ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധം: തലനാട് പഞ്ചായത്ത് ഓഫീസിലേക്ക് കാല്‍നടയായി എത്തി വൈസ് പ്രസിഡന്റ് സോളി ഷാജി ബജറ്റ് അവതരിപ്പിച്ചു

New Update

കോട്ടയം:ഇന്ധന വിലവർദ്ധനയിൽ പ്രതിഷേധിച്ച് കാൽനടയായി പോയി ബജറ്റ് അവതരിപ്പിച്ച് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്. തലനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോളി ഷാജിയാണ് വേറിട്ട ശൈലിയിൽ ഇന്ധന വിലവർദ്ധനവിനെതിരെ തന്റെ പ്രതിഷേധം പ്രകടിപ്പിച്ചത്.

Advertisment

publive-image
ഇന്ന് തലനാട് ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരണമായിരുന്നു. വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സണുമായ സോളി ഷാജിയാണ് ബജറ്റ് അവതരിപ്പിക്കേണ്ടിയിരുന്നത്. സി.പി.ഐ. പ്രതിനിധി കൂടിയായ സോളി ഷാജി ഇന്നലെ രാവിലെ പാർട്ടി നേതാക്കൾ, പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ മറ്റ് ഭരണ - പ്രതിപക്ഷ മെമ്പർമാർ എന്നിവരെ ഫോണിൽ ബന്ധപ്പെട്ട്, ഇന്ധന വിലവർദ്ധനവിൽ തന്റേതായ ഒരു വേറിട്ട പ്രതിഷേധം നടത്തിക്കൊണ്ടാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്ന് അറിയിച്ചു.

തലനാട് വടക്കുംഭാഗത്തുള്ള സോളി ഷാജിയുടെ വസതിയിൽ നിന്ന് രണ്ടുകിലോമീറ്ററോളം ദൂരമുണ്ട് പഞ്ചായത്ത് ഓഫീസിലേക്ക്. ദിവസവും സോളി വാഹനത്തിലാണ് പഞ്ചായത്ത് ഓഫീസിൽ എത്തിയിരുന്നത്. എന്നാൽ ഇന്ന് ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി, ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് വീട്ടിൽ നിന്ന് കാൽനടയായി പഞ്ചായത്തിലേക്ക്  സോളി യാത്ര തിരിക്കുകയായിരുന്നു. ബജറ്റ് പുസ്തകം ഉൾക്കൊള്ളുന്ന ബാഗുമായി രാവിലെ പത്തുമണിയോടെ സോളി ഷാജി ഒറ്റയ്ക്ക് വീട്ടിൽ നിന്നിറങ്ങി.

publive-image

പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ഒറ്റയാൾ സമരത്തെക്കുറിച്ച് അറിഞ്ഞ ഭരണ - പ്രതിപക്ഷാംഗങ്ങൾ സോളി ഷാജിയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും സ്വീകരിക്കുന്നതിനുമായി തലനാട് ബാലവാടി ജംഗ്ഷനിലേക്ക് ചെന്നു. ഇവിടെനിന്ന് മെമ്പർമാരുടെ അകമ്പടിയോടെയാണ് സോളി തുടർന്ന് പഞ്ചായത്തിലേക്ക് നടന്നത്.

11 മണിയോടെ പഞ്ചായത്തിലെത്തിയ സോളി ഷാജിയെ പ്രസിഡന്റ് രജനി സുധാകരൻ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.
തുടർന്ന് ബജറ്റ് അവതരണത്തിന് മുമ്പ് ചേർന്ന ലളിതമായ യോഗത്തിൽ  വൈസ് പ്രസിഡന്റിന്റെ വ്യത്യസ്തമായ സമരരീതിയെ ഭരണ - പ്രതിപക്ഷ മെമ്പർമാരെല്ലാം അനുമോദിക്കുകയും അനുകൂലിക്കുകയും ചെയ്തു.

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.റ്റി. കുര്യൻ, തലനാട് പഞ്ചായത്ത്  പ്രസിഡന്റ് രജനി സുധാകരൻ, മുൻ പ്രസിഡന്റ് രോഹിണിഭായി ഉണ്ണിക്കൃഷ്ണൻ, മെമ്പർമാരായ ആശാ റിജു, വത്സമ്മ ഗോപിനാഥ്, ബിന്ദു.ബി, രാഗിണി ശിവരാമൻ, എം.ആർ ദിലീപ്, റോബിൻ ജോസഫ്, സെബാസ്റ്റ്യൻ എം.ജെ, സോണി ബിനീഷ്, ഷെമീല, ചാൾസ് ടി. ജോയി എന്നിവർ ആശംസകൾ നേർന്നു.

തന്റെ സമരരീതിയെ രാഷ്ട്രീയഭേദമെന്യേ പിന്തുണച്ച മുഴുവൻ മെമ്പർമാരോടും വൈസ് പ്രസിഡന്റ് നന്ദി പറഞ്ഞു. തുടർന്ന് തലനാട് പഞ്ചായത്തിൽ 2021 - 22 വർഷത്തേയ്ക്ക് 7.5 കോടി രൂപയുടെ ബജറ്റ് അവതരിപ്പിക്കുകയും ചെയ്തു.

Advertisment