Advertisment

അമേരിക്കയില്‍ കേരള ഡിബേറ്റ്‌ ഫോറം ഇന്ത്യന്‍ ഇലക്ഷന്‍ ടെലി-ഡിബേറ്റ്‌ സംഘടിപ്പിക്കുന്നു

New Update

ഹ്യൂസ്റ്റന്‍:  ഇന്ത്യയില്‍ ലോകസഭയിലേക്കുള്ള ചൂടേറിയ തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ തിരുതകൃതിയായി നടക്കുന്ന ഈ അവസരത്തില്‍ താല്‍പ്പര്യമുള്ള അമേരിക്കന്‍ മലയാളികള്‍ക്കായി കേരള ഡിബേറ്റ്‌ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ടെലികോണ്‍ഫറന്‍സ്‌ മാതൃകയില്‍ ടെലി-ഡിബേറ്റ്‌ സംഘടിപ്പിക്കുന്നു.

Advertisment

അമേരിക്കയിലെ മാത്രമല്ല ലോകത്തിന്റെ ഏതു ഭാഗത്തുള്ളവര്‍ക്കും ടെലിഫോണിലൂടെ ഈ ഇലക്ഷന്‍ സംവാദത്തില്‍-ഡിബേറ്റില്‍ പങ്കെടുക്കാവുന്നതാണ്‌. ഇന്ത്യയില്‍ വോട്ടവകാശമുള്ളവരും ഇല്ലാത്തവരുമായ അനേകം ഇന്ത്യന്‍ വംശജര്‍ അമേരിക്കയില്‍ അധിവസിക്കുന്നു. ഇന്ത്യന്‍ രാഷ്‌ട്രീയ ഭരണ അടിയൊഴുക്കുകള്‍ അവരെ ഏവരെയും വിവിധ തരത്തില്‍ ബാധിക്കാറുണ്ട്‌.

publive-image

പലര്‍ക്കും ഇന്ത്യയില്‍ ബന്ധുക്കളുണ്ട്‌, സ്വത്തുക്കളുണ്ട്‌. അവിടത്തെ വിവിധ ഭരണ തട്ടകങ്ങളിലുള്ള കാര്യക്ഷമതയില്ലായ്‌മ, അഴിമതി, സ്വജനപക്ഷപാതം, അരക്ഷിതാവസ്ഥ, പ്രവാസിചൂഷണങ്ങള്‍, പാസ്‌പോര്‍ട്ട്‌, വിസാ, ടാക്‌സ്‌ തുടങ്ങിയവയെപറ്റിയൊക്കെ നിരവധിപേര്‍ ആശങ്കാകുലരാണ്‌.

ഈ ചുറ്റുപാടില്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന വിവിധ രാഷ്‌ട്രീയ കക്ഷികളുടെയും, മുന്നണികളുടെയും, മാനിഫെസ്റ്റോയും, പ്രകടനപത്രികകളും വാഗ്‌ദാനങ്ങളും പഴയകാല ട്രാക്ക്‌ റിക്കാര്‍ഡുകളും പരിശോധിക്കുന്നതും മനസ്സിലാക്കുന്നതും അഭികാമ്യമാണ്‌.

ഇന്ത്യന്‍ തെരഞ്ഞെടുപ്പില്‍ മാറ്റുരക്കുന്ന വിവിധ കക്ഷികളുടെയും വ്യക്തികളുടെയും ഓവര്‍സീസ്‌ പ്രതിനിധികളും സംഘടനാ നേതാക്കളും ഈ ഡിബേറ്റില്‍ പങ്കെടുക്കും. ഇന്ത്യയിലായിരുന്നപ്പോള്‍ തിളക്കമാര്‍ന്ന രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളവരും ഈ സംവാദത്തില്‍ ക്രിയാത്മകമായി പങ്കെടുക്കാമെന്ന്‌ സമ്മതിച്ചിട്ടുണ്ട്‌.

സാമൂഹ്യ-സാംസ്‌ക്കാരിക സംഘടനാ പ്രവര്‍ത്തകരും, എഴുത്തുകാരും, സാഹിത്യകാരന്മാരും വിവിധ ദൃശ്യശ്രാവ്യപത്രമാധ്യമ പ്രമുഖരും ഈ തെരഞ്ഞെടുപ്പ്‌ ബോധവല്‍ക്കരണ ടെലികോണ്‍ഫറന്‍സ്‌ സംവാദത്തില്‍ ആദ്യവസാനം പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നു. ഏവരെയും സവിനയം സംഘാടകര്‍ സ്വാഗതം ചെയ്യുന്നു.

മുഖ്യമായി വിവിധ രാഷ്‌ട്രീയ കൂട്ടു കക്ഷി മുന്നണികളാണ്‌ ഈ തെരഞ്ഞെടുപ്പ്‌ ഗോദായില്‍ കൊമ്പുകോര്‍ക്കുന്നത്‌. ഇതില്‍ മുഖ്യമായ എല്ലാ കക്ഷികളുടെയും അമേരിക്കന്‍ പ്രതിനിധികളും അഭ്യുദയകാംക്ഷികളും ഈ ഡിബേറ്റില്‍ കാര്യമാത്രപ്രസക്തമായി സമയപരിധിക്കുള്ളില്‍ നിന്ന്‌ സംസാരിയ്‌ക്കാമെന്ന്‌ സമ്മതിച്ചിട്ടുണ്ട്‌. ഡിബേറ്റില്‍ സംസാരിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും സൗകര്യമുള്ളപോലെതന്നെ പേരുപോലും പറയാതെ, വെളിപ്പെടുത്താതെ ഒരു നിശബ്‌ദ ശ്രോതാവായും ആര്‍ക്കും പങ്കെടുക്കാവുന്നതാണ്‌.

publive-image

അവതരണത്തില്‍ കക്ഷിഭേദമന്യെ തികച്ചും നിഷ്‌പക്ഷതയും, നീതിയും പുലര്‍ത്തുന്ന കേരളാ ഡിബേറ്റ്‌ ഫോറത്തിന്റെ ഈ സംവാദ പ്രക്രീയയില്‍ ഏവരും മോഡറേറ്ററുടെ നിര്‍ദ്ദേശങ്ങളും, അഭ്യര്‍ത്ഥനകളും ദയവായി കര്‍ശനമായി പാലിക്കേണ്ടതാണ്‌. ആവേശം അലതല്ലുന്ന ഈ രാഷ്‌ട്രീയ ആശയ-പ്രത്യയശാസ്‌ത്ര സംവാദത്തില്‍ അമേരിക്കയിലെ നാനാഭാഗങ്ങളില്‍ നിന്നായി 200 ല്‍ പരം ആളുകളെയാണ്‌ പ്രതീക്ഷിക്കുന്നത്‌.

ഇത്തരത്തില്‍ ബൃഹത്തായ ഈ രാഷ്‌ട്രീയ തെരഞ്ഞെടുപ്പ്‌ സംവാദത്തിന്റെ നടത്തിപ്പിനും വിജയത്തിനും, പങ്കെടുക്കുന്ന എല്ലാവരുടെയും പൂര്‍ണ്ണ സഹകരണം അത്യന്താപേക്ഷിതമാണ്‌. സംവാദത്തില്‍ കേരള ലോകസഭ തെരഞ്ഞെടുപ്പ്‌ സംബന്ധമായ വിഷയങ്ങളില്‍ കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നതായിരിക്കും ഏപ്രില്‍ 12 (വെള്ളി), വെകുന്നേരം 9 മണി (ന്യൂയോര്‍ക്ക്‌ ടൈം-ഈസ്റ്റേണ്‍ സ്റ്റാന്‍ഡാര്‍ഡ്‌ ടൈം) ആയിരിക്കും ഡിബേറ്റ്‌ തുടങ്ങുക.

അമേരിക്കയിലെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക്‌ 9 പി.എം.എന്ന ഈസ്റ്റേണ്‍ സ്റ്റാന്‍ഡാര്‍ഡ്‌ സമയത്തിന്റെ അടിസ്ഥാനത്തില്‍ അവരവരുടെ സ്റ്റേറ്റിലെ സമയം കണക്കാക്കി ഫോണ്‍ ഡയല്‍ ചെയ്‌ത്‌ ടെലികോണ്‍ഫറന്‍സ്‌ ഡിബേറ്റില്‍ പ്രവേശിക്കാവുന്നതാണ്‌. ടെലികോണ്‍ഫറന്‍സ്‌ ഡിബേറ്റില്‍ സംബന്ധിക്കുന്നവര്‍ സെല്‍ഫോണ്‍ ഉപയോഗിക്കുന്നതിനേക്കാള്‍ അഭികാമ്യം ലാന്‍ഡ്‌ ഫോണ്‍ ഉപയോഗിക്കുന്നതാണ്‌.

ടെലികോണ്‍ഫറന്‍സ്‌ ഡിബേറ്റിലേക്കായി ഡയല്‍ ചെയ്യേണ്ട നമ്പര്‍ : 1-605-472-5785 പാര്‍ട്ടിസിപ്പന്റ്‌ അക്‌സസ്‌ കോഡ്‌ : 959248 എല്ലാ പ്രമുഖ രാഷ്‌ട്രീയകക്ഷികളുടെയും ഓവര്‍സീസ്‌-അമേരിക്കന്‍ പ്രതിനിധികളും നേതാക്കളുമായി കേരള ഡിബേറ്റ്‌ ഫോറം പ്രവര്‍ത്തകര്‍ക്ക്‌ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ ഇതൊരു പ്രത്യേക ക്ഷണമായി കണക്കാക്കി പ്രവര്‍ത്തകരും പ്രതിനിധികളും താഴെ കാണുന്ന ഡിബേറ്റ്‌ ഫോറം പ്രവര്‍ത്തകരെ വിളിച്ച്‌ ഇന്നുതന്നെ അവരുടെ പ്രാതിനിധ്യം ഉറപ്പാക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വിളിക്കുക - എ.സി. ജോര്‍ജ്ജ്‌ : 281-741-9465, സണ്ണി വള്ളിക്കളം : 847-722-7598, റെജി ചെറിയാന്‍: 404-425-4350, തോമസ്‌ കൂവള്ളൂര്‍ : 914-409-5772, ഭാരതി പണിക്കര്‍: 914-450-7345, ടോം വിരിപ്പന്‍ : 832-462-4596, മാത്യൂസ്‌ ഇടപ്പാറ : 845-309-3671, സജി കരിമ്പന്നൂര്‍ : 813-401-4178, തോമസ്‌ ഓലിയാന്‍കുന്നേല്‍ : 713-679-9950, കുഞ്ഞമ്മ മാതൃു : 281-741-8522, മോട്ടി മാത്യു: 713-231-3735.

Advertisment