ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടാഴ്ചമാത്രം ബാക്കിനില്‍ക്കേ പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതില്‍ കോണ്‍ഗ്രസില്‍ കലാപം. ഇപ്പോഴത്തെ മുഖ്യമന്ത്രി ചരണ്‍ജീത് സിങ് ചന്നിക്ക്പകരം തന്റെ പേര് പ്രഖ്യാപിക്കണമെന്ന പാര്‍ട്ടി സംസ്ഥാനാധ്യക്ഷന്‍ നവജോത് സിങ് സിദ്ദുവിന്റെ നിലപാട് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുകയാണ്. ഇന്നു രാത്രിയോടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന.
ഒരു പേരു പ്രഖ്യാപിച്ചാലും പ്രശ്‌നം അവിടെ അവസാനിക്കില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി മോഹികള്‍ അടങ്ങിയിരിക്കില്ല എന്നു തന്നെയാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്. ആദ്യം മത്സരം നടക്കട്ടെ. ജയിച്ചതിന് ശേഷം കാര്യങ്ങള്‍ തീരുമാനിക്കാമെന്നു പറഞ്ഞെങ്കിലും നേതാക്കള്‍ തൃപ്തരല്ല.
കഴിഞ്ഞ സെപ്റ്റംബറിലാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെ മാറ്റി കോണ്‍ഗ്രസ് നേതൃത്വം ചന്നിയെ മുഖ്യമന്ത്രിക്കസേരയിലിരുത്തിയത്. എന്നാല്‍, ചന്നി മുഖ്യമന്ത്രിയായതിനൊപ്പം, പാര്‍ട്ടി അധ്യക്ഷസ്ഥാനത്തു നിന്ന് സുനല്‍ ജാഖഡിനെ മാറ്റി പകരം നിയോഗിച്ച സിദ്ദുവിനെ തൃപ്തിപ്പെടുത്തുക എന്നതാണ് നേതൃത്വത്തിനു മുന്നിലുള്ള മുഖ്യ വെല്ലുവിളി.
സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ അധ്യക്ഷനായ സുനില്‍ ജാഖഡും നിരാശനാണ്. ഹിന്ദുവായതിനാലാണ് തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാത്തതെന്നാണ് ജാഖഡിന്റെ ആക്ഷേപം. നേരത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്കായി രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം സ്വകാര്യ ഏജന്‍സി നടത്തിയ സര്‍വേയില്‍ നിലവിലെ മുഖ്യമന്ത്രി ചന്നിക്കായിരുന്നു മുന്‍തൂക്കം.
ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് സിദ്ദു വീണ്ടും വെടിപൊട്ടിച്ചുതുടങ്ങിയത്. തങ്ങളുടെ താളത്തിനൊത്ത് തുള്ളുന്ന ദുര്‍ബല മുഖ്യമന്ത്രിയെയാണ് മുകളിലുള്ളവര്‍ ആഗ്രഹിക്കുന്നതെന്ന് സിദ്ദു പറയുന്നത്. സത്യസന്ധരായവരാണ് പഞ്ചാബിനെ നയിക്കാന്‍ വേണ്ടതെന്നും സിദ്ദു പറയുന്നു.
അനധികൃത ഖനനവുമായി ബന്ധപ്പെട്ട് ചന്നിയുടെ മരുമകനെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് സിദ്ദുവിന്റെ ഈ നിലപാട്. അറുപത് സ്ഥാനാര്‍ഥികള്‍ ജയിച്ചാല്‍ മാത്രമെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിക്ക് പ്രസക്തിയുള്ളൂവെന്നും സിദ്ദു പറഞ്ഞു.
അതേസമയം ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ട് നാല് സാധ്യതകളാണ് കോണ്‍ഗ്രസിന് മുന്നിലുള്ളത്. ചന്നി, സിദ്ദു, മൂന്നാമതൊരാള്‍, ആരെയും പ്രഖ്യാപിക്കാതിരിക്കല്‍ എന്നിവയാണിത്. ചന്നിയെയോ സിദ്ദുവിനെയോ ഇപ്പോള്‍ പ്രഖ്യാപിച്ചശേഷം ഭരണം ലഭിച്ചാല്‍ ഇടയ്ക്കുവെച്ച് സ്ഥാനമാറ്റം എന്ന ആശയവും മുന്നോട്ടു വെക്കാം.
ചന്നിയെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചാല്‍ സിദ്ദു ക്യാമ്പ് വെറുതേയിരിക്കില്ല. പരമാവധി ചന്നി അനുകൂലികളെ കാലുവാരുമെന്ന കാര്യത്തിലും സിദ്ദുവിന് ബുദ്ധിമുട്ടില്ല. എന്നാല്‍ 33 ശതമാനം ദളിതരുള്ള പഞ്ചാബില്‍ ചന്നിയെ തഴയുന്നത് കോണ്‍ഗ്രസിന് എളുപ്പവുമല്ല.