Advertisment

അപകടത്തില്‍ പെട്ട വാഹനത്തില്‍ നിന്ന് ഡ്രൈവറുടെ രക്ഷകനായി എത്തിയത് ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ ആന്‍ഡ്രൂ കുഓമോ

New Update

ന്യൂയോര്‍ക്ക്:  ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഗവണ്ണര്‍ ആന്‍ഡ്രൂ കുഓമോ വാഹനാപകടത്തില്‍ പെട്ടയാളുടെ രക്ഷകനായി എത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് ബ്രൂക്‌ലിന്‍-ക്വീന്‍സ് എക്സ്പ്രസ്‌വേയിലാണ് വാഹനത്തില്‍ കുടുങ്ങിയ ആളെ രക്ഷിക്കാന്‍ ഗവര്‍ണ്ണര്‍ എത്തിയത്.

Advertisment

ഗവര്‍ണ്ണറുടെ ഓഫീസ് പകര്‍ത്തിയ വീഡിയോയില്‍, ഹൈവേയുടെ മീഡിയന് മുകളിലേക്ക് ഇടിച്ചുകയറിയ കാറില്‍ അകപ്പെട്ടുപോയ ഡ്രൈവറെ പുറത്തിറങ്ങാന്‍ സഹായിക്കുന്ന ഗവര്‍ണ്ണറെ കാണാം.

publive-image

അസ്സോസിയേഷന്‍ ഫോര്‍ എ ബെറ്റര്‍ ന്യൂയോര്‍ക്ക് ആതിഥ്യമരുളിയ ഉച്ചഭക്ഷണം കഴിഞ്ഞിറങ്ങി ബ്രൂക്ക്‌ലിന്‍-ക്വീന്‍സ് എക്സ്‌പ്രസ്‌വേയിലൂടെ സഞ്ചരിക്കവേയാണ് ഗവര്‍ണ്ണര്‍ വാഹനാപകടം കണ്ടതെന്ന് ഗവര്‍ണ്ണറുടെ ഓഫീസ് അറിയിച്ചു.

തുടര്‍ന്ന് ഗവര്‍ണ്ണര്‍ വാഹനത്തില്‍ നിന്നിറങ്ങി അപകടത്തില്‍ പെട്ടയാളെ സീറ്റ് ബെല്‍റ്റ് മുറിച്ചു മാറ്റി കാറില്‍ നിന്ന് പുറത്തിറക്കുകയായിരുന്നു. സംഭവസ്ഥലത്ത് ഗവര്‍ണര്‍ ഒരു സ്ത്രീയെ ആശ്വസിപ്പിക്കുന്നതായും വീഡിയോയിലുണ്ട്. നിമിഷങ്ങള്‍ക്കകം ന്യൂയോര്‍ക്ക് സിറ്റി പോലീസും ഉദ്യോഗസ്ഥരും അപകടം നടന്ന സ്ഥലത്തെത്തി. അപകടത്തില്‍ ആളപായമില്ല എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വരാനിരിക്കുന്ന ഇന്‍ഫ്രാസ്ട്രക്ചറിന്‍റെയും ഗതാഗത മുന്‍ഗണനകളുടെയും അവലോകനത്തിനായാണ് ബെറ്റര്‍ ന്യൂയോര്‍ക്ക് ഉച്ചഭക്ഷണത്തോടെയുള്ള യോഗം വിളിച്ചുകൂട്ടിയത്. ഗവര്‍ണ്ണര്‍ കുഓമോ ആയിരുന്നു മുഖ്യ പ്രഭാഷകന്‍.

ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ മേഖലയിലെ ജൂതന്മാരെ ലക്ഷ്യമിട്ടുള്ള സമീപകാലത്തെ വര്‍ദ്ധിച്ചുവരുന്ന യഹൂദ വിരുദ്ധ ആക്രമണങ്ങളെ അഭിസംബോധന ചെയ്യാനും ഗവര്‍ണര്‍ ഈ അവസരം ഉപയോഗിച്ചു.

'നിങ്ങളുടെ കാലം കഴിയുന്നതിനു മുന്‍പ് ചെങ്കോല്‍ നിങ്ങളുടെ കുട്ടികള്‍ക്ക് കൈമാറുന്ന സമയത്ത്, ഇവിടം മികച്ചതും ശക്തവും മാധുര്യവുമുള്ളതാക്കി തീര്‍ത്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. ഇല്ലെങ്കില്‍, നിങ്ങള്‍ പരാജയപ്പെടും. പക്ഷെ, ഞങ്ങളുടെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റുന്നതില്‍ ഞങ്ങള്‍ പരാജയപ്പെടില്ല,' അദ്ദേഹം ചടങ്ങില്‍ സംബന്ധിച്ചവരെ അഭിസംബോധന ചെയ്തു പറഞ്ഞു.

ഒരു പ്രാദേശിക ജൂത സംഘടന ഈയ്യിടെ നടത്തിയ സോളിഡാരിറ്റി മാര്‍ച്ചില്‍, അടുത്തിടെ നടന്ന വിദ്വേഷ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി 45 മില്യണ്‍ ഡോളര്‍ അധികമായി മതസ്ഥാപനങ്ങള്‍ക്ക് അനുവദിക്കുമെന്ന് ഗവര്‍ണ്ണര്‍ പ്രഖാപിച്ചിരുന്നു.

ആഭ്യന്തര ഭീകരതയും പക്ഷപാത പ്രേരിതമായ സംഭവങ്ങളും തുടരുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍, ഈ ആഴ്ച അവസാനം സംസ്ഥാന നിയമസഭ വീണ്ടും ചേരുമ്പോള്‍ അദ്ദേഹം നിര്‍ദ്ദേശിക്കുന്ന പുതിയ നിയമനിര്‍മ്മാണത്തെക്കുറിച്ചും ഗവര്‍ണ്ണര്‍ അവലോകനം ചെയ്തു.

ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിന്‍ പാലത്തിന് കുറുകെ ഞായറാഴ്ച നടന്ന മാര്‍ച്ചില്‍ പതിനായിരക്കണക്കിന് ജൂതന്മാരും ഇതര വിശ്വാസസമൂഹവും ന്യൂയോര്‍ക്ക് നിവാസികളും ഒഴുകിയെത്തിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സാന്‍ ബെര്‍ണാര്‍ഡിനോയിലെ സെന്‍റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഹേറ്റ് ആന്‍ഡ് എക്സ്ട്രിമിസത്തിന്‍റെ വരാനിരിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച്, ന്യൂയോര്‍ക്ക് നഗരത്തിലെ വിദ്വേഷ കുറ്റകൃത്യങ്ങള്‍ 2001 ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയിലെത്തുകയാണ്.

'അടുത്ത ഭീകര പ്രവര്‍ത്തനത്തെ ഭയപ്പെടാന്‍ നമ്മുടെ ജൂത അയല്‍ക്കാര്‍ക്ക് അവസരമുണ്ടാക്കില്ല,' ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ഡി ബ്ലാസിയോ ഡിസംബര്‍ അവസാനം ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു. 'ന്യൂയോര്‍ക്ക് സിറ്റിയെ സംബന്ധിച്ച് വൈവിധ്യമാണ് ഞങ്ങളുടെ ശക്തി.

നാനാത്വത്തില്‍ ഏകത്വമാണ് ഞങ്ങളുടെ മുഖമുദ്ര. ന്യൂയോര്‍ക്ക് നഗരത്തെ സ്വന്തം വീടാണെന്ന് സങ്കല്പിക്കുന്ന എല്ലാവരുടെയും പാരമ്പര്യങ്ങളെ ഞങ്ങള്‍ മാനിക്കുന്നു. നമ്മുടെ വൈവിധ്യത്തില്‍ ഒരു പരസ്പര വിരുദ്ധതയും കാണാന്‍ കഴിയില്ല. അസഹിഷ്ണുത ഒരിക്കലും ഇവിടെ വെച്ചുപൊറുപ്പിക്കില്ല.' അദ്ദേഹം പറഞ്ഞു.

Advertisment