ഓണ്‍ലൈനായി പഠിക്കാനെന്നും പറഞ്ഞ് മാതാപിതാക്കളുടെ ഫോണ്‍ വാങ്ങി; പബ്ജി കളിക്കാനായി കൗമാരക്കാരന്‍ ചെലവഴിച്ചത് 16 ലക്ഷം രൂപ; മാതാപിതാക്കള്‍ അറിഞ്ഞത് അക്കൗണ്ട് കാലിയായപ്പോള്‍; ചെയ്ത തെറ്റിന് ശിക്ഷയായി മകനെ സ്‌കൂട്ടര്‍ വര്‍ക്ക്‌ഷോപ്പില്‍ ജോലിക്ക് അയച്ച് അച്ഛന്‍

നാഷണല്‍ ഡസ്ക്
Saturday, July 4, 2020

അമൃത്സര്‍: മാതാപിതാക്കളുടെ ഫോണില്‍ പബ്ജി കളിച്ച കൗമാരക്കാരന്‍ അവരുടെ അക്കൗണ്ട് ‘കാലിയാക്കി’. 16 ലക്ഷം രൂപയാണത്രേ കൗമരക്കാരന്‍ പബ്ജിക്കായി ചെലവഴിച്ചത്. പഞ്ചാബിലാണ് സംഭവം നടന്നത്.

സൗജന്യമായി കളിക്കാവുന്ന ഗെയിമാണെങ്കിലും അതില്‍ പുതിയ ആയുധങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ വാങ്ങാന്‍ സൗകര്യമുണ്ട്. ഇതിനായാണ് കൗമാരക്കാരന്‍ പണം ചെലവഴിച്ചത്.

ഓണ്‍ലൈനായി പഠിക്കാനെന്നും പറഞ്ഞാണ് മാതാപിതാക്കളുടെ ഫോണ്‍ ഉപയോഗിച്ചത്. ഇതില്‍ ബാങ്ക് അക്കൗണ്ടിലെ വിവരങ്ങള്‍ ഉണ്ടായിരുന്നത് അവന് സൗകര്യമായി. അങ്ങനെ ഒരു മാസം കൊണ്ട് അക്കൗണ്ടിലുണ്ടായിരുന്ന പണം മുഴുവന്‍ ചെലവഴിക്കുകയായിരുന്നു.

അക്കൗണ്ട് കാലിയായപ്പോഴാണ് മാതാപിതാക്കള്‍ വിവരമറിയുന്നത്. മകന്റെ ഭാവിക്ക് വേണ്ടി സമ്പാദിച്ച പണമായിരുന്നെന്നും തന്റെ സ്വപ്‌നങ്ങള്‍ അവന്‍ നശിപ്പിച്ചെന്നും പിതാവ് പറയുന്നു. ചെയ്ത കുറ്റത്തിന് ശിക്ഷയായി മകനെ ഒരു വര്‍ക്ഷോപ്പില്‍ ജോലിക്ക് അയച്ചിരിക്കുകയാണ് മാതാപിതാക്കള്‍.

×