ബോൾട്ടൻ: ജനകീയ സമരനായകൻ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എക്ക് ഗംഭീര സ്വീകരണം ബോൾട്ടനിൽ ഒരുക്കി ഓ ഐ സി സി (യു കെ). മുദ്രാവാക്യം വിളിച്ചും ത്രിവർണ്ണകൊടികൾ വീശിയും അത്യാവേശത്തിലാണ് യൂത്ത് കോൺഗ്രസിന്റെ അമരക്കാരനെ ജനം ബോൾട്ടനിലേക്ക് വരവേറ്റത്.
യു കെയിലെ കോൺഗ്രസ് പ്രവർത്തകരുടെ ചിരകാല സ്വപ്നമായ ഓ ഐ സി സി (യു കെ) - യുടെ ആസ്ഥാന മന്ദിരം, അതിനോട് ചേർന്ന് തുടക്കം കുറിച്ച പ്രിയദർശിനി ലൈബ്രറിയുടെയും ഉദ്ഘാടനം നിർവഹിക്കുന്നതിനായാണ് രാഹുൽ ബോൾട്ടനിൽ എത്തിച്ചേർന്നത്.
200 - ൽ പരം പേരാണ് വിവിധയിടങ്ങളിൽ നിന്നും രാഹുലിനെ വരവേൽക്കാൻ ബോൾട്ടനിലേക്ക് ഒഴുകിയെത്തിയത്. ആസ്ഥാന മന്ദിരത്തോട് ചേർന്ന് താത്ക്കാലികമായി ഒരുക്കിയ പന്തൽ നിറഞ്ഞു കവിഞ്ഞു ജനക്കൂട്ടം ഒഴുകിയെത്തിയത്, സമീപകാലത്ത് ഒരു പ്രവാസി രാഷ്ട്രീയ സംഘടന സംഘടിപ്പിച്ച പരിപാടികളിൽ മികവുറ്റതായി.
/sathyam/media/media_files/2025/02/21/4qbO0pxbuArlfVGWMf4w.jpg)
മൺതരി കുത്താൻ ഇടമില്ലാതെ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിനിർത്തി സമാരംഭിച്ച ചടങ്ങിൽ പ്രോഗ്രാം കോർഡിനേറ്ററും ഓ ഐ സി സി (യു കെ) വക്താവും മീഡിയ ഇൻ ചാർജുമായ റോമി കുര്യാക്കോസ് സ്വാഗതം ആശംസിച്ചു. നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് അധ്യക്ഷത വഹിച്ചു.
നിലവിളക്ക് തെളിച്ച് ഓ ഐ സി സി (യു കെ) ആസ്ഥാന മന്ദിരം, പ്രിയദർശിനി ലൈബ്രറിയുടെ ഉദ്ഘാടന കർമ്മം രാഹുൽ മാങ്കൂട്ടത്തിൽ നിർവഹിച്ചു. യൂത്ത് കോൺഗ്രസിനായി ഒരു ആസ്ഥാന മന്ദിരം എന്ന സ്വപ്നം യാഥാർഥ്യമാക്കുവാൻ തനിക്കിതുവരെ സാധിച്ചിട്ടില്ലെന്നും ഇത്തരത്തിലൊരു മനോഹരമായ ഓഫീസും ലൈബ്രറിയും യു കെയിൽ സാക്ഷാത്കരിച്ച ഓ ഐ സി സി (യു കെ) യെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലയെന്നും രാഹുൽ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ഓ ഐ സി സി (യു കെ) വർക്കിങ്ങ് പ്രസിഡന്റുമാരായ ബേബിക്കുട്ടി ജോർജ്, മണികണ്ഠൻ ഐക്കാട്, ജനറൽ സെക്രട്ടറിമാരായ അജിത് വെണ്മണി, തോമസ് ഫിലിപ്പ്, നാഷണൽ ട്രഷറർ ബിജു വർഗീസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. യുക്മ ദേശീയ സെക്രട്ടറി കുര്യൻ ജോർജ്, ബോൾട്ടൻ ഗ്രീൻ പാർട്ടി പ്രതിനിധി ഫിലിപ്പ് കൊച്ചിട്ടി, ബോൾട്ടൻ മലയാളി അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
/sathyam/media/media_files/2025/02/21/ynoHELDHRwAe5rEjKz5H.jpg)
ചടങ്ങിനോടനുബന്ധിച്ചു പ്രിയദർശിനി ലൈബ്രറിയുടെ ആദ്യ മെമ്പർഷിപ്പ് വിതരണം ഫിലിപ്പ് കൊച്ചിട്ടിക്ക് നൽകികൊണ്ട് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ നിർവഹിച്ചു.
ഓ ഐ സി സി (യു കെ) പുതിയതായി രൂപീകരിച്ച ബോൾട്ടൻ, ആക്റിങ്ട്ടൻ, ഓൾഡ്ഹാം, പീറ്റർബൊറോ, ലിവർപൂൾ, ബ്ലാക്ക്പൂൾ എന്നീ യൂണിറ്റുകളുടെ ഇൻസ്റ്റലേഷനും, ഭാരവാഹികൾക്കുള്ള ചുമതലാപത്രവും പുതിയ അംഗങ്ങൾക്കുള്ള മെമ്പർഷിപ്പ് വിതരണോദ്ഘാടനവും രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ, ഓ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, നാഷണൽ കമ്മിറ്റി ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിൽ നിർവഹിച്ചു.
ഓ ഐ സി സിക്ക് സ്വന്തമായി ഒരു ഓഫീസ് കെട്ടിടം എന്ന ചിരകാലസ്വപ്നമാണ് ബോൾട്ടനിൽ ഓഫീസ് തുറന്നതോടുകൂടി യാഥാർഥ്യമായത്.
/sathyam/media/media_files/2025/02/21/w0EjRLK3sn3eRzYO6sbl.jpg)
ഓഫീസിനോടനുബന്ധിച്ച് ഒരുക്കിയ പ്രിയദർശിനി ലൈബ്രറിയിൽ ചരിത്രം, പഠനം, മഹാന്മാരുടെ ജീവചരിത്രം, ആത്മകഥ, പ്രഭാഷണങ്ങൾ, ലേഖനങ്ങൾ, ചെറുകഥ, നോവൽ, കവിതാ സമാഹാരങ്ങൾ, കുട്ടികൾക്കായുള്ള രചനകൾ എന്നിങ്ങനെ വിവിധ ശ്രേണിയിലുള്ള പുസ്തകങ്ങൾ, കുട്ടികൾക്കായുള്ള പ്ലേ സ്റ്റേഷൻ എന്നിവ ഒരുക്കിയിട്ടുണ്ട്.