Advertisment

യു കെ മലയാളികളുടെ കൊറോണ വൈറസ് പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ യുണൈറ്റഡ് മലയാളി ഓർഗനൈസേഷനോടൊപ്പം മലയാളി ഡോക്ടർമാരും നേഴ്സുമാരും പരസ്പര സഹായ സംരംഭ രൂപീകരണത്തിന്‌

New Update

യു കെ:  കൊറോണ വൈറസ് അഥവാ കോവിഡ് 19 എന്ന പകർച്ചവ്യാധി ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തിയിട്ട് മാസങ്ങളായി. പകർച്ചവ്യാധിയുടെ വ്യാപനവും, പ്രത്യാഘാതങ്ങളും അനിയന്ത്രിതമായി തുടരുമ്പോൾ, പല രാജ്യങ്ങളും, സന്ദർശകരെ വിലക്കിയും, കർശനമായ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയും, പൊതുസമ്പർക്ക പരിപാടികൾ ഒഴിവാക്കിയും രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമ്പോൾ, നമ്മൾ ജീവിക്കുന്ന യുകെ മഹാരാജ്യവും മുൻകരുതലുകൾ എടുത്തു തുടങ്ങി. പനി, ചുമ, തലവേദന തുടങ്ങിയ പ്രാഥമിക ലക്ഷണങ്ങൾ ഉള്ളവർ 7 ദിവസം മുതൽ 14 ദിവസം വരെ അന്യ സമ്പർക്കമില്ലാതെ വീടുകളിൽ മാത്രം താമസിക്കുവാനും, അത്യാവശ്യമെങ്കിൽ മാത്രം 111 വിളിച്ച് വൈദ്യ സഹായം തേടുവാനുമാണ് ഇപ്പോൾ യു കെ അഭിമുഖീകരിക്കുന്ന 'ഡിലെ ഫെയ്സിലെ' ഉന്നതതല തീരുമാനം.

Advertisment

publive-image

ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുള്ള ഈ സാംക്രമിക രോഗം, ശാരീരികമായി മാത്രമല്ലാതെ, മാനസികമായി കൂടി ആൾക്കാരെ കൊല്ലുമെന്ന് ഇരുന്നൂറിൽ അധികം ശാസ്ത്രവിശാരദന്മാർ മുന്നറിയിപ്പ് നൽകിയപ്പോൾ, യു കെ യിലെ സമൂഹ സ്നേഹിയായ മലയാളി ഡോക്ടർ സോജി അലക്സ് തന്റെ സുഹൃത്തുക്കളായ ഡോക്ടർമാരെയും നേഴ്സുമാരെയും കൂടി ചേർത്ത് മുന്നോട്ട് വച്ച ഒരു നിർദ്ദേശമാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ പരസ്പര സഹായ സംരംഭം എന്ന ആശയത്തിന് കാരണമാകുന്നത്.

നിപ്പ വൈറസിനെയും, കേരളത്തിൽ പടർന്നു പിടിച്ച മറ്റു സാംക്രമിക രോഗങ്ങളെയും, കൊറോണ വൈറസിനെതിരായ നമ്മുടെ ചെറിയ സംസ്ഥാനത്തിന്റെ പോരാട്ടത്തിനെയും പോലും ഉൾക്കൊള്ളുവാനാകാതെ, രോഗം സംശയിക്കപ്പെടുന്നവരെയോ, രോഗബാധിതരെയോ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്ന അവസരത്തിൽ, സഹജീവിയുടെ നിസ്സഹായാവസ്ഥയിൽ എന്നും തുണയായി നിന്നിട്ടുള്ള യു കെ യിലെ പ്രവാസി മലയാളി സമൂഹത്തെ ഒറ്റക്കെട്ടാക്കി നിലനിർത്തി പരസ്പരം സഹായിക്കുവാനുള്ള വേദി സംജാതമാക്കാനുള്ള തീരുമാനമാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ നടപ്പാക്കാൻ യത്നിക്കുന്നത്.

യു കെ യിലെ ഏതൊരു മലയാളിയും കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി അന്യ സമ്പർക്കമില്ലാതെ താമസിക്കേണ്ടി വരുന്ന സാഹചര്യത്തിൽ, പ്രബുദ്ധരായ ഒരു സമൂഹം എന്ന നിലയിൽ അവർക്ക് വേണ്ട സൗകര്യങ്ങളും, സാഹചര്യങ്ങളും ഒരുക്കുന്നതിനാണ് നമ്മൾ ശ്രമിക്കുന്നത്.

ആശങ്കാകുലർക്ക് ആശ്രയമായി വിളിക്കുന്നതിന് എമെർജെൻസി നമ്പറായ 111 മാത്രമാണ് നിലവിൽ നല്കപ്പെട്ടിരിക്കുന്നത്. കാലികപ്രാധാന്യം കൊണ്ട് 111 കോളുകൾക്ക് മറുപടി ലഭിക്കുന്നതിന് കാലതാമസം നേരിടുന്ന സാഹചര്യം നിലവിൽ വരുമ്പോൾ, ഡോക്ടർമാരെയും, നേഴ്സുമാരെയും മറ്റു യു കെ മലയാളികളെയും ഏകോപിപ്പിച്ചുകൊണ്ട് ഏതൊരു യു കെ മലയാളിക്കും പ്രാപ്യമാകുന്ന തരത്തിൽ, അവർക്ക് സഹായകമായ വിവരങ്ങൾ ഫോണിലൂടെ നൽകുന്നതിനുള്ള സംവിധാനമാണ് ആദ്യമായി നിലവിൽ വരുന്നത്.

യു കെ യിലുള്ള മറ്റ് മലയാളി ഡോക്ടർമാരെയും ഈ ശ്രേണിയിലേക്ക് കൊണ്ടുവരുന്നതിനും, യു കെ യെ പല സോണുകളായി തിരിച്ച് ഫോൺ കോളുകൾക്ക് മറുപടി പറയുന്നതിനുമുള്ള ശ്രമം യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ തുടങ്ങിക്കഴിഞ്ഞു.

ഇതിന്റെ കൂടെ തന്നെ അസുഖ ബാധിതരെയോ, ആശങ്കാകുലരെയോ മാനസികമായി സഹായിക്കുന്നതിന് യു കെ യിലെ പ്രമുഖ നേഴ്സുമാരെയും, ആരോഗ്യ-സോഷ്യൽ സർവീസ് രംഗത്ത് പ്രവർത്തിക്കുന്നവരെയും ചേർത്ത് കൊണ്ടുള്ള നീക്കവും ഈ പരസ്പര സഹായ സംരംഭത്തിന്റെ ഭാഗമാണ്.

അന്യ സമ്പർക്കമില്ലാതെ വീടുകളിൽ മാത്രം കഴിയേണ്ടി വരുന്ന മലയാളികൾക്ക് തുണയായി ആവശ്യ സാധനങ്ങളോ മരുന്നുകളോ എത്തിച്ച് കൊടുക്കുന്നതിനുള്ള സന്നദ്ധ സംഘടനയും ഇതിന്റെ ഭാഗമായുണ്ട്. യു കെ യിലെ ഏതൊരു പ്രവിശ്യയിലും,

ഏതൊരു മലയാളിക്കും ഈ അടിയന്തിര ഘട്ടത്തിൽ സഹായം ലഭ്യമാക്കുക എന്ന ലക്‌ഷ്യം പ്രാവർത്തികമാക്കാൻ യു കെ യിലെ മലയാളികളിൽ നിന്ന് പ്രായ-ജാതി-മത-ലിംഗ വ്യത്യാസമെന്യേ സഹകരണം യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ അഭ്യർത്ഥിക്കുകയാണ്.

ഇപ്രകാരം ഒരു ആലോചന നിലവിൽ വന്ന ദിവസം തന്നെ 90 ൽ അധികം പേർ സന്നദ്ധ പ്രവർത്തകരായി രംഗത്ത് വന്നു എന്നുള്ളത് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന് അഭിമാനകരമാണ്.

യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ഈ അടിയന്തിര ഘട്ടത്തിൽ ഒരുക്കുന്ന പരസ്പര സഹായ സംരംഭത്തിലേക്ക് സഹജീവി സ്നേഹമുള്ള മുഴുവൻ മലയാളികളുടെയും സേവനം അഭ്യർത്ഥിക്കുകയാണ്. ഏതെങ്കിലും തരത്തിൽ ഈ സംരംഭത്തിൽ പങ്കാളികളാകാൻ സാധിക്കുമെങ്കിൽ, താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ മെസ്സേജ് അയക്കുകയോ ചെയ്യുക

സുരേഷ് കുമാർ 07903986970

റോസ്ബിൻ 07428571013

ബിനു ജോസ് 07411468602

ബിബിൻ എബ്രഹാം 07534893125

ബാബു എം ജോൺ 07793122621

ഓസ്റ്റിൻ അഗസ്റ്റിൻ 07889869216

കിരൺ സോളമൻ 07735554190

സാം തിരുവാതിലിൽ 07414210825

തോമസ് ചാക്കോ 07872067153

റജി തോമസ് 07888895607

Advertisment