യാക്കോബായ സുറിയാനി സഭ യു കെ ഭദ്രാസന കുടുംബ സംഗമവും നവാഭിഷിക്തനായ ശ്രേഷ്ഠ കാതോലിക്ക ആബൂൻ ബസേലിയോസ് ജോസഫ് ബാവാക്കു സ്വീകരണവും

New Update
jasnklwegti

ലണ്ടൻ: പരിശുദ്ധ അന്ത്യോക്യാ സിംഹാസനത്തിൽ കീഴിലുള്ള  ആകമാന യാക്കോബായ സുറിയാനി സഭയുടെ  യു കെ ഭദ്രാസനത്തിന്റെ 2025 ലെ ഫാമിലി കോൺഫറൻസ് ഭദ്രാസന കൗൺസിലിന്റെ നേതൃത്വത്തിൽ റെഡ്ഡിച്ചിലുള്ള സെൻറ് ജോസഫ് യാക്കോബായ സുറിയാനി പള്ളിയുടെ ആതിഥേയത്വത്തിൽ സെപ്റ്റംബർ 27ശനി, 28 ഞായർ ദിവസങ്ങളിൽ മോർ ബസ്സേലിയോസ് ഹാളിൽ വച്ച് നടത്തപ്പെടും.

Advertisment

ഭദ്രാസനത്തിലെ 47 - ൽ പരം ഇടവകകളിൽ നിന്നും ആയിരത്തിൽ പരം യാക്കോബായ സഭാ വിശ്വാസികൾ പങ്കെടുക്കുന്ന ഈ മഹാ സമ്മേളനത്തിന് വേണ്ടിയുള്ള പ്രാരംഭ നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു.  മലങ്കരയുടെ നവാഭിഷിക്ത  ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവാ തിരുമേനി മുഖ്യ അതിഥിയായി എഴുന്നുള്ളി വന്ന് കുടുംബ സംഗമത്തിൻ്റെ ദ്വിദ്വിന പരിപാടികളിൽ സംബന്ധിക്കും. 


പ്രബുദ്ധരായ മഹനീയ വ്യക്തികൾ നയിക്കുന്ന കുടുംബ ക്ലാസുകളും, കുഞ്ഞുങ്ങൾക്കും, കൗമാരക്കാർക്കും വേർതിരിച്ച് ബൈബിൾ ക്ലാസുകളും വിവിധ തരത്തിലുള്ള കൾച്ചറൽ പ്രോഗ്രാമുകളും സംഗമത്തിന് മാറ്റു കൂട്ടും. ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഐസക് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ മഹനീയ അദ്ധ്യക്ഷതയിൽ കൂടിയ യു കെ ഭദ്രാസന പള്ളിപ്രതിപുരുഷ യോഗം ആണ് കുടുംബ സംഗമത്തിന്റെ വിശദമായ നടത്തിപ്പിന്റെ കാര്യങ്ങൾ തീരുമാനിച്ച് നടപ്പിലാക്കിയത്.

കോതമംഗലത്ത് കബറടങ്ങിയിരിക്കുന്ന 
മഹാ പരിശുദ്ധനായ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ ഓർമപ്പെരുന്നാൾ ഭദ്രാസനാടിസ്ഥാനത്തിൽ നടത്തപ്പെടുന്ന ഈ മഹനീയ വേളയിൽ മേഖലയിലെ എല്ലാ സഭാ വിശ്വാസികളും കാലേകൂട്ടി പങ്കെടുക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തണമെന്ന്  അഭിവന്ദ്യ തിരുമേനി അറിയിക്കുകയും ചെയ്തു. പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് ഭദ്രാസന കൗൺസിലിന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് വിപുലമായ ക്രമീകരണങ്ങൾ നടത്തിവരുകയും ചെയ്യുന്നു.