അയർലണ്ട് സീറോ മലബാർ സഭ സംഘടിപ്പിക്കുന്ന ബൈബിൾ ക്വിസ് മത്സരത്തിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ ഫെബ്രുവരി 28 ന്

New Update
bibliya

ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം വിഭാഗം വർഷങ്ങളായി സംഘടിപ്പിച്ചുവരുന്ന ബൈബിൾ ക്വിസ് മത്സരമായ  ബിബ്ലിയ 2026 യുടെ നാഷണൽ ഗ്രാൻഡ് ഫിനാലെ ഫെബ്രുവരി 28 (ശനിയാഴ്ച) നടക്കും.

Advertisment

ജനുവരി 17ന് അയർലണ്ടിലെ 38 കുർബാന സെൻററുകളിൽ നടന്ന പ്രാഥമിക മത്സരങ്ങളിൽ വിവിധ വിഭാഗങ്ങളിലായി രണ്ടായിരത്തിലധികം പേർ പങ്കെടുത്തു. മൂന്നാം ക്ലാസ് വിദ്യാർത്ഥികൾ മുതൽ മാതാപിതാക്കൾ വരെ ഉൾപ്പെടുന്ന അഞ്ച് വിഭാഗങ്ങളിലായി ഓരോ കുർബാന സെൻററിലെയും ഒന്നാം സ്ഥാനം നേടിയവർ ചേർന്ന് രൂപീകരിച്ച ടീമുകളാണ് റീജിയണൽ ഗ്രാൻഡ് ഫിനാലെയിൽ മത്സരിച്ചത്. ഫെബ്രുവരി 14ന് നടന്ന റീജിയണൽ മത്സരങ്ങളിൽ നിന്ന് ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടിയ ടീമുകളാണ് നാഷണൽ ഗ്രാൻഡ് ഫിനാലെയിലേക്ക് യോഗ്യത നേടിയത്.

ഓഡിയോ–വിഷ്വൽ റൗണ്ടുകൾ ഉൾപ്പെടുന്ന ലൈവ് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് ട്രോഫിയോടൊപ്പം Le Devano നൽകുന്ന 600 യൂറോയുടെ കാഷ് അവാർഡും, രണ്ടാം സ്ഥാനക്കാർക്ക് ട്രോഫിയോടൊപ്പം Indian Spice Kitchen, Cork & Limerick നൽകുന്ന 400 യൂറോയും, മൂന്നാം സ്ഥാനക്കാർക്ക് ട്രോഫിയോടൊപ്പം Saffron House, Cork നൽകുന്ന 200 യൂറോയും സമ്മാനമായി ലഭിക്കും. കൂടാതെ ഓഡിയൻസ് റൗണ്ടിൽ വിജയിക്കുന്നവർക്കായി പ്രത്യേക സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.

സഭാവിജ്ഞാനവും വചനോൽസുകതയും സാഹോദര്യവും ഒന്നിക്കുന്ന ഈ വിശേഷ സായാഹ്നത്തിലേക്ക് അയർലണ്ടിറൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികളും വിജ്ഞാനകുതുകികളും വലിയ തോതിൽ എത്തിച്ചേരുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.

കോർക്കിലെ സീറോ മലബാർ കമ്യൂണിറ്റി ആതിഥേയത്വം വഹിക്കുന്ന ഈ പരിപാടിയുടെ വിജയത്തിനായി കാറ്റിക്കിസം ഡിപ്പാർട്ട്മെന്റ്, അയർലണ്ട് നാഷണൽ പാസ്റ്ററൽ കൗൺസിൽ, കോർക്ക് റീജിയണൽ കൗൺസിൽ, കോർക്ക് സീറോ മലബാർ കമ്യൂണിറ്റി എന്നിവയുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്.

വചനമാകുന്ന ദൈവത്തെ അടുത്തറിയാൻ ഏവരേയും ഈ ഗ്രാൻ്റ് ഫിനാലയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.

Advertisment