Advertisment

മലയാളത്തിൻ്റെ സാഹിത്യ സൗന്ദര്യം തുടിക്കുന്ന ആ പുണ്യ പുരാണ ഗ്രന്ഥം പാരായണം ചെയ്യുവാനായി പല രീതികളുണ്ട്...രാമായണ പാരായണം എങ്ങനെ?: കർക്കിടക വിചാരം - സിപി കുട്ടനാടൻ എഴുതുന്നു

author-image
admin
Updated On
New Update

മലയാള ഭാഷാ പിതാവ് തുഞ്ചത്ത് ആചാര്യൻ്റെ രാമായണക്കിളി പാടുവാൻ തുടങ്ങുകയാണ്. കേരളഭാഷാഗാനമാണ് ആദ്ധ്യാത്മ രാമായണം കിളിപ്പാട്ട്. മലയാളത്തിൻ്റെ സാഹിത്യ സൗന്ദര്യം തുടിക്കുന്ന ആ പുണ്യ പുരാണ ഗ്രന്ഥം പാരായണം ചെയ്യുവാനായി പല രീതികളുണ്ട്. അക്കാദമിക താത്‌പര്യം മുൻനിറുത്തി മലയാള ഭാഷയുടെ ചാരുതയെപ്പറ്റി പഠിക്കുവാനായി ഒരു വ്യക്തിക്ക് രാമായണം വായിക്കാം.

Advertisment

അതുപോലെ തന്നെ ഭാഷാശുദ്ധി ലാക്കാക്കിയും രാമായണം വായിക്കാം. എന്നാൽ കർക്കിടകത്തിൽ പൊതുവെ രാമായണം വായിക്കുന്നത് ഭക്തിയും മോക്ഷവും ആത്മീയമായ തൃപ്തിയും ലക്ഷ്യമിട്ടാണ്. അങ്ങനെ ആത്മീയമായ തൃപ്തി ലക്ഷ്യമിട്ടു വായന ആരംഭിക്കുമ്പോൾ ചില സാമ്പ്രദായിക ചിട്ടവട്ടങ്ങൾ പാലിക്കേണ്ടത് അനിവാര്യമാണ്. ഹൈന്ദവ ഭാവനങ്ങളെല്ലാം തന്നെ ഇത്തരം കീഴ്വഴക്കങ്ങൾ പിന്തുടരാറുണ്ട്.

publive-image

ആദ്യമായി വേണ്ടത് ഒരു ഉറച്ച തീരുമാനമാണ് എന്തുവന്നാലും കർക്കിടക മാസത്തിലെ 32 ദിവസവും താൻ രാമായണം വായിച്ചിരിക്കും എന്ന തീരുമാനം. രണ്ടാമതായി വേണ്ടത് ആദ്ധ്യാത്മരാമായണം യുദ്ധകാണ്ഡം വരെ താൻ വായിച്ചു തീർത്തിരിക്കും എന്നുള്ളതാണ് (തുടക്കക്കാർക്കിത് ബുദ്ധിമുട്ടായിരിക്കും എങ്കിലും പരിശ്രമിച്ചാൽ വിജയമുണ്ടാകും).

അടുത്തതായി വേണ്ടത് ഒരു വൃതം ഇതിനായി താൻ സ്വീകരിക്കുന്നു എന്നുള്ളതാണ്. അതായത് മത്സ്യ മാംസാഹാരാദികളും ക്ഷൗരവും ഉപേക്ഷിച്ച് ശുദ്ധിയോടെയും നിഷ്ഠയോടെയും കർക്കിടകമാസത്തെ സത്കർമങ്ങളാൽ സമ്പന്നമാക്കും എന്നുള്ള ദൃഢമായ വൃതം. ഇത്രയുമായാൽ പിന്നെ വേണ്ടത് കർക്കിടകം ഒന്നാം തീയതി പുലർച്ചെ രാമായണം ആരംഭിക്കുവാനുള്ള സാധന സാമഗ്രികൾ തയ്യാറാക്കുക എന്നതാണ്.

അതൊക്കെ നിസ്സാരമായ കാര്യങ്ങളാണ്. മിഥുനത്തിലെ സംക്രാന്തി ദിവസം തന്നെ നിലവിളക്ക് ഭംഗിയായി തേച്ചുമിനുക്കി വയ്ക്കുക. വിളക്കത്ത് വയ്ക്കുവാനുള്ള അവൽ, മലർ, കൽക്കണ്ടം, ഉണക്കമുന്തിരി, ശർക്കര, പഴം എന്നിവ തയ്യാറാക്കി വയ്ക്കുക. ശേഷം നന്നായി ഉറങ്ങി കർക്കിടക പുലരിയിൽ കാലേകൂട്ടി ഉണരുക. പ്രഭാത കർമങ്ങൾ ചെയ്തു ആഹാരമോ വെള്ളമോ കഴിക്കാതെ കുളിച്ചു ശുദ്ധമായി പുഷ്പങ്ങൾ കൊണ്ടുവന്ന് വിളക്ക് കത്തിച്ചു വാഴയിലയിലോ തളികയിലോ ഗണപതിയൊരുക്ക് തയ്യാറാക്കുക. ശേഷം സരസ്വതീ പീഠത്തിൽ വച്ചിരിക്കുന്ന ആദ്ധ്യാത്മരാമായണ ഗ്രന്ഥത്തെ കർപ്പൂരമുഴിഞ്ഞു പൂവിട്ട് പൂജിച്ചു വന്ദിച്ചു. വിളക്കിനു മുന്നിലായി ഒരു പായയോ ചെറിയ പീഠമോ ഇട്ടു ഇരിക്കുക.

ആദ്യമായി ഗണപതിയെ വന്ദിക്കുന്ന ശ്ലോകത്തോടെ ആരംഭിക്കുക. പിന്നെ സരസ്വതീ വന്ദനം ഗുരുനാഥ വന്ദനം എന്നിങ്ങനെ പ്രാദേശികമായ ക്രമത്തിൽ വന്ദിക്കുക. ശേഷം തന്നെ അക്ഷരം പഠിപ്പിച്ച കൂട്ടിവായിക്കുവാൻ പഠിപ്പിച്ച ഗുരുക്കന്മാരെ ഒരു നിമിഷം സ്മരിക്കുക. അക്ഷര തെറ്റില്ലാതെ ഈ ഗ്രന്ഥം മുഴുവൻ വായിച്ചു തീർക്കുവാൻ അനുവദിക്കണേ എന്ന് പ്രാർത്ഥിക്കുക. ശേഷം തൻ്റെ പൂർവ സൂരികളായ പിതൃക്കളെ സ്മരിക്കുക. മരണപ്പെട്ട അപ്പനപ്പൂപ്പന്മാരെ മനസ്സിൽ ധ്യാനിച്ച് അനുഗ്രഹം തേടുക. ശേഷം ഹനുമാൻ സ്വാമിയുടെ അനുഗ്രഹം തേടുക. കാരണം രാമായണ പാരായണം തുടങ്ങിയാൽ സാക്ഷാൽ രാമഭക്ത ഭജ്‌രംഗസ്വാമി അത് കേൾക്കുവാനായി അടുത്തുണ്ടാകും. അതിനാൽ ഹനുമാൻ സ്വാമിയുടെ അനുഗ്രഹം അത്യന്താപേക്ഷിതമാണ്. അടുത്തതായി ശേഷം ആദ്ധ്യാത്മ രാമായണം മൂല ഗ്രന്ഥ കർത്താവായ വേദവ്യാസ മഹാകവിയെ വന്ദിക്കുക അതിനായി

"വ്യാസായ വിഷ്ണു രൂപായ വ്യാസരൂപായ വിഷ്ണവേ

നമോ വൈ ബ്രഹ്മനിധയേ വാസിഷ്ഠായ നമോ നമഃ"

എന്ന ശ്ലോകമാണ് പൊതുവെ ഉപയോഗിച്ച് പോരുന്നത്.  

അടുത്തതായി പ്രസിദ്ധമായ രാമായണം മൂല ഗ്രന്ഥ കർത്താവായ മഹാകവി വാത്മീകിയെ വന്ദിക്കുക. അതിനായി

"കൂജന്തം രാമ രാമേതി മധുരം മധുരാക്ഷരം

ആരുഹ്യ കവിതാ ശാഖാം വന്ദേ വാത്മീകി കോകിലം"

എന്ന ശ്ലോകമാണ് പൊതുവെ ഉപയോഗിച്ച് പോരുന്നത്. അടുത്തതായി ആദ്ധ്യാത്മ രാമായണം കിളിപ്പാട്ട് രചിച്ച തുഞ്ചത്ത് ആചാര്യനെ വന്ദിക്കുക. അതിനായി 

"സാനന്ദരൂപം സകലപ്രബോധം

ആനന്ദദാനാമൃത പാരിജാതം

മനുഷ്യപത്മേഷു രവിസ്വരൂപം

പ്രണാമി തുഞ്ചത്തെഴുമാര്യപാദം"

എന്ന ശ്ലോകമാണ് പൊതുവെ ഉപയോഗിച്ച് പോരുന്നത്. ശേഷം ശബ്ദധ്വനികൾ ഇടമുറിയാതിരിക്കുവാനായി ഇടയ്ക്കിടെ   

"ഹരേരാമ ഹരേരാമ

രാമ രാമ ഹരേ ഹരേ

ഹരേ കൃഷ്ണ ഹരേ കൃഷ്ണ

കൃഷ്ണ കൃഷ്ണ ഹരേ ഹരേ"

എന്ന് ജപിച്ചുകൊണ്ടേയിരിക്കുക. എന്നുവച്ചാൽ രാമായണ ഗ്രന്ഥം എടുക്കുന്ന വേളയിലും മറ്റൊരാൾക്ക് വായന കൈമാറുന്ന വേളയിലും താളുകൾ മറിക്കുന്നതിനിടയിലും നിറുത്തുകൾ വരുമ്പോഴും ഈ മന്ത്രം ജപിച്ചുകൊണ്ടേയിരിക്കുക. ഇനി രാമായണം തുറന്നിട്ട് ബാലകാണ്ഡം എടുക്കുക അവിടെ "ഹരിശ്രീ ഗണപതയെ നമഃ അവിഘ്നമസ്തു" എഴുതിയിരിക്കുന്നത് വായിക്കുക ഇതോടെ നിങ്ങൾ രാമായണ പാരായണം ആരംഭിച്ചിരിക്കുന്നു.

ഒരു രാഗവും ഈണവുമൊക്കെ നൽകുവാൻ ശ്രമിക്കുക തുടക്കക്കാരാണെങ്കിൽ വലിയ ബുദ്ധിമുട്ട് തോന്നുമെങ്കിലും പോകെപ്പോകെ എല്ലാം ശരിയാകും. രാമായണം കിളിപ്പാട്ട് വായിച്ചു ശീലിച്ചാൽ മലയാള ഭാഷാപരമായ ഒരു മേന്മ നമ്മുടെ മസ്തിഷ്കത്തിൽ രേഖപ്പെടുത്തപ്പെടും. പലവട്ടം വായിച്ചെങ്കിൽ മാത്രമേ നമുക്ക് പലതും പിരിച്ചു വായിക്കുവാനും ചേർത്ത് വായിക്കുവാനുമൊക്കെയുള്ള അറിവ് ലഭിക്കൂ. മാത്രമല്ല മലയാളവാക്കുകളുടെ ഒരു സമുദ്രം നമുക്ക് കാണാനാകും. സർവോപരി രാമായണ കഥാ സന്ദർഭങ്ങളിലൂടെയുള്ളൊരു യാത്ര. ഒരു സിനിമ കാണുന്നതുപോലെ നമുക്ക് അനുഭവ വേദ്യമാകും. ആദ്യമൊക്കെ അർഥം മനസ്സിലാക്കാൻ പ്രയാസപ്പെടുമെങ്കിലും അതൊക്കെ തരണം ചെയ്യപ്പെടും. അതിനാൽ ഏവരും രാമായണം പാരായണം ചെയ്യുക. നമ്മുടെ മലയാള ഭാഷയുടെ സാംസ്കാരിക പൈതൃകം എത്രമാത്രം ഉന്നതമായിരുന്നു എന്ന് നേരിട്ട് മനസിലാക്കുക. രാമനെ മനസിലാക്കുക. സീതയെ മനസിലാക്കുക. ആത്യന്തികമായി ഭാരത ഭൂമിയെ മനസിലാക്കുക.

ജയ് ഭജ്‌രംഗ്‌ബലി  

Advertisment