റിയാദ് മരത്തോൺ: 4 മണിക്കൂർ കൊണ്ട് 42 കിലോമീറ്റർ പിന്നിട്ട് കുലശേഖരപുരം സ്വദേശി

New Update
3e7dc2f9-1023-46b0-b543-555bb0e0bb6b

റിയാദ്:   125 ലേറെ  രാജ്യങ്ങളിൽ നിന്നുള്ള അത്‌ലറ്റുകൾ  മാറ്റുരച്ച  റിയാദ് മാരത്തോണിൽ  മലയാളി കായികതാരം  തിളങ്ങി.   കൊല്ലം, കരുനാഗപ്പള്ളി, കുലശേഖരപുരം, കൊച്ചാലുമ്മൂട് സ്വദേശിയും  സൗദി സെൻട്രൽ ബാങ്ക് ജീവനക്കാരനുമായ  കബീർ ആണ് താരം.  

Advertisment

 നാല് മണിക്കൂർ 14 മിനിറ്റ് കൊണ്ട് 42.22 കിലോമീറ്റർ ദൂരം  ഓടിത്തീർത്താണ്  കാൽനൂറ്റാണ്ടോളം കാലമായി പ്രവാസി ജീവിതം നയിക്കുന്ന  കബീർ  പ്രിൻസസ്  നൂറ ബിൻത് അബ്ദുറഹ്മാൻ യൂനിവേഴ്സിറ്റി കാമ്പസിൽ  അരങ്ങേറിയ അഞ്ചാമത് റിയാദ് മാരത്തോണിൽ  മലയാളി മുദ്ര അടയാളപ്പെടുത്തിയത്.

ഇത്രയും ദൂരം ഓടിത്തീർത്ത്,  ഒരു സമ്പൂർണ  ലോകോത്തര  മാരത്തോൺ താരമായതിലെ  ആത്മസംതൃപ്തിയിലാണ്  കബീർ.   സൗദി സ്പോർട്സ് ഫോർ ഓൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിലുള്ളതാണ്  വേൾഡ് അത്‌ലറ്റിക്സ് എലൈറ്റ് റോഡ് റേസ് അംഗീകാരമുള്ള റിയാദ് മാരത്തോൺ.   ആഴ്ചയിൽ അഞ്ച് ദിവസവും പുലർച്ചെ അഞ്ചുമണിക്ക് ആരംഭിക്കുന്ന കഠിനമായ പരിശീലനമാണ് ഇത്രയും വലിയൊരു ദൂരം തളർച്ചയില്ലാതെ ഓടിത്തീർക്കാൻ തനിക്ക് ശേഷി തന്നതെന്ന്  കബീർ  പറഞ്ഞു.

17790ce8-2339-40e3-a4d3-85f99bb2a57e

"2018-ൽ  ആരംഭിച്ചത് മുതൽ   റിയാദ് മാരത്തോൺ  തന്റെ അടങ്ങാത്ത ആഗ്രഹവും ആവേശവുമായിരുന്നു":   ഓട്ടഭ്രമം  ബാധയുള്ള  കബീർ വാചാലനാവുന്നു.  കഴിഞ്ഞ വർഷം റിയാദിൽ തന്നെ  21 കിലോമീറ്റർ രണ്ട് മണിക്കൂർ ഒമ്പത് മിനിറ്റിലും, കൊല്ലത്ത് നടന്ന ഡി ബി എം മാരത്തോണിൽ ഇതേ ദൂരം രണ്ട് മണിക്കൂറിലും പൂർത്തിയാക്കിയിരുന്നു.  

വ്യായാമം ചെയ്യുന്നവർക്കും വേണ്ടിയുള്ള ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് ‘Strava’ ആപ്  കണക്കുകൾ പ്രകാരം കഴിഞ്ഞ വര്ഷം മാത്രം  കബീർ ഓടിത്തികച്ചത് 1516 കിലോമീറ്റർ.   മലപ്പുറം സ്വദേശിയായ  സുഹൃത്ത്  ഷഫീഖ്  തന്റെ കായിക - വ്യായാമ കാര്യങ്ങളിൽ എന്നും പ്രചോദനമായിരുന്നെന്നും  കബീർ തുടർന്നു.

കൊല്ലം ജില്ലയിൽ നിന്നുള്ളവരുടെ  റിയാദിലെ  പൊതുവേദിയായ കൊല്ലം കൾച്ചറൽ അസോസിയേഷൻ,   ഖിദ്‌മ കൊച്ചാലുമ്മൂട് ചാരിറ്റബിൾ,  പനച്ചമൂട് മഹൽ കൂട്ടായ്മ തുടങ്ങിയ സാമൂഹ്യ  സംഘടനകളിൽ  സജീവമായി  കായിക താല്പര്യവും സാമൂഹ്യ സേവനവും ഒരുപോലെ പുലർത്തുന്ന പ്രവാസിയാണ്  കബീർ.   

ഭാര്യ:   ബിജിന.  മക്കൾ:  സ്‌കൂൾ വിദ്യാർത്ഥികളായ മുഹമ്മദ് റിസ്‌വാൻ,  അഫ്രിൻ.

Advertisment