ജിദ്ദ: ലോകത്തിലെ മുൻനിരയിലുള്ളതും മിഡിൽ ഈസ്റ്റിലെ ആദ്യത്തേതുമായ ബഡ്ജറ്റ് എയർലൈൻ ഫ്ലൈനാസ് മേഖലയിലെ ഏറ്റവും മികച്ച ബഡ്ജറ്റ് എയർലൈൻ 2025-ലും എന്ന സ്ഥാനം നിലനിർത്തി.
ഇത് തുടർച്ചയായ എട്ടാം തവണയാണ് ഫ്ലൈനാസ് ഈ സ്ഥാനം സ്വന്തമാക്കുന്നത്. ലോകത്തിലെ മികച്ച പത്ത് ചെലവ് കുറഞ്ഞ എയർലൈനുകളുടെ പട്ടികയിലും ഫ്ലൈനാസ് ഇടം നേടി. എയർലൈനുകളുടെ പ്രകടനം അളക്കുന്നതിനുള്ള രാജ്യാന്തര അതോറിറ്റിയായ സ്കൈട്രാക്സ് അതോറിറ്റിയുടെ മാനദണ്ഡ പ്രകാരമാണ് ഈ അംഗീകാരത്തിന് ഫ്ലൈ നാസ് അർഹരായത്.
പാരീസ് എയർ ഷോയിൽ ആഗോള വ്യോമയാന പ്രമുഖരുടെയും വിദഗ്ധരുടെയും സാന്നിധ്യത്തിൽ നടന്ന വാർഷിക ചടങ്ങിൽ വെച്ച് അഭിമാനകരമായ സ്കൈട്രാക്സ് പുരസ്കാരം ഫ്ലൈനാസ് ഏറ്റുവാങ്ങി.
തുടർച്ചയായ എട്ടാം വർഷവും മിഡിൽ ഈസ്റ്റിൽ ഒന്നാം സ്ഥാനം നേടുന്നതിലും ലോകത്തിലെ ഏറ്റവും മികച്ച പത്ത് ചെലവ് കുറഞ്ഞ എയർലൈനുകളിൽ ഇടം നേടിയത് യാത്രക്കാരായ ഞങ്ങളുടെ വിലപ്പെട്ട അതിഥികൾക്ക് സവിശേഷവും വ്യതിരിക്തവുമായ യാത്രാനുഭവം നൽകുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ എടുത്തുകാണിക്കുന്നതായി ഫ്‌ളൈനാസ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ബന്ദർ അൽമിഹ്‌ന പറഞ്ഞു.
യാത്രാനുഭവത്തിലും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരത്തിലും ഉപഭോക്തൃ സംതൃപ്തി അളക്കുന്നതിനായി സ്ഥാപനം നടത്തുന്ന കർശനമായ സർവേകളെ അടിസ്ഥാനമാക്കി, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സഞ്ചാരികളുടെ സമഗ്രമായ വോട്ടെടുപ്പിലൂടെയാണ് സ്കൈട്രാക്സിന്റെ ആഗോള റാങ്കിംഗ് വർഷം തോറും നിർണ്ണയിക്കുന്നത്. ഈ മൂല്യനിർണ്ണയ രീതി സ്കൈട്രാക്സ് അവാർഡുകളുടെ ഔന്നിത്യം ഉറപ്പാക്കുന്നു.
ഫ്ലൈനാസിന്റെ 139 വിമാനങ്ങൾ 30 രാജ്യങ്ങളിലെ 70 ലധികം ആഭ്യന്തര, രാജ്യാന്തര ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് നിലവിൽ സർവീസ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് സൗദി അറേബ്യയുടെ വിഷൻ 2030 ന് അനുഗുണമായി 165 കേന്ദ്രങ്ങൾ എന്നാക്കി വികസിപ്പിക്കുകയെന്നതാണ് ഇപ്പോൾ ലക്ഷ്യമാക്കുന്നത്. ആഴ്ചയിൽ 2,000 ത്തിലധികം സർവീസുകളാണ് ഫ്ലൈനാസ് നടത്തുന്നത്. 2007-ൽ സർവീസ് ആരംഭിച്ചതിനു ശേഷം ഇതുവരെയായി മൊത്തവും 80 ദശലക്ഷത്തിലധികം യാത്രക്കാരെ വഹിച്ചുവെന്നാണ് കണക്ക്.