/sathyam/media/media_files/2026/02/19/c-2026-02-19-04-52-33.jpg)
കലിഫോർണിയ: പ്രശസ്ത ഇന്ത്യൻ റാപ്പറും സംഗീതജ്ഞനുമായ ബാദ്ഷാ 2026ലെ എൻബിഎ ഓൾ-സ്റ്റാർ സെലിബ്രിറ്റി ഗെയിമിൽ പങ്കെടുത്തു. കലിഫോർണിയയിലെ ഇംഗ്ലീവുഡിലുള്ള കിയ ഫോറത്തിൽ ഫെബ്രുവരി 13നായിരുന്നു മത്സരം. ബാസ്‌ക്കറ്റ്‌ബോൾ പ്രേമിയായ തനിക്ക് ഇതൊരു സ്വപ്നസാക്ഷാത്കാരമാണെന്ന് താരം വിശേഷിപ്പിച്ചു. ആന്റണി ആൻഡേഴ്സൺ പരിശീലിപ്പിച്ച ടീമിനുവേണ്ടിയാണ് ബാദ്ഷാ കളത്തിലിറങ്ങിയത്.
ഹോളിവുഡ് നടൻ സിമു ലിയു , കോഡി ജോൺസ് എന്നിവരായിരുന്നു ടീമിലെ സഹതാരങ്ങൾ. കളിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ബാദ്ഷായുടെ ‘നോ-ലുക്ക് പാസ്’ ആരാധകർക്കിടയിൽ തരംഗമായി. എൻബിഎ കോർട്ട് നേരിട്ട് കാണുക എന്നത് തന്റെ കുട്ടിക്കാലത്തെ വലിയ ആഗ്രഹമായിരുന്നുവെന്നും, അതിൽ കളിക്കാനായത് ജീവിതത്തിലെ അവിസ്മരണീയ നിമിഷമാണെന്നും ബാദ്ഷാ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇന്ത്യൻ ഹിപ്-ഹോപ്പിന്റെ ഊർജ്ജം ആഗോള വേദിയിൽ എത്തിക്കാനായതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ബോളിവുഡ് താരം രൺവീർ സിങ് 2022, 2023 വർഷങ്ങളിൽ ഈ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. കോമഡി താരം കീഗൻ-മൈക്കിൾ കീ നയിച്ച ടീമിനെയാണ് ബാദ്ഷായുടെ ടീം നേരിട്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us