സ്റ്റുറ്റ്ഗാർട്ട്: മലയാളി കമ്മ്യൂണിറ്റി സ്റ്റുറ്റ്ഗാർട്ട് (എം സി എസ് ) സംഘടിപ്പിച്ച പ്രൗഢോജ്വലമായ ഓണാഘോഷത്തിൽ 600 - ലധികം പേർ പങ്കെടുത്തു. വയനാട് ദുരന്ത ബാധിതരെ അനുസ്മരിച്ച് കൊണ്ട് ആരംഭിച്ച ഓണാഘോഷ പരിപാടി മുഖ്യാത്ഥി മ്യൂണിക്ക് കോൺസിൽ രാജീവ് ചിത്ത്ക്കാര ഉദ്ഘാടനം ചെയ്തു. ശ്രീമതി. അംബിക പള്ളിപ്പാട്ട്, ജോണി ചിറ്റിലപ്പളി, റാഫി ഫ്രാൻസീസ്, ഫ്രാങ്ക്ളിൻ നെൽസൺ എന്നിവർ ഭദ്രദീപം കൊളുത്തി.
ചടങ്ങിൽ നിയുക്ത പ്രസിഡൻ്റ് രതീഷ് പനമ്പിളളി സ്വാഗതം ആശംസിച്ചു. നിർമൽ തൈവളപ്പിൽ മലയാളി കമ്യൂണിറ്റിയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം കുട്ടികൾക്കും മുതിർന്നവർക്കുമായി സ്പൂൺ റേസ്, സുന്ദരിക്ക് പൊട്ട് തൊടൽ, വടം വലി തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
ഓണാഘോഷത്തിൻ്റെ ഭാഗമായി ക്ലാസിക്കൽ - സിനിമാറ്റിക്ക് ഡാൻസുകൾ, കുട്ടികളുടെ ഡാൻസ്, ഫാഷൻ ഷോ, ലളിതഗാനം, ഓണസ്കിറ്റ്, മ്യൂസിക്കൽ ഷോ തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികൾ ഓണാഘോഷത്തിൻ്റെ മാറ്റ് കൂട്ടി.
സംഘാടകരായ രതീഷ് പനമ്പള്ളി, ജിനേഷ് രാജ്, ഫൈസൽ റാഫി, നിർമ്മൽ തൈവളപ്പിൽ, ജിനേഷ് രാജ്, സുബിൻ പുത്തൻപുരയിൽ, മനുരാജ് ചെറിക്ക, സുബാഷ് കാൻടോത്ത് ഹാരിസ് തെക്കുവിളയിൽ എന്നിവർ എല്ലാവർക്കും നന്ദി അറിയിച്ചു.