വരുന്നു, സൗദി - ഖത്തർ അതിവേഗ ഇലക്ട്രിക് റെയിൽവേ; റിയാദിൽ നിന്ന് ദോഹയിലേക്ക് രണ്ട് മണിക്കൂർ; പദ്ധ്വതി പൂർത്തിയാകാൻ ആറ് വർഷം

New Update
b545e50e-b679-43da-8580-2d8b70c6fadd

ജിദ്ദ: അയൽപക്ക സൗഹൃദങ്ങളിൽ ചരിത്രം കുറിക്കുന്ന ഉഭയകക്ഷി പദ്ധ്വതിക്ക് സൗദി അറേബ്യയും  ഖത്തറും.   ഇരു രാജ്യങ്ങൾക്കുമിടയിൽ  വരാനിരിക്കുന്ന അതിവേഗ ഇലക്ട്രിക് ട്രെയിൻ  മേഖലയിൽ സാമ്പത്തികം, ഗതാഗതം, ലോജിസ്റ്റിക്കൽ സംയോജനം എന്നിവയുടെ  പുതിയ അദ്ധ്യായങ്ങൾ തുറക്കും.

Advertisment

തിങ്കളാഴ്ച്ച  റിയാദിൽ ഖത്തർ ഭരണാധികാരി തമീം ബിൻ ഹമദ് അൽതാനിയും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ  മുഹമ്മദ് ബിൻ സൽമാനും പങ്കെടുത്ത ഖത്തർ - സൗദി ഏകോപന കൗൺസിൽ യോഗത്തിലാണ് റിയാദ്, ദോഹ എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ  റെയിൽവേ  പദ്ധ്വതിയിൽ ഇരു രാജ്യങ്ങളും  ഒപ്പിട്ടത്.   ആറ്  വർഷങ്ങൾക്കകം യാഥാർഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന  പദ്ധ്വതി  സുഖസൗകര്യങ്ങൾ, വേഗത, സ്മാർട്ട് സാങ്കേതികവിദ്യകൾ എന്നിവ സംയോജിപ്പിച്ചുകൊണ്ട്  വിപുലമായ ഗതാഗതാനുഭവം  പ്രദാനം ചെയ്യുന്നതായിരിക്കും.     

റിയാദ് -  ദോഹ എന്നീ നഗരങ്ങളെ  ദമ്മാം, ഹഫൂഫ് എന്നിവ വഴി ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ പാതയിൽ  അഞ്ചു പാസഞ്ചർ സ്റ്റേഷനുകളാണ്  ഉണ്ടാവുക.  ഗൾഫ് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ടതും  തന്ത്രപരവുമായ  ഒരു ലിങ്കായിരിക്കും  ഇത്.   ഇതിലൂടെയുള്ള  റിയാദ് - ദോഹ യാത്രാ  സമയം രണ്ട് മണിക്കൂർ മാത്രം.

69e6c9d2-f87d-4631-98fe-f49f488b9744


785 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന, പ്രതിവർഷം 10 ദശലക്ഷത്തിലധികം യാത്രക്കാരെ ഉൾക്കൊള്ളുന്ന പദ്ധതിയുടെ സാങ്കേതികവിദ്യകൾ ആധുനിക ട്രെയിൻ നിർമ്മാണത്തിൽ വൈദഗ്ദ്ധ്യം നേടിയ പ്രമുഖ രാജ്യാന്തര കമ്പനികൾ  മുഖേനയും  പദ്ധതിയുടെ അടിസ്ഥാന സൗകര്യ നിർമ്മാണം പ്രാദേശിക കരാർ കമ്പനികൾ മുഖേനയും നിർവഹിക്കും.

സൗദി - ഖത്തർ  റെയിൽപാത ആറ് വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞ സൗദി ഗതാഗത മന്ത്രി സാലിഹ് അൽജാസർ റിയാദിനെയും ദോഹയെയും ബന്ധിപ്പിക്കുന്ന അതിവേഗ ഇലക്ട്രിക് ട്രെയിൻ പദ്ധതിയെ ചരിത്രപരമെന്ന്  വിശേഷിപ്പിക്കുകയും ചെയ്തു.


അതോടൊപ്പം,  സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും  ഖത്തർ  ഭരണാധികാരി  ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും തമ്മിൽ റിയാദിലെ അൽയമാമ കൊട്ടാരത്തിൽ  ഔദ്യോഗിക കൂടിക്കാഴ്ച നടത്തി.   സൗദി അറേബ്യയും ഖത്തറും തമ്മിലുള്ള ആഴത്തിലുള്ള ബന്ധങ്ങളും വിവിധ മേഖലകളിലെ  ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനും പൊതു താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനും ഗൾഫ് രാജ്യങ്ങളുടെ സംയുക്ത നീക്കങ്ങൾ  ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികൾ  യോഗം ചർച്ച ചെയ്തു.

വിവിധ രാഷ്ട്രീയ, സാമ്പത്തിക, വികസന വിഷയങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ഏകോപനത്തിന്റെയും ചട്ടക്കൂടിനുള്ളിലാണ് ചർച്ചകൾ നടന്നതെന്ന് സൗദി പ്രസ് ഏജൻസി  പുറത്തിറക്കിയ പ്രസ്താവന വിശദീകരിച്ചു.

Advertisment