അമിത അളവിൽ ഈയത്തിന്റെ സാന്നിധ്യം: അമേരിക്കയിൽ വിറ്റ ആയിരക്കണക്കിന് പാചക പാത്രങ്ങൾ തിരിച്ചുവിളിച്ചു

New Update
G

വാഷിങ്ടൻ: യുഎസിൽ കാൻസർ, ഓട്ടിസം എന്നിവയുമായി ബന്ധമുള്ള രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് രാജ്യത്തുടനീളം വിറ്റഴിച്ച ആയിരക്കണക്കിന് പാചക പാത്രങ്ങൾ (കുക്ക‌വെയർ) അടിയന്തരമായി തിരിച്ചുവിളിക്കാൻ (റീകാൾ) ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (എഫ് ഡി എ) ഉത്തരവിട്ടു.

Advertisment

2025 സെപ്റ്റംബറിനും നവംബറിനും ഇടയിൽ പല യുഎസ് പലചരക്ക് കടകളിലായി വിറ്റ അലുമിനിയം, ബ്രാസ് എന്നിവ ഉപയോഗിച്ച് നിർമിച്ച ഇറക്കുമതി പാത്രങ്ങളിലാണ് സുരക്ഷാ ആശങ്കകൾ കണ്ടെത്തിയത്. പരിശോധനയിൽ ഈ പാചക പാത്രങ്ങളിൽ അപകടകരമായ അളവിൽ 'ഈയം' (ലീഡ്) അടങ്ങിയിട്ടുണ്ടെന്ന് തെളിഞ്ഞു. ഈയം ചേർന്ന പാത്രങ്ങളിലെ ഭക്ഷണം കഴിക്കുന്നത് വഴി ശരീരത്തിൽ ഈയം എത്തുകയും ഇത് കുട്ടികളിൽ പഠന വൈകല്യങ്ങൾ, കുറഞ്ഞ ഐക്യു, ഓട്ടിസം സ്പെക്‌ട്രം ഡിസോർഡർ (എ എസ് ഡി), കൂടാതെ കാൻസർ, വൃക്കരോഗങ്ങൾ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുകയും ചെയ്യും.

സോനെക്സ്, സിൽവർ ഹോഴ്സ്, ഷെഫ്, ഡോൾഫിൻ, റോയൽ കിച്ചൺ, ടൈഗർ വൈറ്റ് തുടങ്ങി വിവിധ ബ്രാൻഡുകൾ ഇതിൽ ഉൾപ്പെടുന്നു. പാക്കിസ്ഥാൻ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമാണ് ഇവ നിർമിച്ച് ഇറക്കുമതി ചെയ്തിരിക്കുന്നത്. ഇത്തരം ഉൽപന്നങ്ങൾ വീട്ടിലുണ്ടെങ്കിൽ ഉടൻ തന്നെ കളയണമെന്ന് ഉപഭോക്താക്കൾക്ക് എഫ് ഡി എ മുന്നറിയിപ്പ് നൽകി. നിലവിൽ ഈ തിരിച്ചുവിളിക്കലുമായി ബന്ധപ്പെട്ട് ആരോഗ്യപ്രശ്നങ്ങളോ രോഗങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. 

Advertisment