Advertisment

കേരളാ റൈറ്റേഴ്‌സ്‌ ഫോറത്തില്‍ പുസ്‌തക പ്രകാശനം - പ്രബന്ധാവതരണം - കഥാപാരായണം

New Update

ഹ്യൂസ്റ്റന്‍:  ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടേയും വായനക്കാരുടേയും മലയാള ഭാഷാ സ്‌നേഹികളുടേയും സംയുക്ത സംഘടനയായ കേരളാ റൈറ്റേഴ്‌സ്‌ ഫോറത്തിന്റെ മെയ്‌ മാസത്തെ സമ്മേളനം മെയ്‌ 26-ാം തീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള കേരളാ കിച്ചന്‍ റസ്റ്റോറന്റ്‌ ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ്‌ ഡോ. സണ്ണി എഴുമറ്റൂരിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു.

Advertisment

publive-image

ഇപ്രാവശ്യത്തെ യോഗത്തില്‍ ഒരു പ്രത്യേകത രണ്ടു പുസ്‌തകങ്ങളുടെ പ്രകാശനമായിരുന്നു. മാത്യു നെല്ലിക്കുന്ന്‌ പബ്ലിഷിംഗ്‌ കോ-ഓര്‍ഡിനേറ്ററായി തയ്യാറാക്കിയ റൈറ്റേഴ്‌സ്‌ ഫോറത്തിന്റെ തന്നെ ഭാഷാ സാഹിത്യ രചനകള്‍ കോര്‍ത്തിണക്കിയ 'പൂന്തോട്ടത്തില്‍ ഒരു പിടി പൂക്കള്‍' എന്ന പുസ്‌തകവും, ജോണ്‍ മാത്യുവിന്റെ 'നിറമണിയും നിമിഷങ്ങള്‍'- ഭാഗം 3 എന്ന പുസ്‌തകവുമായിരുന്നു അവ. മാത്യു നെല്ലിക്കുന്നും, ജോണ്‍ മാത്യുവും പ്രകാശനം ചെയ്‌ത പുസ്‌തകങ്ങളെപ്പറ്റി ലഘു വിവരണങ്ങള്‍ നല്‍കി. തുടര്‍ന്ന്‌ ഭാഷാ സാഹിത്യ സമ്മേളനമാരംഭിച്ചു. എ.സി. ജോര്‍ജ്ജ്‌ മോഡറേറ്ററായി പ്രവര്‍ത്തിച്ചു.

publive-image

മനുഷ്യമനസ്സുകളെ ഞെട്ടിപ്പിക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും ദിനംപ്രതി വാര്‍ത്തകളില്‍ നിറയുമ്പോള്‍ മനുഷ്യന്‍്‌ എവിടെ, മനുഷ്യത്വം എവിടെ, ധാര്‍മ്മികത എവിടെ എന്ന ചോദ്യങ്ങള്‍ നമ്മള്‍ സ്വയം ചോദിക്കണമെന്ന മുഖവുരയോടെയാണ്‌ മുന്‍ സി.ബി.ഐ. ഉദ്യോഗസ്ഥന്‍ കൂടിയായിരുന്ന ജോസഫ്‌ പൊന്നോലി 'മനുഷ്യനെ തേടി' എന്ന ശീര്‍ഷകത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്‌.

സാങ്കേതികവിദ്യയുടെ പുരോഗതിയിലും മനുഷ്യന്‍ അധഃപതിക്കുകയാണ്‌. ലോകത്തിന്റെ പല ഭാഗങ്ങളിലും യുദ്ധങ്ങള്‍, ചേരിപ്പോരുകള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍, ജാതിമത വിശ്വാസ രാഷ്‌ട്രീയത്തിന്റെ പേരില്‍ വിവേചനം, വെറുപ്പ്‌, തീവ്രവാദം, അക്രമം, കൊലപാതകങ്ങള്‍, ആണ്‍ പെണ്‍ ലൈംഗിക ചൂഷണങ്ങള്‍, പീഡനങ്ങള്‍ എല്ലാം ഇന്നു സര്‍വ്വസാധാരണമാണ്‌. ഇതിനെല്ലാം എന്താണ്‌ പരിഹാരം?

publive-image

മാനുഷിക മൂല്യങ്ങള്‍ തിരികെ വരണം. ധര്‍മ്മവും നീതിയും, ആത്മനിയന്ത്രണവും ഓരോ വ്യക്തിയും പ്രായോഗിക തലത്തില്‍ അവലംബിക്കണം. എന്നാല്‍ മാത്രമെ മനുഷ്യവര്‍ഗ്ഗത്തിനു സുസ്ഥിരത കൈവരിക്കുവാന്‍ സാധിക്കുകയുള്ളു. ശരിയായ ഒരു മനുഷ്യനെ, അനേകം നല്ല മനുഷ്യരെ കണ്ടെത്താന്‍ സാധിക്കുകയുള്ളു എന്ന സന്ദേശത്തോടെ അദ്ദേഹം പ്രബന്ധമവസാനിപ്പിച്ചു.

തുടര്‍ന്ന്‌ പ്രസിദ്ധ ഗ്രന്ഥകാരനായ ജോണ്‍ മാത്യു 'മണിമുഴക്കങ്ങള്‍' എന്ന തന്റെ ചെറുകഥ വായിച്ചു. പള്ളിമണികേട്ട്‌ നാട്ടിന്‍പുറത്തെ പഴമക്കാരിയായ ഒരു വല്ല്യമ്മ 'കുഞ്ഞാണ്ടമ്മ'യുടെ പള്ളിക്കകത്തേക്കുള്ള പ്രവേശനത്തോടെ കഥയുടെ ഇതള്‍വിരിയുകയായി. പള്ളിയുടെ അള്‍ത്താര തീര്‍ത്തുകൊടുത്ത ആ നാട്ടിന്‍പുറത്തെ രാജശില്‌പി നീലകണ്‌ഠനാശാരിയുടെ മനോഹരമായ കലാ കരവിരുതിനെപ്പറ്റി കഥാനായിക ഒരിക്കല്‍ക്കൂടി ചിന്തിച്ചുപോയി.

publive-image

തിരുകര്‍മ്മങ്ങള്‍ക്കിടയില്‍ പുള്‍പിറ്റില്‍ കയറി വൈദീകന്‍ അറുബോറന്‍ നീളന്‍ തിരുപ്രസംഗം വച്ചുകാച്ചുമ്പോഴും തനി നാടന്‍ രീതിയില്‍ ചട്ടയും മുണ്ടും കുണുക്കും ധരിച്ചെത്തിയ കുഞ്ഞാണ്ടമ്മയെ വൈദീകന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ദേവാലയത്തില്‍ നിന്നിറങ്ങി വീട്ടിലോട്ടു നടക്കുമ്പോള്‍ തന്റെ പഴയകാല അനുഭവങ്ങളേയും ചിന്തകളേയും താലോലിച്ചുകൊണ്ടിരുന്നു.

ഒപ്പം നാടിനും നാട്ടാര്‍ക്കും വന്ന മാറ്റങ്ങള്‍ കഥാപാത്രത്തിലൂടെ കഥാകൃത്ത്‌ അവതരിപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയപ്പോള്‍ ദ്യശ്യമായ കൊച്ചുമക്കളുടെ പുതിയ ഭാഷാസംസാരങ്ങളും, ഭക്ഷണരീതികളും പെരുമാറ്റങ്ങളും തലമുറക്കാര്‍ തമ്മിലുള്ള വിടവും വ്യക്തമാക്കിക്കൊണ്ടാണ്‌ കഥാഗതി.

publive-image

പ്രബന്ധവും കഥയും വിശകലനം ചെയ്‌തും, അപഗ്രഥിച്ചും നിരൂപണം നടത്തിയും ചര്‍ച്ചാസമ്മേളനത്തില്‍ സന്നിഹിതരായ ഡോ. സണ്ണി എഴുമറ്റൂര്‍, റവ. ഡോ. റോയി വര്‍ഗീസ്‌, മേരി കുരവക്കല്‍, മാത്യു നെല്ലിക്കുന്ന്‌, ജോണ്‍ മാത്യു, എ.സി. ജോര്‍ജ്ജ്‌, ജോസഫ്‌ പൊന്നോലി, മാത്യു മത്തായി, സുരേന്ദ്രന്‍ പട്ടേല്‍, ഗ്രേസി നെല്ലിക്കുന്ന്‌, കുര്യന്‍ മ്യാലില്‍, ബോബി മാത്യു, ഈശോ ജേക്കബ്‌, റോഷന്‍ ജേക്കബ്‌, ജോസഫ്‌ തച്ചാറ, സലീം അറക്കല്‍, ബാബു കുരവക്കല്‍, ജോണ്‍ തൊമ്മന്‍, ടോം വിരിപ്പന്‍ തുടങ്ങിയവര്‍ വളരെ സജീവമായി പങ്കെടുത്തു സംസാരിച്ചു.

കേരളാ റൈറ്റേഴ്‌സ്‌ ഫോറത്തിന്റെ അടുത്ത സമ്മേളനം ജൂണ്‍ 22-ാം തീയതി ശനിയാഴ്‌ച വൈകുന്നേരം 3 മണിക്ക്‌ അനേകം കവിതകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു കാവ്യോത്സവ മായിരിക്കുമെന്ന്‌ സംഘാടകര്‍ അറിയിച്ചു. ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ സാഹിത്യ പ്രതിഭകള്‍ക്കു പുറമെ ഡാലസ്‌, ഒക്കല്‍ഹോമ, ഓസ്റ്റിന്‍ മേഖലകളില്‍ നിന്നുള്ള കവികളും സാഹിത്യകാരന്മാരും കാവ്യോത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന വിവരം കേരളാ റൈറ്റേഴ്‌സ്‌ ഫോറം ഭാരവാഹികള്‍ അറിയിച്ചു.

Advertisment