ഡല്‍ഹി: മുന്‍ ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് എതിരായ ലൈംഗിക ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന തള്ളിക്കളയാനാകില്ലെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി. റിട്ടയേര്‍ഡ് ജസ്റ്റിസ് എ.കെ പട്നായിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് സുപ്രീംകോടതി. അതേസമയം, വിഷയത്തില്‍ തുടരന്വേഷണം വേണ്ടെന്ന് തീരുമാനിച്ച കോടതി ഗൂഢാലോചന കേസിലെ നടപടികള്‍ അവസാനിപ്പിച്ചു.
ഗൂഢാലോചന സാധ്യത തള്ളിക്കളയുന്നില്ലെങ്കിലും അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണെന്നതില്‍ ഒരു വ്യക്തതയും വരുത്താതെയാണ് മുന്‍ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗിക ആരോപണത്തിന്മേലുള്ള നടപടികള്‍ സുപ്രീംകോടതി അവസാനിപ്പിക്കുന്നത്.
ചീഫ്ജസ്റ്റിസ് എന്ന നിലയില്‍ ഭരണതലത്തിലും ജുഡീഷ്യല്‍ തലത്തിലും സ്വീകരിച്ച കര്‍ശന നടപടികള്‍ ഗൂഢാലോചനയ്ക്ക് കാരണമായിട്ടുണ്ടാകാമെന്ന് ജസ്റ്റിസ് എ.കെ പട്നായികിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നതായി കോടതി അറിയിച്ചു. അസം എന്‍.ആര്‍.സി വിഷയത്തില്‍ ജസ്റ്റിസ് ഗൊഗോയി കര്‍ശന നിലപാടാണ് സ്വീകരിച്ചിരുന്നത്.
ഇത് നിരവധി പേര്‍ക്ക് അതൃപ്തിയുണ്ടാക്കിയിട്ടുണ്ടെന്ന ഇന്‍റലിജന്‍സ് ബ്യൂറോയുടെ കത്തും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രോണിക്സ് തെളിവുകള്‍ ഉള്‍പ്പെടേ പരിശോധിക്കാന്‍ പട്നായിക്ക് സമിതിക്ക് കഴിഞ്ഞിട്ടില്ല.
ആരോപണം ഉന്നയിക്കപ്പെട്ട് രണ്ട് വര്‍ഷം കഴിഞ്ഞു എന്നതുകൂടി പരിശോധിക്കുമ്പോള്‍ വിഷയത്തില്‍ തുടരന്വേഷണം നടത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് ഗൂഡാലോചന കേസ് അവസാനിപ്പിക്കാനും എ.കെ പട്നായിക്കിന്‍റെ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സൂക്ഷിക്കാനും കോടതി ഉത്തരവിട്ടു.