ഇതാ ഒരു വിചിത്ര ആചാരം ! സന്താനഭാഗ്യത്തിന് നിലത്ത് കിടക്കുന്ന സ്ത്രീകളുടെ മുകളിലൂടെ നടന്ന് പൂജാരി; വീഡിയോ

നാഷണല്‍ ഡസ്ക്
Monday, November 23, 2020

റായ്പുര്‍: കുഞ്ഞുങ്ങളില്ലാത്ത സ്ത്രീകള്‍ക്ക് കുഞ്ഞുങ്ങള്‍ ജനിക്കാനായി വിചിത്ര ആചാരവുമായി ഛത്തീസ്ഗഢിലെ ധമതാരി ജില്ലയിലെ ഒരു ക്ഷേത്രം. റായ്പൂരിൽ നിന്നും 90 കിമീ അകലെയുള്ള അങ്കാർമോത്തി ദേവി ക്ഷേത്രത്തിലെ ആയിരങ്ങൾ പങ്കെടുക്കുന്ന ഉൽസവത്തിലാണ് വിവാഹം കഴിഞ്ഞ് കുട്ടികളില്ലാത്ത സ്ത്രീകൾക്ക് വേണ്ടിയുള്ള ഈ പ്രത്യേക ചടങ്ങ്.

ക്ഷേത്രത്തിന്റെ മുറ്റത്ത് നിരന്ന് കിടക്കുന്ന സ്ത്രീകളുടെ ശരീരത്തിലൂടെ ചവിട്ടി പൂജാരി കടന്നുപോകുന്നതാണ് ചടങ്ങ്. ആചാരത്തിന്റെ ഭാഗമായി കമിഴ്ന്ന് കിടക്കുന്ന നൂറോളം സ്ത്രീകളുടെ മുകളിലൂടെയാണ് ഇങ്ങനെ പൂജാരി നടന്നുപോവുക. ഇങ്ങനെ ചെയ്യുന്നതിലൂടെ അങ്കാര്‍മോതി ദേവിയുടെ അനുഗ്രഹം ലഭിക്കുകയും സ്ത്രീകള്‍ക്ക് സന്താനസൗഭാഗ്യം ലഭിക്കുമെന്നുമാണ് വിശ്വാസം.

ഇത്തവണയും ഒട്ടേറെ സ്ത്രീകൾ ഈ ചടങ്ങിൽ പങ്കെടുത്തു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മധായി മേള എന്നാണ് വര്‍ഷം തോറും നടക്കുന്ന ഈ ചടങ്ങിന്റെ പേര്. ദീപാവലിക്ക് ശേഷമുള്ള ആദ്യത്തെ വെള്ളിയാഴ്ചയാണ് എല്ലാവര്‍ഷവും ഈ ചടങ്ങ് നടക്കുക. ഈ കാഴ്ച കാണാനായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വിശ്വാസികള്‍ തടിച്ചുകൂടിയതും കാണാം.

ഈ മാസം 20ന് നടന്ന ചടങ്ങിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മാസ്കോ, സാമൂഹിക അകലമോ പാലിക്കാതെ ആയിരങ്ങളാണ് ഉൽസവത്തിൽ പങ്കെടുത്തത്.

×