പിടി തോമസിന്റെ അന്ത്യാഭിലാഷം പൂര്‍ത്തികരിക്കാന്‍ കോണ്‍ഗ്രസ് ! പിടിയുടെ ചിതാഭസ്തമം നാളെ അമ്മയുടെ കല്ലറയില്‍ അടക്കം ചെയ്യും. ചടങ്ങുകള്‍ ഉപ്പുതോട് സെന്റ്. ജോസഫ് പള്ളിയില്‍ വൈകിട്ട് നാലിന് ! പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ നാളെ പാലാരിവട്ടത്തെ വസതിയില്‍ നിന്നും സ്മൃതിയാത്രയായി ചിതാഭസ്മം ഉപ്പുതോട് എത്തിക്കും

New Update

കൊച്ചി: അന്തരിച്ച കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് പിടി തോമസിന്റെ ചിതാഭസ്മം അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം അമ്മയുടെ കല്ലറയില്‍ നാളെ അടക്കം ചെയ്യും. നാളെ ഇടുക്കി ഉപ്പുതോട് പള്ളിയില്‍ വൈകുന്നേരമാണ് ചടങ്ങുകള്‍ നടക്കുക. നേരത്തെ ഇതിനുള്ള അനുവാദം പള്ളി അധികൃതരില്‍ നിന്നും കോണ്‍ഗ്രസ് പാര്‍ട്ടി വാങ്ങിച്ചിട്ടുണ്ട്.

Advertisment

publive-image

പിടി തോമസിന്റെ അന്ത്യാഭിലാഷമായിരുന്നു തന്റെ ദേഹം ദഹിപ്പിച്ചതിനു ശേഷം ഒരു ഭാഗം അമ്മ അന്ത്യവിശ്രമം കൊള്ളുന്ന ഉപ്പുതോട് ദേവാലയത്തിലെ സെമിത്തേരിയില്‍ അടക്കം ചെയ്യണമെന്നത്. കോണ്‍ഗ്രസ് പിടിയുടെ ആ ആഗ്രഹവും സാധ്യമാക്കുകയാണ്.

പ്രതിപക്ഷ നേതാവ് വി ഡി.സതീശന്റെ സാന്നിധ്യത്തില്‍ കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍ കുടുംബാംഗങ്ങളില്‍ നിന്നു ചിതാഭസ്മം നാളെ രാവിലെ ഏറ്റുവാങ്ങും. തുടര്‍ന്ന് രാവിലെ ഏഴിനു പാലാരിവട്ടത്തെ വീട്ടില്‍നിന്നും സ്മൃതിയാത്ര ആരംഭിക്കും.

തുറന്ന വാഹനത്തില്‍ കൊണ്ടുപോകുന്ന ചിതാഭസ്മ സ്മൃതിയാത്രയ്ക്കു വിവിധ സ്ഥലങ്ങളില്‍ ആദരമര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ പ്രയാണത്തിനു ശേഷം സ്മൃതിയാത്ര രാവിലെ 11മണിയോടെ ഇടുക്കി ജില്ലാ അതിര്‍ത്തിയായ നേര്യമംഗലത്ത് എത്തിച്ചേരുമ്പോള്‍ ഡിസിസി പ്രസിഡന്റ് സിപി മാത്യുവിന്റെ നേതൃത്വത്തില്‍ ചിതാഭസ്മം ഏറ്റുവാങ്ങും.

നേര്യമംഗലത്ത് ആദരം അര്‍പ്പിച്ച ശേഷം വാഹനങ്ങളുടെ അകമ്പടിയോടെ 11.45ന് ഇരുമ്പുപാലം, 12.15ന് അടിമാലി, 1.30നു കല്ലാര്‍കുട്ടി, 2നു പാറത്തോട്, 3നു മുരിക്കാശേരി എന്നിവിടങ്ങളില്‍ എത്തിച്ചേരും. വൈകിട്ട് 4ന് ഉപ്പുതോട്ടില്‍ എത്തുമ്പോള്‍ കുടുംബാംഗങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് ചിതാഭസ്മം ഏറ്റുവാങ്ങും.

ഉപ്പുതോട് സെന്റ് ജോസഫ്സ് പള്ളിയില്‍ പി.ടി.തോമസിന്റെ മാതാവിന്റെ കല്ലറയില്‍ ചിതാഭസ്മം അടക്കം ചെയ്യും. തുടര്‍ന്ന് അനുസ്മരണ സമ്മേളനം നടക്കും. ഉപ്പുതോട് പള്ളിക്കവലയില്‍ ചേരുന്ന സ്മൃതി സംഗമത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എഐസിസി സെക്രട്ടറി ഐവാന്‍ ഡിസൂസ തുടങ്ങിയവര്‍ പങ്കെടുക്കും.

Advertisment