ഫീനിക്സ് : നോർത്ത് അമേരിക്കൻ ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ (നൈന)യുടെ അരിസോണ ചാപ്റ്റർ ആയ അരിസോണ ഇന്ത്യൻ നേഴ്സസ് അസോസിയേഷന്റെ (അസീന) 2025 -2026 വർഷത്തേക്കുള്ള ഭാരവാഹികൾ സ്ഥാനമേല്ക്കുകയും 2023 -2024 ലെ ഭാരവാഹികളെ അനുമോദിക്കുകയും ചെയ്യുന്ന ചടങ്ങ് ശനിയാഴ്ച ജനുവരി 18 നു അരിസോണയുടെ തലസ്ഥാനമായ ഫിനിക്സിൽ വെച്ച് പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിദ്ധ്യത്തിൽ അതിവിപുലമായി വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തപ്പെട്ടു.
അരിസോണയിലെ ഇന്ത്യൻ വംശജരായ നഴ്സുമാരെയും നഴ്സിംഗ് വിദ്യാർത്ഥികളെയും ഒരുമിപ്പിക്കുന്നതിലും അവർക്കാവശ്യമായ പിന്തുണ നൽകുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ലാഭരഹിത പ്രൊഫഷണൽ സംഘടനയാണ് അസീന.
കഴിഞ്ഞ രണ്ടുവർഷത്തിനിടെ അസീന നേടിയ വളർച്ചയെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും വിശിഷ്യാ സമൂഹത്തിൽ ഉണ്ടാക്കിയ ശക്തമായ സ്വാധീനത്തേക്കുറിച്ചും സ്ഥാനമൊഴിയുന്ന പ്രസിഡന്റ് എലിസബത്ത് സാം വിശദീകരിച്ചു.
പ്രധാന അതിഥിയായും മുഖ്യപ്രഭാഷകയായും പങ്കെടുത്തത് നൈന 2023-2024 പ്രസിഡന്റ് സുജാ തോമസ് ആയിരുന്നു. അതിനോടൊപ്പം വിശിഷ്ടാതിഥി ആയി മേഴ്‌സി ഗിൽബെർട് മെഡിക്കൽ സെന്റർ ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് റുഡി അപഡാക്കയും സന്നിഹിതനായിരുന്നു.
കൂടാതെ ഫാ. സജി മാർക്കോസ്, ഡോ. പത്മ അക്കിങ്, പാസ്റ്റർ ജിമ്മി തോമസ് എന്നിവരും പ്രത്യേക ആശംസകൾ അർപ്പിച്ചു . സമൂഹ നേതാക്കളും, നഴ്സിംഗ് സംഘടനാ പ്രതിനിധികളും, അസീന അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഈ ആഘോഷകരമായ പരിപാടിയിൽ പങ്കെടുത്തു.