യു കെ : യുണിയൻ ഓഫ് യുണൈറ്റഡ് കിംഗ്ഡം മലയാളി അസോസിയേഷൻസ് ഈസ്റ്റ് & വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയൻ 2025-2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ കഴിഞ്ഞ ദിവസം നടന്ന ജനറൽ കൗൺസിൽ യോഗത്തിൽ വച്ച് തിരഞ്ഞെടുത്തു. മിഡ്ലാൻഡ്സ് റീജിയൻ്റെ വാർഷിക പൊതുയോഗം കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ ബർമിംങ്ഹാമിലെ കോർപ്പസ് ക്രിസ്റ്റി കാത്തലിക് ചർച്ച് ഹാളിൽ നടന്നു.
പൊതുയോഗത്തിൽ പ്രസിഡൻ്റ് ജോർജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിന് ദേശീയ സമിതിയംഗം ജയകുമാർ നായർ സ്വാഗതം ആശംസിച്ചു. യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കുര്യൻ ജോർജ്, യുക്മ ട്രഷറർ ഡിക്സ് ജോർജ്, പി ആർ ഒ അലക്സ് വർഗീസ് എന്നിവരും യോഗത്തിൽ സംബന്ധിച്ചു. ലൂയിസ് മേനാച്ചേരി പ്രവർത്തന റിപ്പോർട്ടും, വരവ് ചിലവ് കണക്കും അവതരിപ്പിച്ചു, യോഗം ഏക കണ്ഡേന രണ്ടും പാസാക്കി. ഡിക്സ് ജോർജ് യോഗത്തിന് നന്ദി പറഞ്ഞു.
തുടർന്ന് നടന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ ദേശീയ തലത്തിൽ തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തുവാൻ ചുമതലപ്പെട്ട ഇലക്ഷൻ കമ്മീഷണർമാരായ കുര്യൻ ജോർജ്ജ്, (ചീഫ് ഇലക്ഷൻ കമ്മീഷണർ), അലക്സ് വർഗീസ് എന്നിവരുടെ മേൽനോട്ടത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ യുക്മ ഈസ്റ്റ് & വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയൻ്റെ 2025 - 2027 വർഷത്തേക്കുള്ള ഭാരവാഹികളെ ജനറൽ കൗൺസിൽ യോഗം ഐക്യകണ്ഡേന തിരഞ്ഞെടുത്തു.
ദേശീയ സമിതിയംഗമായി ജോർജ് തോമസ് വടക്കേക്കുറ്റ് , റീജിയൻ പ്രസിഡൻറായി അഡ്വ.ജോബി പുതുകുളങ്ങര , സെക്രട്ടറിയായി ലൂയിസ് മേനാച്ചേരി , ട്രഷററായി പോൾ ജോസഫ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡൻറുമാരായി ജോസ് തോമസ് , സോമി കുരുവിള , ജോയിൻ്റ് സെക്രട്ടറിമാരായി രാജീവ് ജോൺ, അനിതാ മധു എന്നിവരും ജോയിൻറ് ട്രഷററായി ജോർജ് മാത്യുവും തിരഞ്ഞെടുക്കപ്പെട്ടു.
രേവതി അഭിഷേക് ആണ് പുതിയ ആർട്സ് കോർഡിനേറ്റർ, സ്പോർട്സ് കോർഡിനേറ്ററായി സജീവ് സെബാസ്റ്റ്യൻ, എന്നിവരെയും തിരഞ്ഞെടുത്തു. രാജപ്പൻ വർഗീസ് ആണ് പുതിയ പി ആർ ഒ. ബോട്ട് റേസ് കോഓർഡിനേറ്ററായി അരുൺ സെബാസ്റ്റ്യൻ, നഴ്സസ് ഫോറം കോഓർഡിനേറ്ററായി സനൽ ജോസും , മീഡിയ കോ ഓർഡിനേറ്ററായി അരുൺ ജോർജും, ചാരിറ്റി കോഓർഡിനേറ്ററായി ആനി കുര്യൻ, വിമൻസ് ഫോറം കോ ഓർഡിനേറ്ററായി ബെറ്റി തോമസ്എന്നിവരും ഐകകണ്ഡേന തിരഞ്ഞെടുക്കപ്പെട്ടു.പീറ്റർ ജോസഫ്എ ക്സ് ഒഫീഷ്യോ അംഗമായി തുടരും.
യുക്മയുടെ ഏറ്റവും ശക്തി കേന്ദ്രമായ മിഡ്ലാൻഡ്സ് റീജിയൻ്റെ തിരഞ്ഞെടുക്കപ്പെട്ട പുതിയ നേതൃത്വം (2025-2027)മലയാളി സമൂഹത്തിന്റെ സാമൂഹിക സാംസ്കാരിക സൗഹൃദ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകുന്നതിനും, പ്രദേശത്തെ വിവിധ സംഘടനകളുമായി കൈകോർക്കുന്നതിനും അതുവഴി യുക്മയെന്ന പ്രസ്ഥാനത്തിനെ കൂടുതൽ കരുത്താർജിപ്പിക്കുന്നതിനും കരുത്തുള്ള പുതിയ നേതൃത്വമാണ് ചുമതലയേറ്റിട്ടുള്ളത്. ചുമതലയേറ്റ പുതിയ ഭാരവാഹികൾക്ക് അവരുടെ ഉത്തരവാദിത്വം പൂർണതോതിൽ നിറവേറ്റുവാൻ യുക്മ നേതൃത്വവും അംഗങ്ങളും വിജയാശംസകൾ നേർന്നു.