അബൂദബി: രജിസ്ട്രേഡ് ടാക്സ് ഏജന്റുമാരുടെ പ്രവര്‍ത്തനം കൂടുതല്‍ കര്‍ക്കശമാക്കാന്‍ യു.എ.ഇ. ഇടപാടുകാര്‍ക്ക് കോര്‍പറേറ്റ് നികുതി സംബന്ധമായി തെറ്റായ ഉപദേശങ്ങള്‍ നല്കുന്ന രജിസ്ട്രേഡ് ടാക്സ് ഏജന്റുമാര്‍ക്കെതിരെ ബ്ലാക് പോയന്റ് ചുമത്തുന്ന നടപടികള്‍ക്ക് ജൂലൈ 1 മുതല്‍ തുടക്കമാകുമെന്ന് അധികൃതർ അറിയിച്ചു.
കോര്‍പറേറ്റ് സ്ഥാപനത്തിനു വേണ്ടി പ്രവര്‍ത്തിക്കാത്ത ടാക്സ് ഏജന്റ് ആണ് നിയമലംഘനം നടത്തുന്നതെങ്കില്‍ ബ്ലാക് പോയന്റ് വ്യക്തിക്കുമേലെയാണ് ചുമത്തുക. കോര്‍പറേറ്റ് ഇടപാടുകാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ടാക്സ് ഏജന്റ് ആണെങ്കില്‍ ബ്ലാക് പോയന്റ് വ്യക്തിക്കും കോര്‍പറേറ്റ് ഇടപാടുകാരനും ബാധകമാണ്.
നികുതിദായകന്റെ വിവരങ്ങള്‍ അവരുടെ അനുമതി കൂടാതെ ടാക്സ് ഏജന്റ് മൂന്നാമതൊരാള്‍ക്ക് കൈമാറിയെന്നു കണ്ടെത്തിയാല്‍ അവരുടെ 100 പോയന്റ് കുറക്കപ്പെടും. അതേസമയം, നിയമപരമായതോ പ്രഫഷനല്‍ ആവശ്യത്തിനോ ആണ് ഇവ നല്കിയതെങ്കില് നടപടിയുണ്ടാവില്ല. ഫെഡറല്‍ ടാക്സ് അതോറിറ്റിക്ക് നഷ്ടം വരുത്തുന്നതോ നികുതി സംവിധാനത്തിന്റെ സമഗ്രത തകര്‍ക്കുന്നതോ ആയ നടപടികള്‍ ഇടപാടുകാരുമായി കൂട്ടുചേര്‍ന്ന് ടാക്സ് ഏജന്റ് നടത്തിയാല്‍ 200 പോയന്റാകും കുറക്കുക.
കോര്‍പറേറ്റ് ടാക്സ് ഏജന്റിന്റെ പ്രതിനിധി നിയമലംഘനം നടത്തുകയും ആയത് ഇടപാടുകാരനെ ബാധിക്കുകയും ചെയ്താല്‍ ബ്ലാക് പോയന്റ് ടാക്സ് ഏജന്റിനും ടാക്സ് ഏജന്റ് നിയമിച്ച പ്രതിനിധിയുടെയും ടാക്സ് ഏജന്‍സിയുടെയും മേല്‍ ചുമത്തും. ടാക്സ് ഏജന്‍സിക്കുവേണ്ടി നിയോഗിതനായ വ്യക്തിയാണ് ലംഘനം നടത്തുന്നതെങ്കില്‍ ബ്ലാക്ക് പോയന്റ് ടാക്സ് ഏജന്റായ വ്യക്തിക്കു മാത്രമാണ് ബാധകമാവുക.