ദുബായ്: കേരളാ എക്സ്പ്പാറ്റ് ഫുട്ബോൾ അസോസിയേഷന് യു.എ.ഇ സംഘടിപ്പിക്കുന്ന കെഫാ ചാമ്പ്യൻസ് ലീഗ് കെ. സി. എൽ. സീസൺ-4 സെപ്റ്റംബർ 15 മുതൽ ആരംഭിക്കും.
യു എ ഇ യിലെ വിവിധ എമിറേറ്റ്സുകളിൽ നിന്നുള്ള 27 ടീമുകളെ ദുബായ്, അബുദാബി എന്നീ രണ്ടു മേഖലകളാക്കി തിരിച്ചായിരിക്കും മത്സരങ്ങൾ സംഘടിപ്പിക്കുക.
നവംബർ അവസാന വാരമായിരിക്കും ഫൈനൽ. ഇതോടൊപ്പം നടക്കുന്ന കെഫാ മാസ്റ്റേഴ്സ് ലീഗിൽ 8 ടീമുകൾ പങ്കെടുക്കും. മത്സരങ്ങൾക്ക് മുന്നോടിയായുള്ള ഫിക്സ്ചറിങ് ചടങ്ങ് സെപ്റ്റംബർ 1 നു വൈകീട്ട് ദുബൈ ഖിസൈസിലെ അറക്കൽ പാലസ് റെസ്റ്റോറന്റിൽ വെച്ചു നടക്കും.
ഈ സീസണിൽ കെഫാ ടീമുകൾക്കും, മാനേജേഴ്സിനും കുടുംബാംഗങ്ങൾക്കുമായി ആസ്റ്റർ ഹോസ്പ്പിറ്റലുമായി ചേർന്ന് കെഫാ നടപ്പിലാക്കുന്ന കെഫാ - ആസ്റ്റർ മെഡിക്കൽ കാർഡ് വിതരണോദ്ഘാടനവും അന്നേ ദിവസം നടക്കുമെന്നും കെഫാ ഭാരവാഹികൾ അറിയിച്ചു.