ഗാസയില്‍ അടിയന്തരമായി വെടിനിര്‍ത്തണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡേവിഡ് ലാമി. ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയശേഷം ഇസ്രായേലിലും പലസ്തീനിലും നടത്തിയ ആദ്യ സന്ദര്‍ശനത്തിലാണ് അദ്ദേഹം ആവശ്യമുന്നയിച്ചത്.
ഗാസയില്‍ നടക്കുന്ന ഏറ്റുമുട്ടല്‍ സഹിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ ലാമി, വെടിനിര്‍ത്തല്‍ ചര്‍ച്ചക്കും ദ്വിരാഷ്ട്ര പരിഹാരം സാധ്യമാക്കാനും ബ്രിട്ടന്റെ പൂര്‍ണ സഹായവും പിന്തുണയും വാഗ്ദാനം ചെയ്തു. എല്ലാ ബന്ദികളെയും മോചിപ്പിക്കണം. ഗാസയിലേക്കുള്ള മാനുഷിക സഹായം വര്‍ധിപ്പിക്കുകയും വേണം. വെസ്ററ് ബാങ്കിലെയും കിഴക്കന്‍ ജറൂസലമിലെയും ഇസ്രായേല്‍ കുടിയേറ്റം നിര്‍ത്തണമെന്നും ലാമി ആവശ്യപ്പെട്ടു.
ഞായറാഴ്ച ജറൂസലമില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവുമായും വെസ്ററ് ബാങ്ക് നഗരമായ റാമല്ലയില്‍ പലസ്തീന്‍ പ്രസിഡന്‍റ് മപ്മൂദ് അബ്ബാസുമായും ലാമി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച ഇസ്രായേല്‍ പ്രസിഡന്‍റ് ഐസക് ഹെര്‍സോഗുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഉടന്‍ വെടിനിര്‍ത്തണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്ററാര്‍മര്‍ കഴിഞ്ഞ ആഴ്ച നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു.