Advertisment

ഖത്തറില്‍ പൗരത്വ നിയമം ഭേദഗതി ചെയ്യാന്‍ അമീറിന്റെ നിര്‍ദ്ദേശം 

New Update

ദോഹ : ഖത്തറില്‍ എല്ലാ ജനവിഭാഗങ്ങളെയും ഉള്‍പ്പെടുത്തി പൗരത്വനിയമം ഭേദഗതി ചെയ്യാനും അതിന് വേണ്ട നിയമനിര്‍മാണം നടത്താനുമുള്ള ഖത്തര്‍ അമീറിന്റെ ഉത്തരവിന്‍ മേല്‍ നടപടികള്‍ ആരംഭിച്ചു. എല്ലാ പൗരന്മാര്‍ക്കും തുല്യ അവകാശം ലഭിക്കുന്ന രീതിയില്‍ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്താന്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.

Advertisment

publive-image

ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ശൂറ കൗണ്‍സിലിന്റെ ആദ്യ സമ്മേളനത്തില്‍ നടത്തിയ ഉദ്ഘാടന പ്രസംഗത്തിലാണ് അമീര്‍ ഈ നിര്‍ദേശം മുന്നോട്ട് വച്ചത്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ഇതിനകം ആരംഭിച്ചതായി കാബിനറ്റ് കാര്യ സഹമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ സുലൈത്തി അറിയിച്ചു.

പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നടപടികള്‍ക്ക് തുടക്കം കുറിച്ചത്.

ഒക്ടോബര്‍ രണ്ടിന് ശൂറ കൗണ്‍സിലിലേക്ക് നടന്ന പ്രഥമ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ ചില ഗോത്രവിഭാഗങ്ങള്‍ക്ക് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. 1930ന് മുന്‍പ് ഖത്തറില്‍ താമസമുണ്ടായിരുന്ന കുടുബങ്ങളിലെ അംഗങ്ങള്‍ക്ക് മാത്രം വോട്ടവകാശം ലഭിക്കുന്ന തരത്തില്‍ നിലവിലുള്ള നിയമമായിരുന്നു ഇതിന് കാരണം.

ഇതുമൂലം രാജ്യത്തെ പ്രമുഖ ഗോത്രവിഭാഗങ്ങളിലൊന്നായ അല്‍ മുര്‍റ കുടുംബക്കാര്‍ക്ക് തെരഞ്ഞെടുപ്പില്‍ വോട്ടവകാശം ലഭിച്ചിരുന്നില്ല. ഇത് ചെറിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു.

തുടര്‍ന്ന് അധികൃതര്‍ ഗോത്രപ്രമുഖരുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് വിവാദം കെട്ടടങ്ങിയത്. ഈ പശ്ചാത്തലത്തിലാണ് ശൂറാ കൗണ്‍സിലിന്റെ ആദ്യ സമ്മേളനത്തില്‍ തന്നെ പൗരത്വനിയമം ഭേദഗതി ചെയ്യാനുള്ള തീരുമാനം അമീര്‍ പ്രഖ്യാപിച്ചത്.

രാജ്യ താല്‍പര്യങ്ങള്‍ക്കുപരിയായി ഗോത്ര താല്‍പര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതിനെ അമീര്‍ തന്നെ പ്രസംഗത്തില്‍ വിമര്‍ശിച്ചിരുന്നു. തെറ്റായ രീതിയിലുള്ള ഗോത്ര അഭിനിവേശം രാജ്യത്തിന്റെ ഐക്യത്തിനെയും സുരക്ഷയെയും പ്രതികൂലമായി ബാധിക്കുമെന്ന് അമീര്‍ കുറ്റപ്പെടുത്തുകയുമുണ്ടായി.

പൗരത്വം കേവലം നിയമപ്രശ്‌നമല്ലെന്നും അവകാശത്തിന്റേയും ഉത്തരവാദിത്തത്തിന്റേയും പ്രശ്‌നമാണെന്നും ഓര്‍മിപ്പിച്ച ഖത്തര്‍ ഭരണാധികാരി, പൗരത്വമെന്നത് രാജ്യവുമായി നേരിട്ട് വ്യക്തികള്‍ക്കുണ്ടാവേണ്ട ബന്ധമാണെന്നാണും വ്യക്തമാക്കി.

തുല്യ പൗരത്വം ലക്ഷ്യമിട്ടുള്ള നിയമഭേദഗതി തയ്യാറാക്കി കൗണ്‍സിലിന്റെ അംഗീകാരത്തിന് അയയ്ക്കുമെന്നും അതിന് മന്ത്രിസഭയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അമീര്‍ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മന്ത്രിസഭായോഗം പൗരത്വ നിയമഭേദഗതിക്കായുള്ള നടപടിക്രമങ്ങളിലേക്ക് കടന്നത്.

qatar news
Advertisment