Advertisment

കൊവിഡ്-19: അമേരിക്കയില്‍ 22 ലക്ഷം പേരും, യുകെയില്‍ 5 ലക്ഷം പേരും മരണപ്പെടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

New Update

ലണ്ടന്‍:  ചൈനയിലെ വുഹാന്‍ നഗരത്തില്‍ നിന്ന് ആരംഭിച്ച കൊറോണ വൈറസ് ലോകം മുഴുവന്‍ നാശം വിതച്ച് മുന്നേറുകയാണ്. ഈ മാരക വൈറസില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ ഗവണ്മെന്റുകള്‍ സാധ്യമായതെല്ലാം ചെയ്യുന്നുമുണ്ട്.

Advertisment

അതേസമയം, ഒരു ബ്രിട്ടീഷ് ഗവേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യു.എസിലേയും ബ്രിട്ടനിലെയും സര്‍ക്കാരുകള്‍ അതീവ ജാഗ്രതയിലാണ്. ഈ ഗവേഷണത്തില്‍, വരുംകാലങ്ങളില്‍ കൊറോണ അമേരിക്കയില്‍ 22 ലക്ഷം പേരുടെയും ബ്രിട്ടനില്‍ 5 ലക്ഷം പേരുടെയും മരണത്തിന് കാരണമായേക്കാമെന്ന് പറയപ്പെടുന്നു.

publive-image

ബ്രിട്ടീഷ് ഗവേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം കൊവിഡ്-19-നെ നേരിടാന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുകയാണ്.

ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ബ്രിട്ടനില്‍ ആളുകള്‍ വീടുകളില്‍ നിന്ന് ഇറങ്ങരുതെന്നും, വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന 7 ദശലക്ഷം ആളുകളെ ഒറ്റപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇറ്റലിയില്‍ നിന്നുള്ള ഡാറ്റയുടെ അടിസ്ഥാനത്തില്‍ ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ പ്രൊഫസര്‍ നീല്‍ ഫെര്‍ഗൂസനാണ് പഠനം നടത്തിയത്.

രോഗം തടയാന്‍ ഗുരുതരമായ ശ്രമങ്ങള്‍ നടത്തിയില്ലെങ്കില്‍ ബ്രിട്ടനില്‍ 5 ലക്ഷവും അമേരിക്കയില്‍ 2.2 ദശലക്ഷവും മരിക്കാമെന്ന് ഫെര്‍ഗൂസന്‍റെ സംഘം പറഞ്ഞു. ഇതുകൂടാതെ ആരോഗ്യ സം‌രക്ഷണ സേവനങ്ങളുടെ ചിലവും വളരെയധികം വര്‍ദ്ധിക്കും.

കൊറോണ വൈറസിന്‍റെ ആഘാതം കുറയുന്നതുവരെ ആളുകള്‍ പബ്ബുകളിലും ക്ലബ്ബുകളിലും തിയേറ്ററുകളിലും പോകരുതെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കുകയെന്നത് ഏറ്റവും പ്രധാനമാണ്.

കൊറോണ നമ്മുടെ സമൂഹത്തിലും സമ്പദ്‌വ്യവസ്ഥയിലും വളരെയധികം സമ്മര്‍ദ്ദം ചെലുത്താന്‍ പോകുന്നുവെന്ന് ഈ ഗവേഷണത്തില്‍ പങ്കെടുത്ത പ്രൊഫസര്‍ അസ്ര ഘാനി പറഞ്ഞു. അതേസമയം, വരാനിരിക്കുന്നത് വളരെ ഭയാനകമാണെന്ന് മറ്റൊരു അംഗം ടിം കോള്‍ബര്‍ണ്‍ പറഞ്ഞു.

ഈ ഗവേഷണ റിപ്പോര്‍ട്ട് പുറത്തു വന്നതിനുശേഷം, ബ്രിട്ടീഷ് സര്‍ക്കാര്‍ വളരെ കര്‍ശനമായ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. സര്‍ക്കാരിന്‍റെ കര്‍മപദ്ധതിയില്‍ പുതിയ നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഇതുവരെ യുഎസില്‍ 6,319 കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും 107 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. മറുവശത്ത്, യുകെയില്‍ 1,950 പേര്‍ക്കാണ് കൊവിഡ്-19 പിടിപെട്ടിരിക്കുന്നത്. 71 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

Advertisment