സ്റ്റീൽ ഇറക്കുമതിക്കുള്ള തീരുവ 25ൽ നിന്നു 50% ആയി ഇരട്ടിപ്പിക്കുമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച്ച പ്രഖ്യാപിച്ചു. ചൈനയാണ് പ്രധാന ഉന്നം.
"25% വച്ചാൽ അവർ എങ്ങിനെയെങ്കിലും വേലി ചാടി വരും," പെൻസിൽവേനിയയിലെ വെസ്റ്റ് മിഫ്ലിനിൽ നടന്ന റാലിയിൽ യുഎസ് സ്റ്റീൽ തൊഴിലാളികളോട് ട്രംപ് പറഞ്ഞു. "50% ആക്കിയാൽ പിന്നെ അതു നടക്കില്ല.
"പിറ്റസ്ബർഗ് ഒരിക്കൽ കൂടി ലോകത്തിന്റെ ഒന്നാം നമ്പർ സ്റ്റീൽ സിറ്റിയാവും. ഷാങ്ഹായിൽ നിന്നുള്ള നിലവാരം കുറഞ്ഞ സ്റ്റീൽ കൊണ്ടു നമുക്ക് അമേരിക്കയുടെ ഭാവി കളയേണ്ട. പിറ്റസ്ബർഗിന്റെ കരുത്തും അഭിമാനവും കൊണ്ട് നമുക്ക് അതു കെട്ടിപ്പടുക്കാം."
യുഎസ് സ്റ്റീലിൽ ജപ്പാൻ $14 ബില്യൺ നിക്ഷേപിച്ചത് ആഘോഷിക്കാനാണ് ട്രംപ് അവിടെ എത്തിയത്. നിക്ഷേപം വന്നാലും കമ്പനി യുഎസ് നിയന്ത്രണത്തിൽ തുടരും എന്നാണ് അറിയിച്ചിട്ടുള്ളത്.
"അമേരിക്കൻ സ്റ്റീൽ തൊഴിലാളികൾക്ക് മികച്ച കരാർ ആണിത്," ട്രംപ് പറഞ്ഞു. "എല്ലാവർക്കും ജോലി നിലനിർത്താൻ സംരക്ഷണം ഉറപ്പാണ്. ഇത്രയും കാലം ചൈനയിലേക്കാണ് തൊഴിൽ പൊയ്കൊണ്ടിരുന്നത്. ഇപ്പോൾ നിങ്ങളെ കുറിച്ച് ചിന്തിക്കയും നിങ്ങൾക്കു വേണ്ടി പോരാടുകയും ചെയ്യുന്ന ഒരു പ്രസിഡന്റ് ഉണ്ടായി."