ഏറിയാൽ ഒരാഴ്ച ആരുമറിയാതെ സജിതയെ മുറിയിലൊളിപ്പിക്കുകയായിരുന്നു  മനസ്സിലുണ്ടായിരുന്ന വെല്ലുവിളി; ആ ഒരാഴ്ച നീണ്ട്, നീണ്ടുനീണ്ട് കടന്നുപോയതു 10 വർഷം! റഹ്‌മാന്‍ പറയുന്നു

New Update

പാലക്കാട്: നെന്മാറയില്‍ 10 വര്‍ഷം ആരുമറിയാതെ കാമുകന്റെ വീട്ടില്‍ ഒളിച്ചുകഴിഞ്ഞ യുവതിയുടെ കഥ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നീണ്ട കാത്തിരിപ്പിനൊടുവിൽ പകൽവെട്ടത്തിൽ, മനുഷ്യർക്കു മുന്നിൽ കൈകോർത്തു നിൽക്കുന്ന സജിതയുടെ കണ്ണുകളിലെ നക്ഷത്രത്തിളക്കം വിളിച്ചു പറയുന്നുണ്ട് കുടുസ്സുമുറിയിലെ ഇത്തിരി വട്ടത്തിൽ ദശാബ്ദക്കാലം നേരിട്ട വെല്ലുവിളികൾ, സങ്കടങ്ങൾ, കൊച്ചുകൊച്ചു സന്തോഷങ്ങൾ.

Advertisment

publive-image

രഹസ്യമായി വിവാഹം കഴിച്ച് പാലക്കാട് നെന്മാറ അയിലൂരിലെ സ്വന്തം വീട്ടിൽ കുടുംബാംഗങ്ങൾ പോലുമറിയാതെ ഇക്കാലമത്രയും താമസിച്ച റഹ്മാനും ഭാര്യ സജിതയും ഓർമിച്ചെടുക്കുകയാണ് സമ്മർദങ്ങളെയും പ്രതിസന്ധികളെയും പ്രണയം കൊണ്ട് അതിജീവിച്ച കാലം.

കഷ്ടിച്ചു 100 മീറ്ററാണ് റഹ്മാന്റെയും സജിതയുടെയും വീടുകൾ തമ്മിൽ അകലം. ഇടയ്ക്ക് നാലോ അഞ്ചോ വീടുകൾ മാത്രം. നാലുമക്കളിൽ ഇളയവനാണു റഹ്മാൻ. മൂത്ത സഹോദരനും തൊട്ടുതാഴെ രണ്ടു സഹോദരിമാരും.

സജിതയ്ക്ക് ഒരു ചേച്ചിയും അനുജത്തിയും. എല്ലാവരും ഒരുമിച്ചു കളിച്ചു വളർന്നവർ. 4 വയസ്സ് വ്യത്യാസമുണ്ട് ഇരുവരും തമ്മിൽ. പഠനത്തിൽ പിന്നോട്ടായതുകൊണ്ട് റഹ്മാനും കാൽമുട്ടിലെ വിട്ടുമാറാത്ത വേദനമൂലം നടക്കാൻ ബുദ്ധിമുട്ടു വന്നതോടെ സജിതയും ഒൻപതാം ക്ലാസിൽ പഠനം നിർത്തി.

സജിതയുടെ പഠനകാലം കഴിഞ്ഞതോടെ ഇരുവർക്കും ഒന്നിച്ചിരിക്കാൻ കൂടുതൽ സമയം കിട്ടി. കളിക്കൂട്ടുകാർ പ്രണയത്തിലായി.

റഹ്മാന്റെ ചേച്ചിയാണ് ഇരുവരുടെയും അടുപ്പം ആദ്യം അറിഞ്ഞത്. ഇരു വീടുകളിലും പ്രശ്നമായതോടെ തമ്മിൽ കാണുന്നതിനു വിലക്കു വന്നു.  ഇരുവരും വീണ്ടും കണ്ടു. 18 വയസ്സ് തികഞ്ഞപ്പോൾ ഒരു ദിവസം സജിത നെല്ലിക്കുളങ്ങരക്കാവിൽ ചെന്ന് ഒരു താലി പൂജിച്ചു വാങ്ങി.

2009 മേയ് 10ന് ആരുമില്ലാത്തൊരു ഉച്ചനേരത്ത് അതേ കാവിലെത്തി റഹ്മാൻ താലി സജിതയുടെ കഴുത്തിൽ ചാർത്തി. ആഴ്ചയിൽ 500 രൂപ അടയ്ക്കുന്ന എൽഐസി പോളിസി തുടങ്ങിയിരുന്നു റഹ്മാൻ. അതിൽ ഒരു തുകയാകുമ്പോൾ വാടകവീടെടുത്ത് ഒന്നിച്ച് താമസം തുടങ്ങുന്നതിനെക്കുറിച്ച് അന്നുമുതൽ ഇരുവരും സ്വപ്നം കണ്ടു.

ഇതിനിടെ, ചേച്ചിയുടെ വിവാഹം ഉറപ്പിച്ചതിനു പിന്നാലെ സജിതയ്ക്കും ആലോചനകൾ വന്നുതുടങ്ങി. വീട്ടിൽ തുടരാനാകില്ലെന്നു ബോധ്യമായതോടെ 2010 ഫെബ്രുവരി 2ന് രാത്രി 4 ജോഡി വസ്ത്രങ്ങളുമെടുത്ത് സജിത റഹ്മാന്റെ വീട്ടുമുറ്റത്തെത്തി.

ആരുമറിയാതെ റഹ്മാൻ അകത്തു കയറ്റി. ഏറിയാൽ ഒരാഴ്ച ആരുമറിയാതെ സജിതയെമുറിയിലൊളിപ്പിക്കുകയായിരുന്നു അപ്പോൾ മനസ്സിലുണ്ടായിരുന്ന വെല്ലുവിളി. ആ ഒരാഴ്ച നീണ്ട്, നീണ്ടുനീണ്ട് കടന്നുപോയതു 10 വർഷം!

‘ഓരോ ദിവസവും ഉറങ്ങാൻ കിടക്കുന്നത് നാളെ ഇവളെയും കൂട്ടി പുറത്തുകടക്കാനാകുമോ എന്നു ചിന്തിച്ചാണ്’ – റഹ്മാൻ പറയുന്നു.

റഹ്മാന്റെ സഹോദരൻ വളരെ മുൻപേ വിവാഹശേഷം മാറിത്താമസിച്ചു. ചേച്ചിമാരിൽ ആദ്യത്തെയാൾ അവിവാഹിതയാണ്.

രണ്ടാമത്തെയാളുടെ ആദ്യ ഭർത്താവ് മരിച്ചതോടെ രണ്ടാമതു വിവാഹം കഴിച്ചയച്ചു. ആദ്യ വിവാഹത്തിലെ കുട്ടി ഇവർക്കൊപ്പമുണ്ട്. കൂലിപ്പണിക്കാരാണു മാതാപിതാക്കൾ.

മുറിയിൽ സജിത എത്തിയതോടെ റഹ്മാന്റെ ഓരോ നിമിഷങ്ങളും സമ്മർദങ്ങളുടേതായിരുന്നു. ചിലപ്പോഴൊക്കെ പെരുമാറ്റം വിചിത്രമായി തോന്നിയ വീട്ടുകാർ, സജിത കൈവിഷം നൽകിയതു കൊണ്ടാണു മകനു മാറ്റങ്ങളുണ്ടായതെന്നു സംശയിച്ചു.

ഒറ്റപ്പാലത്തിനടുത്തൊരു ഉൾഗ്രാമത്തിലുള്ള മന്ത്രവാദിയുടെ അടുത്തെത്തിച്ചു. അയാൾ ചില പച്ചമരുന്നുകൾ നൽകി. രാവിലെ ഈ മരുന്നുകളും അൽപം പഞ്ചസാരയും കഴിച്ചാൽ കൈവിഷം പുറത്തുവരുമെന്നായിരുന്നു വാദം.

ദിവസങ്ങളോളം മറ്റു ഭക്ഷണങ്ങൾ നൽകിയില്ല. ഈ ദിവസങ്ങളിൽ സജിതയും പട്ടിണിയായി. ദിവസം മുഴുവൻ തലവേദനയും ഛർദ്ദിയുമായി ആകെ ക്ഷീണിച്ച റഹ്മാൻ പ്രതികരിച്ചു തുടങ്ങിയതോടെ മാനസികരോഗിയാക്കി. ഒരു ദിവസത്തേക്കു മാനസിക രോഗാശുപത്രിയിലുമാക്കി.

‘ചികിത്സ’ വൈകാതെ അവസാനിപ്പിച്ചെങ്കിലും, വീട്ടിലെത്തി ആദ്യ കാലങ്ങളിൽ ഇതിന്റെ പേരിലുള്ള വഴക്കുകൾ തുടർക്കഥയായിരുന്നെന്നു സജിത ഓർക്കുന്നു.

വീട്ടിലെല്ലാവരും കഴിച്ച ശേഷം ചോറും അച്ചാറും മാത്രമാണു ഭക്ഷണമായി നൽകുക. ഇതു സജിതയുമായി പങ്കിടും. അർധപട്ടിണിയുടെ നാളുകൾ. ഇടയ്ക്കിടെ മന്ത്രവാദി വീട്ടിലെത്തി റഹ്മാന്റെ മുറിയിലുള്ള ദുഷ്ടശക്തിയെ പുറത്താക്കാൻ ‍വീടിന്റെ നാലു കോണിലും മന്ത്രിച്ച തകിടുകൾ കുഴിച്ചിടുന്നതിനും ആഭിചാര ക്രിയകൾ നടത്തുന്നതിനുമൊക്കെ മുറിക്കുള്ളിലിരുന്നു സജിത സാക്ഷിയായി.

rahman and sajitha
Advertisment