൽ ഡിഎം അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. സ്കീം മെനു പ്രകാരമാണ് ഭക്ഷണം നൽകേണ്ടത്, ഇത്തരത്തിൽ ഒരു അലംഭാവവും വെച്ചുപൊറുപ്പിക്കില്ലെന്നും നിതീഷ് കുമാർ പറഞ്ഞു. 2019-ൽ ഉത്തർപ്രദേശിലെ മിർസാപൂർ ജില്ലയിലെ ഒരു പ്രൈമറി സ്‌കൂളിൽ കുട്ടികൾ ഉച്ചഭക്ഷണത്തിൽ റൊട്ടിയും ഉപ്പും കഴിക്കുന്നത് ചിത്രീകരിച്ചതിന് മിർസാപൂർ ജില്ലയിലെ മാധ്യമപ്രവർത്തകനെ സസ്പെൻഡ് ചെയ്തതും വാർത്തയായിരുന്നു.

Advertisment