കുവൈത്ത്: ഖത്തറിലെ അൽ-ഉദൈദ് വ്യോമതാവളത്തിനു നേരെയുണ്ടായ ആക്രമണത്തെ കുവൈത്തിന്റെ സുപ്രീം ഡിഫൻസ് കൗൺസിൽ ശക്തമായി അപലപിച്ചു.
തിങ്കളാഴ്ച രാത്രി 9:00 മണിക്ക് ബയാൻ കൊട്ടാരത്തിൽ കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ-ഹമദ് അൽ-സബാഹിന്റെ അധ്യക്ഷതയിലും പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ-അഹ്മദ് അൽ-സബാഹിന്റെ സാന്നിധ്യത്തിലും ചേർന്ന യോഗത്തിലാണ് ഇത് പ്രഖ്യാപിച്ചത്.
യോഗത്തിൽ പ്രാദേശിക മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ വിലയിരുത്തുകയും സഹോദര രാജ്യമായ ഖത്തറിന്റെ അൽ-ഉദൈദ് വ്യോമതാവളത്തിനു നേരെയുണ്ടായ ആക്രമണം ഖത്തറിന്റെ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്ര സഭയുടെ ചാർട്ടറിന്റെയും തുറന്ന ലംഘനമാണെന്ന് കൗൺസിൽ വ്യക്തമാക്കുകയും ചെയ്തു.
യുദ്ധസമാനമായ സാഹചര്യങ്ങൾക്കും മറ്റ് അടിയന്തരാവസ്ഥകളും നേരിടാൻ വിവിധ സർക്കാർ ഏജൻസികൾ നടത്തുന്ന തയ്യാറെടുപ്പുകളും കൗൺസിൽ വിലയിരുത്തി.
എല്ലാ മേഖലകളിലുമുള്ള സന്നദ്ധതയും ഉന്നതതല ഏകോപനവുമാണ് രാജ്യത്തെ സംരക്ഷിക്കാൻ ആവശ്യമായ സാഹചര്യം സൃഷ്ടിക്കുന്നതെന്ന് കൗൺസിൽ അഭിപ്രായപ്പെട്ടു.