Advertisment

പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; ഖത്തര്‍ ഉപരോധം അവസാനിക്കുന്നു; ഖത്തര്‍ പ്രതിസന്ധി പരിഹാര കരാറിന് അനുമതി നല്‍കാന്‍ ജിസിസിയുടെ ഉച്ചകോടി

New Update

publive-image

Advertisment

ദോഹ: ഖത്തറിനെതിരെ നിലനിൽക്കുന്ന ഉപരോധം അവസാനിക്കുന്നു. ഗൾഫ് മേഖലയിലെ ഭിന്നത പരിഹരിച്ചതായി ഖത്തർ അറിയിച്ചു

അന്തിമ കരാറിലെത്താൻ മാധ്യസ്ഥം വഹിച്ച കുവൈത്തിനു ഖത്തർ നന്ദി അറിയിച്ചു. കുവൈത്ത് മാധ്യസ്ഥത്തെ പ്രശംസിച്ച് ഐക്യരാഷ്ട്രസംഘടനയും രംഗത്തെത്തി. അതേസമയം, ഉപരോധം നീക്കിയെന്നും അതിർത്തികൾ തുറന്നെന്നുമുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

2017 ജൂൺ 5നാണ് തീവ്രവാദബന്ധം ആരോപിച്ച് ഖത്തറിനെതിരെ സൗദി, യുഎഇ, ബഹ്റൈൻ, കുവൈത്ത് രാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ചത്. അന്നു നിർത്തിവച്ച രാഷ്ട്രീയ, നയതന്ത്ര ബന്ധങ്ങൾ ഉടൻ പുനരാരംഭിക്കുമോ എന്ന് ഔദ്യോഗിക പ്രഖ്യാപനത്തിനു ശേഷമേ സ്ഥിരീകരിക്കാനാകൂ.

പ്രശ്നങ്ങൾ പരിഹരിക്കാൻ തയാറായതിനു ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്ക് കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് തിരികെയും നന്ദി അറിയിച്ചു.

ഖത്തര്‍ പ്രതിസന്ധി പരിഹരിക്കപ്പെടുന്നതിനുള്ള ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് സൗദി അറേബ്യ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കുവൈറ്റ് നടത്തുന്ന ഇടപെടലുകളെ സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരൻ നേരത്തെ അഭിനന്ദിച്ചിരുന്നു.

‘ഗള്‍ഫ് പ്രതിസന്ധിയെ കുറിച്ചുള്ള കാഴ്ചപ്പാടുകളിലെ വിടവ് നികത്താന്‍ ഞങ്ങളുടെ സഹോദര രാജ്യമായ കുവൈത്ത് നടത്തിയ പരിശ്രമങ്ങളെ ഞങ്ങള്‍ വളരെയധികം അഭിനന്ദിച്ചുകൊണ്ട് പരിഗണിക്കുന്നു. ഇക്കാര്യത്തില്‍ അമേരിക്കന്‍ ശ്രമങ്ങള്‍ക്ക് നന്ദി പറയുന്നു. അറബ് മേഖലയുടെ നേട്ടത്തിനും നന്മയ്ക്കുമായി ഇത് വിജയിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.’ -ഫൈസല്‍ രാജകുമാരന്‍ ട്വീറ്റ് ചെയ്തു.

ജിസിസി സെക്രട്ടറി ജനറല്‍ ഡോ. നയീഫ് അല്‍ ഹജ്‌റഫും കുവൈറ്റിന്റെ ഇടപെടലുകളെ അഭിനന്ദിച്ചിരുന്നു. ഖത്തറിനെതിരെ സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ 2017 ജൂണില്‍ ഉപരോധം പ്രഖ്യാപിച്ചതോടെ രൂപപ്പെട്ട ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനായി അടുത്തിടെ നടന്ന ചര്‍ച്ചകള്‍ ഫലപ്രദമായി എന്ന് കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് ഡോ. അഹ്മദ് നാസര്‍ അല്‍-മുഹമ്മദ് അല്‍ സബാഹ് കുവൈത്ത് ദേശീയ ടെലിവിഷനിലൂടെ നേരത്തേ അറിയിച്ചിരുന്നു.

ജി.സി.സി ഉച്ചകോടി ചേരും

അമേരിക്കയുടെയും കുവൈത്തിന്‍റെയും നേതൃത്വത്തിൽ നടന്ന ചർച്ചകളിലൂടെ രൂപപ്പെട്ട ഖത്തർ പ്രതിസന്ധി പരിഹാര കരാറിന് അനുമതി നൽകാൻ ജി.സി.സിയുടെ ഉച്ചകോടി ചേരും. മിക്കവാറും ഈ മാസം ബഹ്റൈനിൽ ആയിരിക്കും 41ാം ജി.സി.സി ഉച്ചകോടി ചേരുകയെന്നാണ് റിപ്പോർട്ട്.

ഖത്തറിനു മേൽ സൗദി ഉൾപ്പെടെ ചതുർ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കുന്ന അന്തിമ കരാറിൽ ഒപ്പുവെക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉച്ചകോടി വിളിച്ചു ചേർക്കുന്നത്. എന്നാൽ കരാറിന്‍റെ വിശദാംശങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല.

Advertisment