New Update
/sathyam/media/media_files/2025/03/25/ouqez9wmuV0D1GkmnT7d.jpg)
ക്രോയ്ഡോൺ: ബ്രിട്ടീഷ് മലയാളി സമൂഹത്തിന്റെ ഓർമകളിൽ മായാത്ത വ്യക്തിത്വമായി ഇന്നും നിലകൊള്ളുന്ന ലണ്ടനിലെ അറിയപ്പെടുന്ന വ്യവസായിയും, മുൻ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനും, ഓ ഐ സി സി (യുകെ) മുൻ ദേശീയ കൺവീനറുമായിരുന്ന ടി ഹരിദാസ് (ഹരിയേട്ടൻ) - ന്റെ നാലാം വാർഷിക അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
ടി ഹരിദാസുമായി വളരെ അടുത്ത വ്യക്തിബന്ധം സൂക്ഷിച്ചവരും സുഹൃത്തുക്കളും സുമനസുകളുടേയും നേതൃത്വത്തിൽ ശനിയാഴ്ച കെ സി ഡബ്ലിയു എ ട്രസ്റ്റ് ഹാളിൽ സംഘടിപ്പിച്ച വികാര നിർഭകരമായ ചടങ്ങിൽ അദ്ദേഹത്തിന്റെ മക്കൾ പങ്കെടുത്തു.
ഹരിയേട്ടന്റെ ആത്മാവിന് ആദരാഞ്ജലി അർപ്പിക്കാൻ ബ്രിട്ടീഷ് മലയാളി സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നുള്ള പ്രമുഖർ, സഹപ്രവർത്തകർ, സുഹൃത്തുകൾ, കുടുംബാംഗങ്ങൾ എന്നിവർ എത്തിച്ചേർന്നു. ഹരിയേട്ടന്റെ ജീവിതം, പ്രവർത്തനങ്ങൾ, നിലപാടുകൾ, മനുഷ്യസ്നേഹം തുടങ്ങിയവക്ക് ജാതി - മത - കക്ഷി രാഷ്ട്രീയ പരിധികൾക്കപ്പുറമുള്ള ഒത്തുമാറ്റം ഈ സമ്മേളനത്തിൽ പ്രകടമായി.
തോമസ് ഫിലിപ്പ് സ്വാഗതഭാഷണം നടത്തി. തുടർന്ന്, ഹരിയേട്ടന്റെ ഛാചിത്രത്തിന് മുമ്പിൽ ദീപം തെളിയിക്കുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തു. സംഗീതത്തെ ഏറെ സ്നേഹിച്ചിരുന്ന ഹരിയേട്ടന് ഗായകരായ ഗ്ലോബിറ്റ് ഒലിവർ, പ്രിയ തോമസ്, ജോഷി വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഗാനാർച്ചന അർപ്പിച്ചു.
പ്രമുഖരായ സാമൂഹിക പ്രവർത്തകർ, ഹരിയേട്ടനുമായുള്ള തങ്ങളുടെ അനുഭവം പങ്കുവെച്ചത് ഒത്തുകൂടിയവർക്ക് പുതിയ അറിവുകളായി. പൊതുപ്രവർത്തകനും ടി ഹരിദാസുമായി ദീർഘകാല ബന്ധം പുലർത്തിയിരുന്ന ടോണി ചെറിയൻ, യു കെ യിലെ പ്രമുഖ ചാരിറ്റി - പൊതുപ്രവർത്തകയും സംരംഭകയുമായ ഷൈനു ക്ലെയർ മാത്യൂസ്, മലങ്കര ഓർത്തഡോക്സ് സിറിയൻ സഭയുടെ യൂറോപ്പ് ഡയസിസ് പ്രതിനിധി സോജി ടി മാത്യു, അജിത് വെൺമണി, സാജു മണക്കുഴി എന്നിവർ ഹരിയേട്ടനോടുള്ള ആത്മാർത്ഥമായ സ്‌നേഹവും അനുസ്മരണവുമാണ് പങ്കുവെച്ചത്.
മരിക്കുന്നിതിന് ഒരുമാസം മുൻപ് ഹരിയേട്ടൻ തനിക്കയച്ച ഫോൺ സന്ദേശങ്ങൾ ഇന്നും മായിക്കാതെ ആദരവോടെ കാത്തു സൂക്ഷിക്കുന്നു എന്ന് . ഷൈനു ക്ലെയർ മാത്യൂസ് അനുസ്മരണ സന്ദേശത്തിൽ അറിയിച്ചത് സദസ്സിനെ ഒന്നാകെ വികാരഭരിതരാക്കി.
ബ്രിസ്റ്റോൾ മുൻ മേയർ ടോം ആദിത്യക്ക് ചില അവിചാരിത കാരണങ്ങളാൽ ചടങ്ങിൽ ലൈവായി പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും അദ്ദേഹം സംഘടകർക്ക് അയച്ച വിഡിയോ സന്ദേശത്തിലൂടെ അദ്ദേഹത്തിന്റെ ആദരവു അറിയിച്ചു.
ഗാനങ്ങൾക്കും അനുസ്മരണ സന്ദേശങ്ങൾക്കും തുല്യപ്രാധാന്യം നൽകി ക്രമീകരിച്ച ചടങ്ങിന്റെ അവതാരികയായ കുമാരി. അഷ്‌ന ബിജു ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.
ജോർജ് ജേക്കബ്,തോമസ് ഫിലിപ്പ് എന്നിവരായിരുന്നു പരിപാടിയുടെ കോർഡിനേറ്റർമാർ. പരിപാടിയുടെ മുഖ്യ സംഘാടകനായ ബേബികുട്ടി ജോർജ് അനുസ്മരണ സമ്മേളനം വലിയ വിജയമാക്കുന്നതിൽ വലിയ പങ്ക് വഹിച്ചു.